- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഫോൺ കോളിൽ മിനിട്ടുകൾക്കകം100 പേരെ എത്തിക്കാനുള്ള ഗുണ്ടാവൈഭവം; സ്ക്കൂളിലെ തല്ല് കേസ് കുട്ടിച്ചാത്തനെന്ന വിളിപ്പേരു നൽകി; ചങ്ങാതിമാർക്ക് വേണ്ടി ചങ്ക് പറിച്ചു നൽകും; സി പി എമ്മിന് വേണ്ടി വാളെടുത്തതോടെ കൊലക്കേസിലും പ്രതി; തോക്ക് ഷാജിയുമായി ഏറ്റുമുട്ടി ശക്തി കാട്ടിയെങ്കിലും കഞ്ചാവ് കേസിൽ കൂട്ടത്തിലെ ചതി വിനയായി; അഴിക്കുള്ളിലായ കുട്ടിച്ചാത്തൻ അരുണിന്റെ കഥ
തിരുവനന്തപുരം. ശ്രീകാര്യത്ത് ആർഎസ്എസ് പ്രവർത്തകനെ വെട്ടി കൊന്ന കേസിൽ പ്രതിയാകുകയും മറ്റ് പ്രതികളെ ഒളിവിൽ താമസിപ്പിക്കുകയും ചെയ്തതോടെയാണ് കുട്ടിച്ചാത്തൻ അരുണിന്റെകുപ്രസിദ്ധി കാട്ടാക്കടയും കടന്ന് അറിഞ്ഞ് തുടങ്ങിയത്. സ്കൂൾ പഠന കാലത്ത് പാവമായിരുന്ന അരുൺ ഒരു തല്ല് കേസിൽപ്പെട്ടതോടെയാണ് ജീവിതം മാറി മറിഞ്ഞത്. ഉറ്റ ചങ്ങാതിയെ തല്ലിയ വരെ തിരിച്ചു തല്ലിയ അരുണിന്റെ അന്നത്തെ പ്രകടനം കണ്ട് സഹപാഠികൾ വിളിച്ച വട്ടപ്പേരാണ് കുട്ടിച്ചാത്തൻ.
കുട്ടിച്ചാത്തനെ വെല്ലുന്ന വൈഭവത്തിൽ അഞ്ചോ ആറോ പേരെ അരുൺ ഒറ്റയ്ക്ക് നേരിടുകയായിരുന്നു. അങ്ങനെയാണ് കുട്ടിച്ചാത്തൻ എന്ന പേര് ചാർത്തപ്പെട്ടത്. ചങ്ങാതിമാർക്ക് വേണ്ടി ചങ്ക് പറിച്ചു കൊടുക്കുന്ന അരുൺ ആദ്യ കാലത്ത് അടിപിടി നടത്തിയത് ഏറെയും കൂട്ടുകാർക്ക് വേണ്ടി തന്നെയായിരുന്നു. കുട്ടുകാർ പറയുന്ന ഏത് ആവിശ്യവും നടത്തി കൊടുത്തിരുന്ന കുട്ടിച്ചാത്തന് ഇവർക്ക് മുന്നിൽ താരപരിവേഷം തന്നെയായിരുന്നു.
പിന്നീട് അടിപിടി കേസിലും ചെറിയ കഞ്ചാവ് കേസുകളിലും പെട്ടതോടെ നാട്ടിലെ സാമൂഹ്യ വിരുദ്ധ ശൃംഖലയിലെ പ്രധാന കണ്ണിയായി കുട്ടിച്ചാത്തൻ അരുൺ മാറി. ഇതിനിടയിൽ ഡി വൈ എഫ് ഐ യിൽ അംഗമായി. കേസുകളിൽ പാർട്ടി സഹായം കിട്ടിയതോടെ ആത്മവിശ്വാസം കൂടി. നാട്ടിലെ യൂത്ത് കോൺഗ്രസുകാർക്കെതിരെയും ബിജെപി ക്കാർക്കെതിരെയും അടിപിടി ഉണ്ടാവുമ്പോൾ ഡി വൈ എഫ് യെ നയിക്കുന്നത് കുട്ടിച്ചാത്തൻ അരുൺ തന്നെയാവും. വീട്ടുകാർക്കും നാട്ടുകാർക്കും തലവേദനയായതോടെയാണ് കുട്ടിച്ചാത്തൻ അരുൺ ഇടയ്ക്ക് മര്യാദ രാമന്റെ കുപ്പായമിട്ടു.
ഡ്രൈവിങ് പഠിച്ച് ഓട്ടോറിക്ഷയെടുത്തു. പിന്നീടാണ് മെഡിക്കൽ കോളേജിൽ ഓട്ടോറിക്ഷ ഡ്രൈവറായി പോകുന്നത്. മെഡിക്കൽ കോളേജിൽ എത്തിയതോടെ നഗരത്തിലെ ഗുണ്ടാസംഘങ്ങളുമായി സൗഹൃദത്തിലായി. കൂടാതെ സി പി എം നേതാക്കളുമായും ബന്ധം സ്ഥാപിച്ചു. നാട്ടിൽ ഡി വൈ എഫ് ഐ പ്രവർത്തകനായി ഏറെ നാൾ ഉണ്ടായിരുന്ന അരുൺ ആ ബന്ധം ഉപയോഗപ്പെടുത്തി സിറ്റിയിലെ നേതാക്കളുമായും അടുത്തു. തുടർന്ന് പാർട്ടിക്കു വേണ്ടിയും ചില അടിപിടി കളിൽ പ്പെട്ടിട്ടുണ്ട്. ഇതിനിടയിലാണ് ശ്രീകാര്യത്തെ ആർഎസ്എസ് പ്രവർത്തകനെ വകവരുത്തിയ കേസിൽ പ്രതിയാകുന്നത്.
കേസിൽ അഞ്ചാം പ്രതിയായ കുട്ടിച്ചാത്തൻ മറ്റു പ്രതികളെ കാട്ടാക്കട കല്ലാമത്തുകൊണ്ട് വന്ന് ഒളിവിൽ താമസിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ് പൊലീസ് മറ്റ് പ്രതികളെ പിടികൂടിയത്. ശ്രീകാര്യം കൊലക്കേസിൽ പ്രതിയായതോടെ നാട്ടിലും വലിയ ക്വട്ടേഷനുകൾ കുട്ടിച്ചാത്തൻ ഏറ്റെടുത്ത് തുടങ്ങി. ഒരു ഫോൺ കോളിൽ 100 പേരെ മിനിട്ടുകൾക്കുള്ളിൽ എത്തിക്കാനുള്ള ബന്ധങ്ങൾ കുട്ടിച്ചാത്തന് ഉണ്ട്. ഗുണ്ടാപ്പണിക്ക് പുറമെ കാട്ടാക്കട മേഖലയിലെ കഞ്ചാവ് വിൽപ്പനയുടെ കിംഗായും കുട്ടിചാത്തൻ മാറി. ചുരുങ്ങിയ കാലം കൊണ്ടായിരുന്നു വളർച്ച.
കാട്ടാക്കട ,ആര്യനാട് , നെയ്യാർഡാം ,ആര്യങ്കോട് ,പൊലീസ് പരിധിയിലെ കഞ്ചാവ് വിൽപ്പന നിയന്ത്രിക്കുന്നതും കഞ്ചാവ് എത്തിച്ചു നൽുന്നതും കുട്ടിച്ചാത്തനായി. ഇതിനിടെ കോട്ടൂർ നെല്ലിക്കുന്നിലെ കഞ്ചാവ് മാഫിയ പൊലീസിനെ ആക്രമിച്ച കേസിലും കുട്ടിച്ചാത്തൻ പെട്ടു. കേസിൽ പ്രതിയായെങ്കിലും ഭരണ കക്ഷി സ്വാധീനം ഉപയോഗപ്പെടുത്തിയതു കാരണം അധികം തമസിക്കാതെ പുറത്തിറങ്ങാനായി.
നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടകളുമായി ചങ്ങാത്തം ഉണ്ടായിരുന്നതുകൊണ്ട് തന്നെ പല ഗുണ്ടകളും ഒളിത്താവളം ആക്കിയിരുന്നതും കളിക്കാട്ടെ കുട്ടിച്ചാത്തന്റെ വീടായിരുന്നു. കുട്ടിച്ചാത്തന്റെ മേഖലയിൽ കഞ്ചാവ് വിൽപ്പന നടത്തിയതിന് അടുത്തിടെ കുപ്രസിദ്ധ ഗുണ്ട തോക്ക് ഷാജിയുമായി കുട്ടിച്ചാത്തൻ ഇടഞ്ഞിരുന്നു. ജംഗ്ഷനിൽ ആൾക്കാൾ നോക്കി നിൽക്കെ ഇരുവരും ഏറ്റുമുട്ടി. തോക്ക് ഷാജിയുമായി ഏറ്റുമുട്ടിയതോടെ കുട്ടിച്ചാത്തൻ അരുണിന്റെ കുപ്രസിദ്ധി വീണ്ടും കൂടി.
ഇതിനിടയിലാണ് ഇപ്പോൾ എക്സൈസിന്റെ പിടിയിലായത്. രണ്ട് കിലോ കഞ്ചാവുമായി നെയ്യാറ്റിൻകര റേഞ്ച് ഇൻസ്പെക്ടർ അജീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് കുട്ടിച്ചാത്തനെ പിടികൂടിയത്. കൂടെയുള്ളവർ തന്നെ ഒറ്റിയതാണ് കുട്ടിച്ചാത്തൻ കുടുങ്ങാൻ കാരണമെന്ന് പറയപ്പെടുന്നു. എന്നാൽ പള്ളിച്ചൽ പ്രാവച്ചമ്പലം ഭാഗത്ത് നടത്തിയ പെട്രോളിംഗിനിടെ പ്രവാച്ചമ്പലം ജംഗ്ഷന് സമീപത്ത് വച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തതെന്ന് എക്സൈസ് സംഘം പറഞ്ഞു.
ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവും ഇയാൾ സഞ്ചരിച്ച ബജാജ് പൾസർ ബൈക്കും ഒരു മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തു. റേഞ്ച് ഇൻസ്പെക്ടർ അജീഷ് പെട്രോളിംഗിന് നേതൃത്വം നൽകി. പ്രീവന്റീവ് ഓഫീസർമാരായ ലോറൻസ്, വിപിൻ സാം സിവിൽ എക്സൈസ് ഓഫീസർമാരായ ടോണി, അനീഷ് , പ്രസന്നൻ, രഞ്ജിത്ത് ഡ്രൈവർ സുരേഷ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്