- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒന്നര വർഷം മുൻപ് അസ്ഫക് ആലം കേരളത്തിൽ എത്തി; വിവിധ സ്ഥലങ്ങളിൽ നിർമ്മാണ ജോലികൾ ചെയ്തു; മൊബൈൽ മോഷണ കേസിലും പ്രതി; ഇയാൾ ആലുവയിൽ എത്തിയതിന്റെ ഉദ്ദേശം കണ്ടെത്താൻ അന്വേഷണം; ബീഹാറീ പൊലീസിൽ നിന്നും വിവരങ്ങൾ തേടി; ആലുവയിലെ ക്രൂരതയ്ക്ക് പിന്നിൽ കൊടുംക്രിമിനൽ? അസ്ഫാകിന്റെ പശ്ചാത്തലം അജ്ഞാതം
കൊച്ചി: ആലുവയിലെ ക്രൂരതയ്ക്ക് പിന്നിൽ കൊടുംക്രിമിനലോ? വെള്ളിയാഴ്ച വൈകിട്ട് 5.30യോടെയാണ് കൊല നടത്തിയതെന്ന് പ്രതി അസ്ഫാക് പൊലീസിന് മൊഴി നൽകി. കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവ് സംഭവിച്ചിട്ടുണ്ട്. ശരീരത്തിലെ മറ്റ് മുറിവുകൾ ബലപ്രയോഗത്തിൽ സംഭവിച്ചതാണ്. ഗൂഢതകളൊളിപ്പിച്ച് മൊഴികൾ മാറ്റിപ്പറയുന്ന ഇയാൾ, മുൻപും സമാന രീതിയിൽ കുറ്റകൃത്യം ചെയ്തിരുന്നോയെന്ന സംശയം പൊലീസിനുണ്ട്. ദുരൂഹ സാഹചര്യത്തിൽ കാണാതായവരെ കുറിച്ചും ആ സ്ഥലങ്ങളിൽ ഇയാളുടെ സാന്നിധ്യമുണ്ടായിരുന്നോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്.
ഒന്നര വർഷം മുൻപാണ് അസ്ഫക് ആലം കേരളത്തിൽ എത്തിയത്. ഇയാൾ വിവിധ സ്ഥലങ്ങളിൽ നിർമ്മാണ ജോലികൾ ചെയ്തിട്ടുണ്ട്. കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതിയുമായി ബന്ധപ്പെട്ട് ഒരാൾ കൂടി കസ്റ്റഡിയിലുണ്ട്. അയാൾക്ക് കുറ്റത്തിൽ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. ഇന്നലെ വൈകുന്നേരം 5 നും അഞ്ചരയ്ക്കും ഇടയിലായിരുന്നു കൊലപാതകം. ആലുവയിൽ വന്നതിന്റെ ഉദ്ദേശ്യമെന്ത്..? ഇയാൾ ഒരു സ്ഥിരം കുറ്റവാളിയോ..? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. പിടിക്കപ്പെടാതിരിക്കാൻ തന്ത്രങ്ങളൊരുക്കിയിരുന്നു അസ്ഫാക്. ഇയാളെ കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ഇനിയും പൊലീസിന് സ്ഥിരീകരിക്കാൻ കഴിയുന്നില്ല.
ലഹരിക്ക് അടിമയായ ഇയാൾ കെട്ടിട നിർമ്മാണ തൊഴിലാളിയാണെന്നാണ് ഇവിടെ സുഹൃത്തുക്കളോട് പറഞ്ഞിരിക്കുന്നത്. എന്നാൽ, നാളുകളായി ആലുവ നഗരത്തിലൂടെ ഇയാൾ ചുറ്റിത്തിരിഞ്ഞ് നടന്നതായി പറയപ്പെടുന്നു. പൊലീസ് പിടികൂടുമ്പോൾ അങ്ങേയറ്റം ലഹരിയിലായിരുന്നു. ഇയാളുടെ വിവരങ്ങൾ അറിയാൻ ഫോൺ രേഖകൾ പരിശോധിച്ചു വരികയാണ്. സുഹൃത്തുക്കളേയും മറ്റും ചോദ്യം ചെയ്യാനാണ് തീരുമാനം. പ്രതി പിടിയിലായ ഉടൻ ബിഹാർ പൊലീസുമായി അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്. ഇയാളുടെ സ്റ്റേഷൻ പരിധിയിലും ജില്ലാ പൊലീസിനും വിവരങ്ങൾ കൈമാറിയിട്ടുണ്ട്. ഇവിടെ നിന്നും കിട്ടുന്ന വിവരങ്ങൾ അതിനിർണ്ണായകമാകും.
ആലുവയിൽ അഞ്ച് വയസ് പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്കിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അസ്ഫാക് ആലുവയിൽ വന്നിട്ട് മൂന്നുമാസമായെന്ന പ്രദേശവാസിയായ കടയുടമ ബിനു ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. രണ്ടുദിവസം മുൻപാണ് ഇയാൾ ആലുവയിൽ എത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്. സ്ഥിരമായി മദ്യപിക്കുന്ന അസ്ഫാക് ജോലിക്ക് പോകാറില്ല. എന്നും മദ്യപിച്ചെത്തി ബഹളം വെക്കും.വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെ തന്റെ കട വരാന്തയിൽ മദ്യപിച്ച് ബോധമില്ലാതെ അസഫാക് ഉണ്ടായിരുന്നുവെന്നും ബിനു സ്ഥിരീകരിച്ചു.
കുട്ടിയെ തട്ടിക്കൊണ്ടു പോയതിന് ശേഷമാണ് വന്നതെന്ന് അറിഞ്ഞിരുന്നില്ല. പിന്നീട് വാർത്തകൾ കണ്ടപ്പോൾ വിവരം പൊലീസിന് കൈമാറിയെന്നും ബിനു വിശദീകരിച്ചു. അസ്ഫാക് വെള്ളിയാഴ്ച ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നുവെന്നും ബിനു പറഞ്ഞു. രാവിലെ 11 മണിയോടെയാണ് ഡോക്ടറെ കണ്ടത്. മരുന്ന് കുറിപ്പടി ഇയാൾ തന്റെ കടവരാന്തയിലാണ് ഉപേക്ഷിച്ചിരുന്നതെന്നും ബിനു വിശദീകരിച്ചു. കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരി ക്രൂര പീഡനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പീഡനത്തിന് ശേഷം കുട്ടിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗത്തിലടക്കം മുറിവുണ്ട്. തലയിൽ കല്ലുകൊണ്ട് ഇടിച്ചതിന്റെ മുറിവുണ്ട്. കഴുത്തു മുറുക്കിയാണ് കൊലപാതകം നടത്തിയത്. കുട്ടിയുടെ വസ്ത്രം ഉപയോഗിച്ചാണ് കഴുത്തു മുറുക്കിയത്.
കുട്ടിയുടെ ദേഹം ആസകലം മുറിവുണ്ടന്നും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിന് നൽകിയ പ്രാഥമിക റിപ്പോർട്ടിലുണ്ട്. വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് പിന്നീട് നൽകും. മുക്കത്ത് പ്ലാസയിൽ വാടകയ്ക്കു താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശികളുടെ അഞ്ചുവയസുകാരിയായ മകളെയാണ് തട്ടിക്കൊണ്ടുപോയത്. ഇതേ കെട്ടിടത്തിൽ രണ്ടുദിവസം മുൻപ് താമസിക്കാനെത്തിയ അസ്ഫാക് എന്ന അസം സ്വദേശിയാണ് കൊലപാതകം നടത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന് സമ്മതിക്കാൻ അദ്യം അസ്ഫാക് തയ്യാറായില്ല.
സിസിടിവി പരിശോധിച്ചപ്പോൾ പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്നു ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോയതിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ആലുവ മാർക്കറ്റിനുള്ളിലെ ഒഴിഞ്ഞ പ്രദേശത്ത് നിന്നാണ് പതിനൊന്നരയോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചെളിയിൽ താഴ്ത്തി, ചാക്കിട്ടു മൂടി മുകളിൽ കല്ലു വച്ച നിലയിലായിരുന്നു മൃതദേഹം.
മറുനാടന് മലയാളി ബ്യൂറോ