- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനസിക അസ്വാസ്ഥ്യമുള്ള ബാപ്പയെ കാണാതായിട്ട് വർഷങ്ങൾ; വീട്ടുജോലി ചെയ്ത് മകളെ വളർത്തിയ ഉമ്മയുടെ ഏക പ്രതീക്ഷ; കണ്ണിലെ കൃഷ്ണമണി പോലെ നോക്കി വളർത്തിയ കുട്ടിയെ മാത്രമല്ല ഉമ്മയെയും മതപഠനശാല വിഷമിപ്പിച്ചു; അസ്മിയയുടെ മരണത്തിലെ ദുരൂഹത നീക്കാൻ പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: ബാലരാമപുരത്ത് മതപഠനശാലയിൽ 17 കാരിമരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കാൻ തിരുവനന്തപുരം റൂറൽ പൊലീസ് തീരുമാനിച്ചു. റൂറൽ എസ്പി. ഡി. ശിൽപ, നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. സ്പെഷ്യൽ ടീം നാളെ മുതൽ കേസ് അന്വേഷിച്ചു തുടങ്ങും.
പ്രിയപ്പെട്ട മകളുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് അസ്മിയയുടെ വീട്ടുകാർ. അസ്മിയയുടെ പിതാവ് മാനസിക അസ്വാസ്ഥ്യമുള്ള ആളായിരുന്നു.ഒരു ദിവസം പെട്ടെന്ന് പിതാവിനെ കാണാതായെങ്കിലും പിന്നീട് കണ്ടെത്താൻ കഴിഞ്ഞില്ല. പിതാവിനെ കണ്ടെത്താനായി ഈ കുടുംബം മുട്ടാത്ത വാതിലുകൾ ഇല്ല. കുടുംബത്തിന്റെ ഭാരം മുഴുവൻ അസ്മിയയുടെ അമ്മയുടെ തോളിലായിരുന്നു.
വീട്ടുജോലി ചെയ്താണ് അമ്മ മകളെ പഠിപ്പിച്ചത്. അമ്മയുടെ ഏക പ്രതീക്ഷയായിരുന്നു അസ്മിയ. മകൾക്ക് ഉന്നത ജോലി കിട്ടാൻനല്ല വിദ്യാഭ്യാസം നൽകാനാണ് അമ്മ ബാലരാമപുരത്തെ സ്ക്കൂളിൽ മകളെ എത്തിച്ചത്. മതപഠനത്തിനൊപ്പം സ്ക്കൂൾ വിദ്യാഭ്യാസം കൂടി നേടാൻ മകൾ പ്രാപ്തയാവട്ടെയെന്നുംഅമ്മ ധരിച്ചു. അതാണ് ബീമാപള്ളിയിൽ നിന്നും പഠനത്തിനായി മകളെ ബാലരാമപുരത്ത് എത്തിച്ചത്.
അനുസരണ ഇല്ലാത്തവളെന്ന് പറഞ്ഞ് പെൺകുട്ടിയെ സ്ഥാപനത്തിലെ ഉസ്താദും ടീച്ചറും അടക്കം മാനസികമായി പീഡിപ്പിച്ചിരുന്നു എന്നാണ് ബന്ധുക്കളുടെ ആരോപണം. മതപഠന കേന്ദ്രത്തിലെ പീഡനം സഹിക്കാൻ വയ്യാതെ പെൺകുട്ടി 'ഉമ്മാ, കൂട്ടിക്കൊണ്ടു പോകണേ' എന്നു കരഞ്ഞു വിളിച്ചു പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടി ദൂരുഹമായി മരിച്ചതും.
സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അസ്മിയക്ക് നീതി തേടി സൈബറിടങ്ങളിൽ ഹാഷ്ടാഗും ഉയർന്നിട്ടുണ്ട്.ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിലാണ് അസ്മിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ച തോറും വീട്ടിൽ വിളിക്കുന്നതാണ് അസ്മിയയുടെ പതിവ്. എന്നാൽ കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് അസ്മിയയുടെ വിളി എത്തിയില്ല.
ഇതോടെ അസ്മിയുടെ ഉമ്മ സ്ഥാപനത്തിലേക്ക് വിളിച്ചു. തിരിച്ചുവിളിച്ച അസ്മിയ തന്നെ കൂട്ടിക്കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ പറയുന്നത്. തനിക്ക് ഇവിടെ നിൽക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പെൺകുട്ടി വീട്ടുകാരോട് കൂട്ടിക്കൊണ്ടുപോകാൻ ആവശ്യപ്പെടുകയായിരുന്നു. സ്ഥാപനത്തിലെ ഉസ്lതാദും ടീച്ചറും വഴക്കുപറഞ്ഞെന്നാണ് കുട്ടി പരാതിപ്പെട്ടതെന്നും ബന്ധുക്കൾ പറയുന്നു. ഒന്നരമണിക്കൂർ കഴിഞ്ഞ് ഉമ്മ സ്ഥാപനത്തിലേക്ക് എത്തിയപ്പോളാണ് അസ്മിയ മരിച്ചതായി അറിയുന്നത്. ഇവിടുത്തെ അടുക്കളയുടെ ഭാഗത്തോടത്തായിരുന്നു അസ്മീയയെ കണ്ടെത്തിയതെന്ന് ബന്ധു ഇസ്മായേൽ വ്യക്തമാക്കി.
കുട്ടിക്ക് സുഖമില്ല എന്ന് പറഞ്ഞപ്പോഴാണ് ബാലരാമപുരത്തെ മതപഠനകേന്ദ്രത്തിൽ മാതാവ് ശനിയാഴ്ച എത്തിയത്. അധികൃതരെ വിളിച്ച് സംസാരിച്ചപ്പോഴാണ് കുട്ടിയെ കാണാൻ അനുമതി നൽകിയത്. മാതാവ് അസ്മിയയുടെ അടുത്ത് എത്തിയപ്പോൾ മുറിയിൽ വീണു കിടക്കുന്ന നിലയിലായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. തൂങ്ങിമരിച്ചതാണ് എന്നാണ് സ്ഥാപന അധികൃതർ പെൺകുട്ടിയുടെ മതാപിതാക്കളോട് പറഞ്ഞത്. കുട്ടിയെ മാതാവും ഒപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ അപ്പോഴേക്കും പെൺകുട്ടി മരിച്ചിരുന്നു.
അസ്മിയയുടെ മരണത്തിൽ സംശയമുണ്ടെന്നാണ് ബീമാപ്പള്ളി ഈസ്റ്റ് വാർഡ് കൗൺസിലർ അടക്കം ആരോപിക്കുന്നത്. വെള്ളിയാഴ്ച്ചകളിലാണ് ഇവിടെ മാതാപിതാക്കൾക്ക് മകളെ കാണാൻ അവസരം. മരിക്കുന്നതിന് മുമ്പ് മതപഠനകേന്ദ്രത്തിലെ അധികൃതരുമായി മാതാവ് ഫോണിലാണ് സംസാരിച്ചത്. നിങ്ങളുടെ മകൾക്ക് അനുസരണയില്ല. വലിയ സംസാരമാണ്. അവൾക്ക് ശരിക്കും ഞാൻ കൊടുത്തിട്ടുണ്ട്. നിങ്ങൾ കൊണ്ടുപോണെങ്കിൽ കൊണ്ട് പൊയ്ക്കോള്ളൂ എന്നാണ് അധികൃതർ പറഞ്ഞതെന്നുമാണ് ആരോപണം.
അസ്മീയ ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നത്. അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിയും നൽകി. ബന്ധുക്കളുടെ പരാതിയിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ബാലരാമപുരം പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടവും നടത്തി. അസ്മിയയുടെ മരണത്തിന്റെ കാരണം തേടി പ്രത്യേക അന്വേഷണ സംഘം നാളെ മതപാഠശാലയിൽ എത്തും. സ്ക്കൂളിന്റെ നടത്തിപ്പുകാരെയും അദ്ധ്യാപകരെയും ജീവനക്കാരെയും ചോദ്യം ചെയ്യും.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്