- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസവത്തിന് പിന്നാലെ അശ്വതിക്ക് വിശന്നു; കഞ്ഞി കുടിച്ച് ഉറങ്ങിയെങ്കിലും പുലർച്ചെ ജന്നിയും പിന്നാലെ മരണവും; അശ്വതി പിടഞ്ഞു മരിക്കുന്നതിന് സാക്ഷിയായി ഭർത്താവ് അനിലും പതിനേഴുകാരൻ മകനും; സർക്കാർ ആശുപത്രിയിലെ സൗജന്യ ചികിത്സയെ കുറിച്ച് അറിയില്ലെന്ന് കുറ്റസമ്മത മൊഴി; നാടിനെ നടുക്കിയ പ്രാകൃത രീതി ആരോഗ്യത്തിൽ നമ്പർ വണ്ണായ കേരളത്തിൽ
കൊല്ലം : വീട്ടിനുള്ളിൽ പ്രസവിക്കുകയും പിന്നാലെ അമ്മയും കുഞ്ഞും മരണപ്പെടുകയും ചെയ്ത സംഭവത്തിൽ പുറത്തുവരുന്ന വിവരങ്ങൾ ആരോഗ്യത്തിൽ നമ്പർ വണ്ണെന്ന് മേനിനടിക്കുന്ന കേരളത്തിന് തീരാ കളങ്കം. ഭർത്താവും മകനും ചേർന്ന് പ്രസവമെടുത്തതിനു പിന്നാലെ കൊല്ലം ചടയമംഗലം കള്ളിക്കാട് മണലയത്ത് ഏറത്ത് വീട്ടിൽ അശ്വതിക്കും (34) ആൺകുഞ്ഞിനുമാണ് ദാരുണാന്ത്യം സംഭവിച്ചത്.
പട്ടികജാതിക്കാരായ ഇവർ ഒറ്റപ്പെട്ട് താമസിച്ചിരുന്നതിനാൽ ആരും തേടിയെത്തില്ലെന്ന് ഇതോടെ വ്യക്തമാകുകയാണ്. പട്ടികജാതിക്കാർക്കായി ലക്ഷങ്ങൾ വാരിയൊഴുക്കുന്ന സംസ്ഥാനത്താണ് ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. സർക്കാർ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭിക്കുമെന്ന് അറിയില്ലായിരുന്നെന്നും സാമ്പത്തിക ബുദ്ധിമുട്ട് കാരണം ആശുപത്രിയിൽ കൊണ്ടുപോകാത്തതെന്നുമാണ് ഭർത്താവ് അനിലിൽ നൽകിയ മൊഴി.
വ്യാഴാഴ്ച രാത്രി ഒന്നോടെയായിരുന്നു സംഭവം. പ്രസവവേദന അനുഭവപ്പെട്ടപ്പോൾ ഭർത്താവ് വീട്ടിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് പൊക്കിൾക്കൊടി മുറിച്ച് മാറ്റി ഭർത്താവ് അനിലും പതിനേഴുകാരനായ മൂത്തമകനും ചേർന്നാണ് പ്രസവമെടുത്തത്. തുടർന്ന് കഞ്ഞി കുടിച്ച ശേഷം അശ്വതി ഉറങ്ങി. പുലർച്ചെ നാലരയോടെ ജന്നി വന്ന് ബഹളം കാട്ടിയ അശ്വതി അല്പനേരം കഴിഞ്ഞപ്പോൾ മരണപ്പെട്ടു. പരിശോധിച്ചപ്പോൾ കുഞ്ഞും മരിച്ചിരുന്നുവെന്നും അനിൽ പറയുന്നു.
പ്രസവം കഴിഞ്ഞപ്പോൾ അശ്വതി വിശക്കുന്നുവെന്ന് പറഞ്ഞു. അനിൽ കഞ്ഞി നൽകി. അശ്വതി അത് കുടിച്ച് ഉറങ്ങിയെങ്കിലും പുലർച്ചെ ജന്നിവന്നു ബഹളം വച്ചു. പിന്നാലെ മരണവും. രാവിലെ വിവരമറിഞ്ഞ നാട്ടുകാർ ഇടപെട്ട് മൃതദേഹങ്ങൾ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. സംഭവം നടന്ന വീടിന് തൊട്ടടുത്ത് വീടുകളില്ല. അതുകൊണ്ട് തന്നെ അശ്വതി ഗർഭിണിയാണെന്ന വിവരം സമീപവാസികൾക്ക് അറിയില്ലായിരുന്നു. സാധാരണ ഗർഭിണികളെ സ്ഥലത്തെ ആശ പ്രവർത്തക ബന്ധപ്പെട്ട് ആരോഗ്യ വിവരങ്ങൾ തിരക്കുന്നതാണ്. എന്നാൽ തങ്ങൾ അശ്വതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് ആശ പ്രവർത്തകയും വാർഡ് മെമ്പറും പറയുന്നത്.രണ്ട് വർഷം മുൻപും അശ്വതി വീട്ടിൽ വച്ച് പ്രസവിച്ച ആൺകുഞ്ഞ് അപ്പോൾ തന്നെ മരിച്ചിരുന്നു.
രക്തസ്രാവം ഉണ്ടായ അശ്വതി അന്ന് നാട്ടുകാർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചാണ് രക്ഷിച്ചത്. ഇപ്പോഴത്തെ പ്രസവവുമായി ബന്ധപ്പെട്ടും കാര്യമായ ചികിത്സകളോ പരിശോധനകളോ നടത്തിയിരുന്നില്ല. അനിലിന് കൂലിപ്പണിയാണ്. അശ്വതിയുടെ കുടുംബവീട് നിലമേലും അനിലിന്റേത് നെടുമങ്ങാടുമാണ്. സ്വന്തമായി വീടില്ലാത്ത ഇവർക്ക് മൂന്ന് വർഷം മുൻപ് നിലമേൽ പഞ്ചായത്ത് അനുവദിച്ച പണം ഉപയോഗിച്ചാണ് ഇവർ ചടയമംഗലത്ത് ഭൂമി വാങ്ങി ഒറ്റമുറി വീട് വച്ചത്. പക്ഷേ ഇവർ കൂടുതൽ സമയവും നിലമേലായിരുന്നു താമസം. അശ്വതി അവിടെയൊരു ഹോട്ടലിൽ പാത്രം കഴുകൽ ജോലിക്ക് പോകുമായിരുന്നു. ഗർഭിണിയായതോടെയാണ് ജോലിക്ക് പോക്ക് നിർത്തിയത്. ഇരുവരുടെയും മൃതദേഹം വൈകിട്ട് കിളിമാനൂർ പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു.
സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയെക്കുറിച്ച് അറിയില്ലെന്ന അനിലിന്റെ വിശദീകരണം പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി ജെ. ചിഞ്ചുറാണി സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് ഇന്നലെ രാവിലെ തന്നെ അന്വേഷണം തുടങ്ങി.
അഞ്ചുവർഷം മുമ്പാണ് ഇവർ ഇവിടെ സ്ഥലം വാങ്ങി വീട് വയ്ക്കുന്നത്. പക്ഷെ കൂടുതൽ സമയവും നിലമേലിലായിരുന്നു താമസം. അതിനാൽ അശ്വതി ഗർഭിണിയായിരുന്നെന്ന് ആരും അറിഞ്ഞിരുന്നില്ല. ഒരാഴ്ച മുമ്പാണ് ഇവിടെ എത്തിയത്. ജോലിയുടെ ഭാഗമായി പലതവണ ഇവരെ അന്വേഷിച്ച് പോയിട്ടുണ്ടെങ്കിലും ഒരിക്കൽ പോലും കണ്ടിട്ടില്ലെന്നാണ് പ്രദേശത്തെ ആരോഗ്യപ്രവർത്തകർ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്