- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രശസ്തരാകാൻ വേണ്ടി കൊലയെന്ന് മൊഴി; ലവ്ലേഷ് തിവാരിക്ക് ബജ്രംഗ്ദൾ ബന്ധമെന്ന് ആരോപണം; സണ്ണിക്ക് 17 ക്രിമിനൽ കേസുകൾ; പീഡനക്കേസിൽ ജയിൽ വാസം; 15 കൊല്ലം മുമ്പ് നാടുവിട്ട മൂന്നാമൻ മൗര്യ; മകൻ തൊഴിൽ രഹിതനും ലഹരിക്ക് അടിമയെന്നും ലവ്ലേഷിന്റെ അച്ഛൻ; ആതിഖ് അഹമ്മദിനെ കൊന്നത് സിനിമയെ വെല്ലും ഗൂഢാലോചനയിൽ; പ്രതികളിൽ വ്യക്തത വരുമ്പോൾ
ലഖ്നൗ: ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിയുതിർത്തുകൊലപ്പെടുത്തിയവർക്ക് പരിവാർ ബന്ധമോ? കേസിൽ അറസ്റ്റിലായ ലവ്ലേഷ് തിവാരി ബജ്രംഗ്ദൾ നേതാവാണെന്ന് റിപ്പോർട്ട്. ലവ്ലേഷിന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ ചൂണ്ടി ഹിന്ദുസ്ഥാൻ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പ്രശസ്തരാകാൻ വേണ്ടിയാണ് ആതിഖ് അഹമ്മദിനെ കൊന്നതെന്ന് ഇവർ പറഞ്ഞതായും പൊലീസ് സൂചിപ്പിച്ചു. മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയാണ് മൂവർ സംഘം ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹമ്മദിനെയും വെടിവച്ച് കൊന്നത്. ഇരുവരെയും വെടിയുതിർത്തുകൊന്ന ശേഷം സംഘം ജയ് ശ്രീറാം വിളിക്കുകയും ചെയ്തു. കേസിൽ ലവ്ലേഷ് തിവാരി, അരുൺ മൗര്യ, സണ്ണി എന്നീ മൂന്ന് പ്രതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇതിന് പിന്നാലെയാണ് ഒരാൾ പരിവാറുകാരനാണെന്ന ആരോപണം ഉയരുന്നത്. അറസ്റ്റിലായ മറ്റൊരു യുവാവ് സണ്ണി ഹമീർപുർ ജില്ലയിലെ 17 ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പെൺകുട്ടിയെ ശല്യം ചെയ്ത കേസിൽ മൂന്നു വർഷം ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 15 വർഷങ്ങൾക്ക് മുൻപ് നാട് വിട്ട വ്യക്തിയാണ് പിടിയിലായ മൂന്നാമൻ അരുൺ മൗര്യ. കാസ്ഗഞ്ച് സ്വദേശിയാണ് ഇയാളെന്നും റിപ്പോർട്ടിൽ പറയുന്നു. വലിയ ഗൂഢാലോചന നടക്കാതെ ആതിഖിനെ കൊല്ലാൻ കഴിയില്ലെന്നതാണ് വസ്തുത. യുട്യൂബ് ചാനലിന്റെ മൈക് ഐഡിയുമായി എത്തിയാണ് കൊല നടത്തിയത്. കൊലയ്ക്ക് ശേഷം പൊലീസിന് മുമ്പിൽ കൈ ഉയർത്തി കീഴടങ്ങി.
മകൻ തൊഴിൽ രഹിതനും മയക്കുമരുന്നിന് അടിമയുമായിരുന്നുവെന്ന് ലവ്ലേഷ് തിവാരിയുടെ പിതാവ് യാഗ്യ തിവാരി മാധ്യമങ്ങളോട് പറഞ്ഞു. 'ടിവിയിലൂടെ ഞങ്ങൾ സംഭവം കണ്ടു. ലവ്ലേഷിന്റെ പ്രവർത്തികളെക്കുറിച്ച് ഞങ്ങൾക്ക് അറിയില്ലായിരുന്നു. ഞങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാനില്ല. അവൻ ഇവിടെ താമസിക്കുകയോ കുടുംബ കാര്യങ്ങളിൽ ഇടപെടുകയോ ചെയ്യാറില്ല. ഞങ്ങളോട് ഒന്നും പറയാറുമില്ല. ആറു ദിവസം മുമ്പാണ് ഇവിടെ വന്നത്. ആറു വർഷമായി അവൻ ഞങ്ങളുമായി സ്വരച്ചേർച്ചയിൽ അല്ല. നേരത്തെ തന്നെ അവനെതിരേ ഒരു കേസുണ്ട്. ആ കേസിൽ ജയിലിൽ ആയിരുന്നു. അവൻ ജോലിക്കു പോവാറില്ല. മയക്കുമരുന്നിന് അടിമയുമാണ്. ഞങ്ങൾക്ക് നാലു മക്കൾ ഉണ്ട്. ഇതിനെക്കുറിച്ച് ഒന്നും പറയാനില്ല' അദ്ദേഹം പറഞ്ഞു.
പ്രതി സണ്ണിയുടെ സഹോദരൻ പിന്റുവും സമാന അവകാശ വാദവുമായി രംഗത്തെത്തി. സണ്ണി ജോലി ചെയ്യാതെ അലഞ്ഞുതിരിഞ്ഞു നടക്കലാണെന്നും തങ്ങളുടെ കൂടെയല്ല താമസിക്കുന്നതെന്നും പിന്റു പറഞ്ഞു. ഏപ്രിൽ 13 മുതൽ യു.പി പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു കൊല്ലപ്പെട്ട് ആതിഖും സഹോദരനും. ശനിയാഴ്ച രാത്രി 10 .30 നാണ് പൊലീസ് കാവലിൽ കൊണ്ടു പോവുന്നതിനിടെയാണ് ഇരുവരെയും മാധ്യമപ്രവർത്തകരുടെ മുന്നിൽ വച്ച് വെടിവെച്ച് കൊലപ്പെടുത്തിയത്. കൊലപാതകങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിൽ കനത്ത ജാഗ്രതാനിർദ്ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാഗ്രാജിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. ദ്രുത കർമ്മ സേനയെ പ്രയാഗ് രാജിൽ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കാൺപൂരിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തതായും യുപി സർക്കാർ അറിയിച്ചു.
അതേസമയം, കൊലപാതകത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം യുപി സർക്കാരിനോട് റിപ്പോർട്ട് തേടി. സംഭവത്തിന്റ മറവിൽ സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനുള്ള നീക്കങ്ങൾ തടയണമെന്നും ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്ര സേനയെ അയക്കാമെന്നും കേന്ദ്രം യുപി സർക്കാരിനെ അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ