- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഒടുവിൽ കത്തിക്കൽ; ചേർത്തലയെ നടുക്കിയ പ്രതികാരക്കഥ
ചേർത്തല : യുവതിയെ ഭർത്താവ് പെട്രോളൊഴിച്ചു കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ചേർത്തല വെട്ടയ്ക്കൽ വലിയവീട്ടിൽ ആരതി പ്രദീപാണ്(32) ഭർത്താവ് ശ്യാം ജി. ചന്ദ്രന്റെ അക്രമത്തിനിരയായി തിങ്കളാഴ്ച മരിച്ചത്. ആരതിക്കെതിെര ശ്യാം ജി. ചന്ദ്രൻ നടത്തിയ അക്രമം ആസൂത്രിതമായിരുന്നു.
ആരതിയും ശ്യാമും പഠനകാലത്ത് തുടങ്ങിയ അടുപ്പം. പ്രണയ വിവാഹമായിരുന്നു. 14 വർഷം മുൻപായിരുന്നു വിവാഹം. അടുത്ത കാലത്ത് അകൽച്ച തുടങ്ങി. ഇതോടെ ആരതി മാതാപിതാക്കൾക്കൊപ്പം താമസം മാറ്റി. ശ്യാം ജി. ചന്ദ്രനെതിരേ ആരതി ചേർത്തല കോടതിയിൽ ഗാർഹിക പീഡനത്തിനു ഹർജി നൽകിയിരുന്നു. പിന്നീട് യുവതി പട്ടണക്കാട് പൊലീസിൽ പരാതി നൽകി. ആദ്യം പൊലീസ് ഇരുകക്ഷികളെയും വിളിച്ചു ശ്യാമിനെ താക്കീതുനൽകി വിടുകയായിരുന്നു.
എന്നാൽ, അതിനു ശേഷവും ആരതിയെ ഫോണിലും നേരിട്ടുമെത്തി ഭീഷണിപ്പെടുത്തിയതോടെ ആരതി ജീവനു ഭീഷണിയുണ്ടെന്നു കാട്ടി പൊലീസിൽ വീണ്ടും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പൊലീസ് ശ്യാമിനെതിരേ കെസെടുത്തിരുന്നു. കോടതിയിൽ നിന്നാണ് ഇയാൾക്കു ജാമ്യം അനുവദിച്ചിരുന്നത്. ഇതിനുശേഷം ശ്യാമിന്റെ ശല്യം കുറഞ്ഞിരുന്നത്രേ. എന്നാൽ, തിങ്കളാഴ്ച അപ്രതീക്ഷിതമായി വീണ്ടും അക്രമമുണ്ടാകുകയായിരുന്നു. തർക്കം പരിഹരിക്കാൻ സമുദായ സംഘടനകളും സുഹൃത്തുക്കളും ഇടപെട്ടുവെങ്കിലും വിജയമായില്ല.
ആസൂത്രിതമായിരുന്നു ആക്രമണം. താലൂക്ക് ആസ്ഥാന ആശുപത്രിക്കു സമീപം ഇടറോഡിൽവച്ചാണ് അക്രമമുണ്ടായത്. ആരതിയുടെ സ്കൂട്ടർ തടഞ്ഞ് മിഠായിഭരണിയിൽ കരുതിയ പെട്രോളൊഴിക്കുകയായിരുന്നു ഭർത്താവ്. ഈ സമയത്തു ശ്യാം ജി. ചന്ദ്രന്റെ മേലേക്കും തീപടർന്നിരുന്നു. തീകെടുത്തി ഇയാളെയും നാട്ടുകാർ പൊലീസിന്റെ സഹായത്തോടെ ആശുപത്രിയിലേക്കു മാറ്റി. ആതിര ഗുരുതരാവസ്ഥയിലായിരുന്നു. രാവിലെ ജോലിക്കായി തിരിച്ച അമ്മ ഇനി തിരിച്ചുവരില്ലെന്ന വിവരങ്ങളൊന്നുമറിയാതെയാണു മക്കളായ വിശാലും സിയയും. ആരതിയുടെ കുടുംബത്തിന്റെ സംരക്ഷണയിലാണ് ഇരുവരും.
നഗരത്തിലെങ്കിലും ആളൊഴിഞ്ഞ ഇടവഴിയിലായിരുന്നു അക്രമം നടന്നത്. താലൂക്ക് ആശുപത്രിക്കു പിന്നിലായിവരുന്ന പ്രദേശത്ത് ഏതാനും വീടുകൾ മാത്രമാണുള്ളത്.ആരതിയുടെ ഓഫീസിലേക്കെത്താൻ 100 മീറ്റർ അകലെ വച്ചായിരുന്നു അക്രമം.