- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുർക്കി തോക്കു നിർമ്മാണ കമ്പനിയായ ടിസാസ് രൂപകൽപ്പന ചെയ്ത സെമി ഓട്ടോമാറ്റിക് പിസ്റ്റൾ; തുർക്കി സുരക്ഷാ കമ്പനികളും ചില സൈനിക വിഭാഗങ്ങളും ഉപയോഗിക്കുന്നു; ഇന്ത്യയിൽ നിരോധിച്ച പിസ്റ്റളുകളുടെ വില 6 മുതൽ 7 ലക്ഷം രൂപ വരെ; അതിഖ് അഹമ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയ സിഗാന പിസ്റ്റൾ അക്രമികൾക്ക് ലഭിച്ചത് എങ്ങനെ എന്നത് ദുരൂഹം
ലക്നൗ: ഒരുകാലത്ത് ഉത്തർപ്രദേശിലെ ഗുണ്ടാരാജാവായി വിലസിയ അതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫിനെയും വെടിവെച്ച് കൊന്നത് രാഷ്ട്രീയമായി ബിജെപിക്ക് ഗുണം ചെയ്യുമെന്ന വിലയിരുത്തലുകൾ ഇപ്പോൾ തന്നെ പുറത്തു വരുന്നുണ്ട്. യുപിയിലെ ഗുണ്ടാരാജിന്റെ അടിവേരറക്കുമെന്ന് പറഞ്ഞത് യോഗി ആദിത്യനാഥാണ്. അതിന് ശേഷമാണ് അതിഖ് അഹമ്മദിനെതിരെ നീക്കങ്ങൾ തുടങ്ങിയതും. അതിഖിന്റെ മകനെ എൻകൗണ്ടറിൽ കൊലപ്പെടുത്തയതിന് പിന്നാലെയാണ് മറ്റൊരു അക്രമി സംഘം അതിഖിനെയും സഹോദരനെയും രാജ്യത്തെ ഞെട്ടിക്കുന്ന വിധത്തിൽ ക്ലോസ് റേഞ്ച് ഷോട്ടിൽ നിന്നും വെടിയുതിർത്തുകൊലപ്പെടുത്തിയത്. ഇതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല.
അതേസമയം ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള തോക്ക് ഉപയോഗിച്ചായിരുന്നു പ്രതികൾ രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടത്തിയത്. ഈ തോക്ക് തുർക്കി നിർമ്മിതമായിരുന്നു. അത്യാധുനിക പിസ്റ്റൾ എന്ന നിലയിൽ അറിയപ്പെടുന്ന സിഗാനയാണ് ഗൂണ്ടാ നേതാക്കളെ കൊലപ്പെടുത്താൻ ഉപയോഗിച്ചത്. ഈ തോക്ക് എങ്ങനെ പ്രതികൾക്ക് ലഭ്യമായി എന്നതും ദുരൂഹമായി തുടരുകയാണ്. മൂന്ന് അക്രമികളും ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള അത്യാധുനിക സിഗാന പിസ്റ്റളുകളാണ് ഉപയോഗിച്ചതെന്ന് വാർത്താ ഏജൻസികളാണ് റിപ്പോർട്ടു ചെയ്തത്.
തുർക്കിയിൽ നിന്നുള്ള തോക്ക് നിർമ്മാണ കമ്പനിയായ ടിസാസ് നിർമ്മിക്കുന്ന സെമി ഓട്ടോമാറ്റിക് പിസ്റ്റളാണ് സിഗാന. പ്രസ്തുത പിസ്റ്റളുകളുടെ നിർമ്മാണം 2001 മുതലാണ് ആരംഭിച്ചത്. ഇതിന്റെ ആദ്യകാല ബാച്ചിൽപ്പെട്ടതും തുർക്കിയിൽ മാത്രം ലഭ്യമാകുന്നതുമായ പിസ്റ്റളാണ് സിഗാന. ഇവ ഇന്ത്യയിൽ നിരോധിച്ച പിസ്റ്റളാണ്. ഏകദേശം 6 മുതൽ 7 ലക്ഷം രൂപ വരെയാണ് ഈ പിസ്റ്റളുകളുടെ വില.
ടിസാസ് ട്രാബ്സൺ ആംസ് ഇൻഡസ്ട്രി കോർപ്പറേഷൻ 2001 മുതൽ തുർക്കിയിൽ സിഗാന ഫാമിലി പിസ്റ്റളുകൾ നിർമ്മിക്കുന്നുണ്ടെന്ന് മോഡേൺ ഫയർആംസിന്റെ റിപ്പോർട്ട് പറയുന്നു. ഈ കൈത്തോക്കുകൾ നിരവധി തുർക്കി സുരക്ഷാ കമ്പനികളും ചില തുർക്കി സൈനിക വിഭാഗങ്ങളും ചെറിയ അളവിൽ ഉപയോഗിക്കുന്നവയാണ്.
സിഗാന പിസ്റ്റളുകൾ ലോക്ക്ഡ് ബ്രീച്ച്, ഷോർട്ട് റീകോയിൽ-ഓപ്പറേറ്റഡ് അധിഷ്ഠിതമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. അതിൽ ബാരൽ എജക്ഷൻ പോർട്ടിൽ ഇടപഴകുന്ന ഒരു വലിയ ലഗിലൂടെ സ്ലൈഡിൽ ഘടിപ്പിച്ചിരിക്കുന്നതായും റിവ്യൂ റിപ്പോർട്ട് പറയുന്നു. ഈ പിസ്റ്റളുകൾക്ക് ഒരു ഓട്ടോമാറ്റിക് ഫയറിങ് പിൻ ബ്ലോക്കും ഉണ്ട്. സിഗാന ടി പിസ്റ്റളിന് ഭാരമേറിയതും അൽപ്പം നീളമുള്ളതുമായ സ്ലൈഡ്, നീളമേറിയ പൊടിപടലമുള്ള മെച്ചപ്പെട്ട ഫ്രെയിം, വർദ്ധിപ്പിച്ച ബാരൽ എന്നിവയുണ്ട്.
സിഗാന കെ പിസ്റ്റൾ സിഗാന ടി ുടെ ഒരു ചെറിയ വകഭേദമാണ്, ഒരു ചുരുക്കിയ സ്ലൈഡും 103 mm ബാരലും. മൂന്ന് മോഡലുകളും 15 റൗണ്ട് (റെഗുലർ) അല്ലെങ്കിൽ 17 റൗണ്ട് (വിപുലീകരിച്ചത്) ശേഷിയുള്ള ഡബിൾ സ്റ്റാക്ക് ഉപയോഗരീതിയാണുള്ളത്. എല്ലാ സിഗാന പിസ്റ്റളുകളും ത്രീ-ഡോട്ട് കാഴ്ചകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇത്രയ്ക്ക് അത്യാധിനിക പിസ്റ്റൾ ഉപയോഗിച്ചാണ് അതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയത് എന്നതുകൊണ്ട് തന്നെ കൃത്യമായ ആസൂത്രണം ഈ കൊലപാതകത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് കണക്കുകൂട്ടുന്നത്.
ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു യോഗി
ഗുണ്ടാത്തലവനും സമാജ്വാദി പാർട്ടി എംപിയുമായിരുന്ന ആതിഖ് അഹ്മദും സഹോദരനും വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം മൂന്നംഗ ജുഡീഷ്യൽ കമ്മിഷൻ അന്വേഷിക്കും. അലഹാബാദ് ഹൈക്കോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് അരവിന്ദ് കുമാർ ത്രിപാഠിയാണ് ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ. ജില്ലാ ജഡ്ജിയായി വിരമിച്ച ബ്രിജേഷ് കുമാർ സോനി, ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സുബേഷ് കുമാർ സിങ് എന്നിവരാണ് മറ്റ് അംഗങ്ങൾ. കമ്മിഷൻ രണ്ടു മാസത്തിനകം റിപ്പോർട്ട് നൽകും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാണു ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. ആതിഖ് അഹ്മദിന്റെ സുരക്ഷയിൽ വീഴ്ചവരുത്തിയതിനു 17 പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
ഉത്തർപ്രദേശിൽ അതീവജാഗ്രത തുടരുകയാണ്. സംസ്ഥാനവ്യാപക നിരോധനാജ്ഞയ്ക്കു പുറമേ പ്രയാഗ്രാജിൽ ഇന്റർനെറ്റ് വിലക്കും ഏർപ്പെടുത്തി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്കു സുരക്ഷ വർധിപ്പിച്ചു. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസേനയെ അയയ്ക്കാമെന്നു കേന്ദ്രം സംസ്ഥാനത്തിന് ഉറപ്പുനൽകി. ചക്കിയയിലും രാജ്രൂപ്പുരിലും കല്ലേറുണ്ടായതായി റിപ്പോർട്ടുണ്ട്. കൊലയാളി സംഘത്തിലെ ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പ്രയാഗ്രാജ് കോടതി 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
ഗുണ്ടാസംഘങ്ങൾക്കിടയിൽ പ്രശസ്തി നേടാനാണ് കൃത്യം ചെയ്തതെന്നാണ് പ്രതികളുടെ മൊഴി. ആതിഖ് പൊലീസ് കസ്റ്റഡിയിലായപ്പോൾ മുതൽ കൊലപ്പെടുത്താൻ പദ്ധതിയിട്ടെന്നും പ്രതികൾ വെളിപ്പെടുത്തി. മാധ്യമ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കും. പ്രതികൾ മാധ്യമപ്രവർത്തകരെന്ന വ്യാജേന കടന്നുകയറി കൊലപാതകം നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആതിഖിന്റെയും അഷ്റഫിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി.
ആതിഖ് അഹ്മദിന്റെ കൊലപാതകത്തിൽ യോഗി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ പാർട്ടി നേതാക്കൾ രംഗത്തെത്തി. അരാജകത്വവും ക്രമസമാധാന തകർച്ചയുമാണ് സംഭവം കാണിക്കുന്നതെന്ന് വിവിധ നേതാക്കൾ പ്രതികരിച്ചു. സംസ്ഥാനത്ത് കുറ്റകൃത്യങ്ങൾ ഉച്ചസ്ഥായിയിലെന്ന് സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് കുറ്റപ്പടുത്തി.
കുറ്റവാളികളുടെ ശിക്ഷ എന്തെന്ന് തീരുമാനിക്കേണ്ടത് കോടതിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാജ്യത്ത് നിയമവും ഭരണഘടനയുമുണ്ട് അതാണ് പ്രധാനമെന്ന് പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചു. രക്തം മരവിപ്പിക്കുന്ന അരുംകൊലയെന്നാണ് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി പറഞ്ഞത്. കാട്ടുനീതിയാണ് നടപ്പിലായതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. ഉത്തർപ്രദേശിൽ സമ്പൂർണ അരാജകത്വമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. അതേതസമയം പകൃതിയുടെ തീരുമാനമാണ് ആതിഖിന്റെ കൊലപാതകമെന്ന വിചിത്രവാദവുമായി ഉത്തർപ്രദേശ് മന്ത്രി സുരേഷ് കുമാർ ഖന്ന രംഗത്തുവന്നു. അതേസമയം ബിജെപി നേതാക്കൾ പരസ്യമായി കൊലപാതകത്തെ ന്യായീകരിക്കരുതെന്ന നിർദ്ദേശം പാർട്ടി നൽകിയിട്ടുണ്ട്.
മറുനാടന് ഡെസ്ക്