- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആതിഖിനെയും സഹോദരനെയും കൊലപ്പെടുത്താൻ ഉപയോഗിച്ചത് തുർക്കിഷ് നിർമ്മിത സിഗാന പിസ്റ്റൾ; ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള പിസ്റ്റൾ എത്തിയത് പാക്കിസ്ഥാൻ വഴി? സിദ്ധു മൂസേവാലയെ കൊന്നതും ഇതേ മോഡൽ പിസ്റ്റൾ ഉപയോഗിച്ച്; യുപി സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ലഖ്നൗ: ഗുണ്ടാനേതാവും സമാജ്വാദി പാർട്ടി മുൻ എംപിയുമായ ആതിഖ് അഹമ്മദിനെയും സഹോദരൻ അഷ്റഫ് അഹ്മദിനെയും വെടിവച്ച് കൊലപ്പെടുത്താൻ പ്രതികൾ ഉപയോഗിച്ചത് തുർക്കിഷ് നിർമ്മിത സിഗാന പിസ്റ്റൾ എന്ന് വ്യക്തമായി. ആറ് മുതൽ ഏഴു ലക്ഷം രൂപ വരെ വില വരുന്ന സിഗാന പിസ്റ്റൾ ഇന്ത്യയിൽ നിരോധിച്ചിട്ടുള്ളതാണ്. പാക്കിസ്ഥാൻ വഴിയാണ് ഇവ രാജ്യത്ത് എത്തിക്കുന്നത്. പഞ്ചാബി ഗായകനും കോൺഗ്രസ് നേതാവുമായ സിദ്ധു മൂസേവാലയെ അക്രമികൾ കൊലപ്പെടുത്തിയതും ഇതേ മോഡൽ പിസ്റ്റൾ ഉപയോഗിച്ചാണ്.
അതീവസുരക്ഷ വലയത്തിലായിരുന്ന മുൻ എംപിയും ഗുണ്ടാനേതാവുമായ ആതിഖ് അഹമ്മദും സഹോദരനും കൊല്ലപ്പെടുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇന്നലെ രാത്രി പുറത്തു വന്നത്. ഉമേഷ് പാൽ കൊലപാതകക്കേസിൽ ആതിഖിനെ നാല് ദിവസത്തെ ചോദ്യം ചെയ്യലിനായാണ് ഇന്നലെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടത്.
രാത്രി മെഡിക്കൽ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ മൂന്നു പേർ വെടിവച്ചത്. യൂട്യൂബ് വാർത്ത ചാനലിന്റെ മൈക്ക് ഐഡിയും ക്യാമറുമായി അരമണിക്കൂർ മുമ്പ് എത്തിയാണ് പ്രതികൾ മാധ്യമപ്രവർത്തകർക്കൊപ്പം നിന്നത്. പൊലീസ് കാവൽ മറികടന്ന് പോയിന്റ് ബ്ലാങ്കിൽ നിറയൊഴിച്ചാണ് ഇവർ ആതിഖിനെയും സഹോദരനെയും കൊലപ്പെടുത്തിയത്. കൊലയ്ക്കു ശേഷം കൈകളുയർത്തി പ്രതികൾ കീഴടങ്ങുകയായിരുന്നു.
അറസ്റ്റിലായ പ്രതികളായ ലവ്ലേഷ് തിവാരി, അരുൺ മൗര്യ, സണ്ണി എന്നിവരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പ്രശസ്തരാകാൻ വേണ്ടിയാണ് ആതിഖ് അഹമ്മദിനെ കൊന്നതെന്നും കൊലയിലൂടെ യുപിയിലെ മാഫിയ സംഘമാകാനാണ് ശ്രമിച്ചതെന്നും ഇവർ മൊഴി നൽകി. ഇവർ മൂന്ന് പേരെ കൂടാതെ തിരിച്ചറിയാത്ത രണ്ട് പേരെയും പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ യുപി സർക്കാരിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടി. ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രസേനയെ അയക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്.
കൊലപാതകങ്ങൾക്ക് പിന്നാലെ ഉത്തർപ്രദേശിൽ കനത്ത ജാഗ്രതാനിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഇന്നത്തെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രയാഗ് രാജിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. ദ്രുത കർമ്മ സേനയെ പ്രയാഗ് രാജിൽ വിന്യസിച്ചിട്ടുണ്ട്. മറ്റു ജില്ലകളിൽ നിന്ന് പൊലീസ് സേനയെ പ്രയാഗ് രാജിലേക്ക് എത്തിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കാൺപൂരിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. ആതിഖിന്റെ സുരക്ഷാചുമതലയുണ്ടായിരുന്ന 17 പൊലീസുകാരെ സസ്പെൻഡ് ചെയ്തതായും യുപി സർക്കാർ അറിയിച്ചു.
ഉത്തർപ്രദേശിലെ മൂന്നു ജില്ലകളിൽ നിന്നുള്ളവർ ചേർന്നാണ് ആതിഖ് അഹ്മദിനെയും സഹോദരനെയും കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. കൊലപാകത്തിന് 48 മണിക്കൂർ മുൻപ് മാത്രം പ്രയാഗ് രാജിലെത്തിയ മൂവർ സംഘം, അവിടെ ഒരു ഹോട്ടലിലായിരുന്നു താമസം. മാധ്യമപ്രവർത്തകരെന്ന വ്യാജേനെയാണ് പൊലീസ് വലയത്തിലായിരുന്ന ആതിഖിനും സഹോദരനും സമീപം ഇവരെത്തിയത്. എൻസിആർ ന്യൂസ് എന്ന പേരിൽ വ്യാജ മൈക്കും ഐഡിയും ഉപയോഗിച്ചാണ് ഇരുവരും മാധ്യമപ്രവർത്തകർക്കൊപ്പം നിലയുറപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ആതിഖ് അഹ്മദിനെയും സഹോദരനെയും വെടിവച്ചു കൊന്ന പ്രതികളെ തള്ളിപ്പറഞ്ഞ് അവരുടെ കുടുംബങ്ങൾ രംഗത്ത് വന്നിരുന്നു. ഒരു പണിക്കും പോകാത്തവരാണ് ഇവരെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. മാത്രമല്ല, ലഹരിക്ക് അടിമകളുമാണ്. ഇവർക്ക് കുടുംബവുമായി കാര്യമായ ബന്ധമില്ല. ഇവർ മുൻപും വിവിധ കേസുകൾ ഉൾപ്പെട്ടിരുന്നതായും കുടുംബാംഗങ്ങൾ വെളിപ്പെടുത്തി.
ലവ്ലേഷ് തിവാരി, സണ്ണി സിങ്, അരുൺ മൗര്യ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയത്. ഇവർ എത്തിയതായി കരുതുന്ന രണ്ടു മോട്ടർ സൈക്കിളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കുറ്റവാളികളെന്ന നിലയിൽ കൂടുതൽ കുപ്രസിദ്ധി നേടുന്നതിനാണു കൊല നടത്തിയതെന്നാണ് ഇവർ പൊലീസിനു നൽകിയിരിക്കുന്ന മൊഴി. പൊലീസ് ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.
ജയിൽശിക്ഷ അനുഭവിക്കുന്ന ആതിഖ് അഹ്മദിനെയും സഹോദരൻ അഷ്റഫ് അഹ്മദിനെയും പൊലീസ് അകമ്പടിയോടെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുമ്പോഴാണ്, മാധ്യമപ്രവർത്തകരെന്ന വ്യാജേന എത്തിയ അക്രമികൾ വെടിവച്ചു കൊന്നത്. പൊലീസ് കസ്റ്റഡിയിലിരിക്കെ ഇരുവർക്കും നേരെ മൂന്നംഗ അക്രമി സംഘമാണ് വെടിയുതിർത്തത്. മാധ്യമപ്രവർത്തകരുടെയും പൊലീസിന്റെയും മുന്നിൽവച്ചായിരുന്നു അരുംകൊല. ബിഎസ്പി എംഎൽഎ രാജു പാൽ വധക്കേസിലെ മുഖ്യസാക്ഷി ഉമേഷ് പാലിനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയാണ് ആതിഖ്. വെടിയുതിർത്ത മൂന്നുപേരും തൊട്ടുപിന്നാലെ കീഴടങ്ങിയിരുന്നു.
''എന്റെ സഹോദരനെതിരെ മുൻപും കേസുകളുണ്ടായിട്ടുണ്ട്. അയാൾ ഒരു പണിക്കും പോകുന്നില്ല. ആതിഖ് അഹ്മദിന്റെയും സഹോദരന്റെയും കൊലപാതകത്തിൽ അവൻ ഉൾപ്പെട്ട വിവരം ഞാൻ അറിഞ്ഞിരുന്നില്ല'' സണ്ണി സിങ്ങിന്റെ സഹോദരൻ പിന്റു സിങ് പറഞ്ഞു. പിതാവ് മരിച്ചതിനു പിന്നാലെ സണ്ണി തന്റെ ഓഹരി വാങ്ങി അതു വിറ്റ് നാടുവിട്ടതാണെന്നും പിന്റു പറഞ്ഞു. അഞ്ച് വർഷമായി സണ്ണി വീട്ടിൽ വന്നിട്ടില്ലെന്നും കുടുംബം വെളിപ്പെടുത്തി. സണ്ണി സിങ്ങിനെതിരെ 14 കേസുകൾ നിലവിലുണ്ട്.
തന്റെ മകൻ ലഹരിക്ക് അടിമയാണെന്ന് അക്രമി സംഘത്തിലെ ലവ്ലേഷ് തിവാരിയുടെ പിതാവ് യാഗ്യ തിവാരി പറഞ്ഞു.''ഈ സംഭവം ഞങ്ങൾ ടിവിയിൽ കണ്ടിരുന്നു. അവൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് ഞങ്ങൾക്കു തന്നെ അറിയില്ല. ഞങ്ങൾക്ക് അവനുമായി യാതൊരു ബന്ധവുമില്ല. അവൻ വളരെക്കാലമായി ഞങ്ങൾക്കൊപ്പമില്ല. ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടുന്നുമില്ല. ഞങ്ങളോട് ഒരു കാര്യവും പറയാറുമില്ല. അവൻ ഒരു ജോലിക്കും പോകുന്നില്ല. ലഹരിക്ക് അടിമയുമാണ്'' ലവ്ലേഷിന്റെ പിതാവ് പറഞ്ഞു. മുൻപ് ഒരു പെൺകുട്ടിയെ മർദ്ദിച്ചതിന് ലവ്ലേഷിനെതിരെ കേസുണ്ടായിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി. അതിന് ജയിൽശിക്ഷയും അനുഭവിച്ചിരുന്നു.
സംഘത്തിലെ മൂന്നാമനായ അരുൺ ചെറുപ്രായത്തിൽത്തന്നെ വീടു വിട്ടതാണെന്ന് കുടുംബാംഗങ്ങൾ വെളിപ്പെടുത്തി. 2010ൽ ഒരു പൊലീസുകാരനെ ട്രെയിനിൽവച്ച് കൊലപ്പെടുത്തിയ കേസിൽ അരുണിന്റെ പേരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു. ഡൽഹിയിൽ ഒരു ഫാക്ടറിയിലും ഇടക്കാലത്ത് ജോലി ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ