- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചിന്നക്കനാലിൽ പൊലീസിനെ ആക്രമിച്ച സംഘത്തിലെ ഒരാൾക്ക് ഗുരുതര പരിക്ക്; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മലമുകളിൽ നിന്ന് വീണ് പരിക്കേറ്റെന്ന് പൊലീസ്; നാലുപേർ അറസ്റ്റിൽ; കൂടുതൽ പേർക്കായി തിരച്ചിൽ തുടരുന്നു
മൂന്നാർ: ചിന്നക്കനാലിൽ പൊലീസിനെ ആക്രമിച്ച സംഘത്തിലെ ഒരാൾക്ക് ഗുരുതര പരിക്ക്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രക്ഷപെടാനുള്ള ശ്രമത്തിനിടെ മലമുകളിൽ നിന്നും വീണ് പരിക്കേറ്റതായിട്ടാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം.പാപ്പാത്തിച്ചോല വന ഭാഗത്തു നിന്നും ഇന്ന് പുലർച്ചെ പൊലീസ് സംഘത്തിന്റെ കസ്റ്റഡിയിലായ ഹാഷിനാണ് പരിക്കേറ്റിട്ടുള്ളത്.
കഴുത്തിലും മുഖത്തും മുറിവുകളും ചതവുകളുമായിട്ടാണ് ഹാഷിനെ മലമുകളിൽ പൊലീസ് വാഹനം എത്തുന്ന പ്രദേശത്ത് എത്തിച്ചതെന്നാണ് അറിയുന്നത്. രാവിലെ കസ്റ്റഡിയിലെടുത്ത 4 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഷെമീർ, ഹാഷിൻ, ഫിറോസ് ഖാൻ, മുനീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൃത്യത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും തിരച്ചിൽ തുടരുകയാണെന്നും ശാന്തൻ പാറ പൊലീസ് അറയിച്ചു.
കായംകുളം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ദീപക്കിനാണ് കുത്തേറ്റിട്ടുള്ളത്. മുന്നാറിലെ ടാറ്റ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ദീപക്കിന് മൂന്ന് കുത്തേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. കായംകുളം കരിയിലക്കുളങ്ങര സ്റ്റേഷനുകളിൽ പിടിച്ചുപറി കേസിൽ ഉൾപ്പെട്ടവരാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
പുലർച്ചെ രണ്ട് മണിയോടെ രണ്ട് വാഹനത്തിലായി പിടിച്ചുപറിക്കേസിൽ ഉൾപ്പെട്ട പ്രതികൾ എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സൂര്യനെല്ലി പവർഹൗസ് ഭാഗത്ത് പൊലീസ് എത്തിയിരുന്നു. പൊലീസ് വാഹനങ്ങൾ തടഞ്ഞിട്ടതോടെയാണ് സംഘർഷത്തിന്റെ തുടക്കം. കൈയിലുണ്ടായിരുന്ന കുരുമുളക് സ്പ്രേ അക്രമി സംഘം പൊലീസുകാരുടെ മുഖത്ത് അടിച്ചു. തുടർന്ന് രക്ഷപെടാനുള്ള നീക്കത്തിൽ പൊലീസിനുനേരെ അക്രമി സംഘം കൂട്ടം ചേർന്ന് ആക്രമണം നടത്തുകയായിരുന്നു.
ഒരുഘട്ടത്തിൽ അക്രമികൾ പൊലീസുകാരെ വാഹനം ഇടിപ്പിച്ചു കൊല്ലാനും ശ്രമിച്ചു. വെപ്രാളത്തിൽ ഓടി മാറുന്നതിനിടെ നിലത്തുവീണ ദീപക്കിനെ അക്രമിസംഘം വളഞ്ഞിട്ട് ആക്രമിക്കുകയും കത്തിക്ക് കുത്തുകയുമായിരുന്നു. പിന്നീട് ഇവിടെ നിന്നും അക്രമി സംഘം വാഹനം ഓടിച്ചുപോയിരുന്നു.ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പുലർച്ചെ 4 മണയോടെ അക്രമി സംഘം എത്തിയ വാഹനങ്ങൾ സൂര്യനെല്ലി കപ്പിത്താൻ റിസോർട്ടിന് സമീപം കണ്ടെത്തി.
അക്രമി സംഘം പരിസരത്ത് ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്നുള്ള വിലയിരുത്തലിൽ പൊലീസ് സംഘം റിസോർട്ടിന് പിന്നിലെ പാപ്പാത്തിച്ചോല മലിയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 4 പേരെ ഇവിടെ നിന്നും പൊലീസ് പിടികൂടി. രാത്രിയിൽ പരക്കം പാഞ്ഞ് വീണതിനാൽ അക്രമികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് അറിയുന്നത്. ഇനിയും ഈ ഭാഗത്ത് അക്രമികൾ ഉണ്ടാവാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
പിടികൂടിയ അവസരത്തിൽ കൃത്യമായ പേരുവിവരങ്ങൾ നൽകാൻ അക്രമികൾ തയ്യാറായിരുന്നില്ലെന്നും കായംകുളം പൊലീസുമായി ബന്ധപ്പെട്ട് ശാന്തൻപാറ പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നുമാണ് ലഭ്യമായ വിവരം. ഇവരിൽ ഏതാനും പേരെ കസ്റ്റഡിയിൽ എടുത്തെന്നും ഇവരെ രക്ഷിക്കാൻ ഒരു സംഘം ശ്രമിച്ചെന്നും ചെറുത്തു നിൽപ്പിനിടെ ദീപക്കിന് കുത്തേൽക്കുകയായിരുന്നെന്നുമാണ് അറിയുന്നത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൂർത്തിയായാൽ മാത്രമെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താവു എന്നുമാണ് പൊലീസ് നിലപാട്.
മറുനാടന് മലയാളി ലേഖകന്.