കണ്ണൂർ: തലശ്ശേരിയിൽ രാജസ്ഥാൻ സ്വദേശിയായ ബാലനെ ചവിട്ടിയ കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കാറിൽ ചാരി നിന്നതിന് ഇക്കഴിഞ്ഞ നവംബർ മൂന്നിനാണ് കുട്ടിയെ ബി ഫാം വിദ്യാർത്ഥിയായ പൊന്ന്യം സ്വദേശി മുഹമ്മദ് ഷിനാദ് ചവിട്ടിയത്. ഇയാളെ പൊലീസ് നാലാം തീയതി അറസ്റ്റ് ചെയ്തിരുന്നു. നവംബർ മൂന്നിന് തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള മണവാട്ടി ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം നടന്നത്.

പ്രതിയായ മുഹമ്മദ് ഷിനാദ് കുട്ടി എന്ന ഒരു പരിഗണന പോലും കാണിക്കാതെയാണ് ചവിട്ടിയത് എന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇയാൾക്കെതിരെ നരഹത്യശ്രമ കേസിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. റെക്കോഡ് വേഗത്തിലാണ് തലശ്ശേരി സിജെഎം കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. ക്രൈംബ്രാഞ്ച് എസിപി കെ വി ബാബുവിന്റെ നേതൃത്വത്തിലാണ് കുറ്റപത്രം സമർപ്പിച്ചത്.

സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഇതിനെ തുടർന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ജാമ്യം നൽകരുതെന്ന് ജില്ലാ ഗവൺമെന്റ് പ്ലീഡർ അഡ്വക്കേറ്റ് അജിത് കുമാർ കോടതിക്ക് മുമ്പാകെ ആവശ്യപ്പെട്ടു. അറസ്റ്റിലായ വിദ്യാർത്ഥിക്ക് വേണ്ടി അഡ്വക്കേറ്റ് എൻ ആർ ഷാനവാസ് ഹാജരായി. ഇതിൽ നാളെ വിധി പറയാനിരിക്കുകയാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

തലശ്ശേരി മണവാട്ടി ജംഗ്ഷനടുത്തായിരുന്നു സംഭവം. കൊടുംവളവിൽ നോ പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിലാണ് കുട്ടി ചാരി നിന്നത്. ഡ്രൈവിങ് സീറ്റിൽ നിന്ന് ഇറങ്ങി വന്ന മുഹമ്മദ് ഷിനാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ കുട്ടി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അക്രമത്തെ ചോദ്യം ചെയ്തവരോടുള്ള യുവാവിന്റെ ന്യായീകരണം. ദൃശ്യം പുറത്തു വന്നതോടെ ഇത് കളവാണെന്ന് തെളിഞ്ഞു.

കേരളത്തിലെത്തി ഉത്സവങ്ങളിലും മറ്റുമായി ബലൂൺ വിറ്റ് കഴിയുന്ന രാജസ്ഥാനി കുടുംബത്തിലെ ഗണേശ് എന്ന കുട്ടിക്കാണ് ക്രൂര മർദ്ദനമേറ്റത്. ചവിട്ടേറ്റതിന് പിന്നാലെ കുട്ടി നിർത്താതെ കരയുകയായിരുന്നു. സംഭവ സ്ഥലത്ത് ഉണ്ടായിരുന്ന അഭിഭാഷകനാണ് കുട്ടിയെ ആശുപത്രിയിലാക്കിയത്.

സംഭവം നടന്ന ദിവസം കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസിന് നേരേയും വിമർശനം ഉയർന്നിരുന്നു. കുട്ടിയെ ചവിട്ടി വീഴ്‌ത്തിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിട്ടും ഗൗരവമായി എടുത്തില്ലെന്ന് കണ്ണൂർ റൂറൽ എസ്‌പി പി ബി രാജീവ്, എഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

ക്രൂര കൃത്യത്തിന്റെ ദൃശ്യങ്ങളും സാക്ഷി മൊഴികളുമുണ്ടായിട്ടും തുടക്കത്തിൽ കേസെടുക്കാതെ പൊലീസ് പ്രതിയെ വിട്ടയക്കുകയായിരുന്നു.  കുട്ടിക്കെതിരെ മുഹമ്മദ് ഷിനാദ് നടത്തിയത് കുറ്റകരമായ നരഹത്യാ ശ്രമമാണെന്നാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലും ഉണ്ടായിരുന്നത്. ആദ്യം കുട്ടിയുടെ തലക്ക് ഇടിച്ച പ്രതി, കുട്ടി കാറിന് സമീപത്ത് നിന്നും മാറാതായതോടെ വീണ്ടും കാലുകൊണ്ട് ചവിട്ടുകയും ചെയ്തു. കുട്ടി തിരിഞ്ഞില്ലായിരുന്നുവെങ്കിൽ ചവിട്ടേറ്റ് കുട്ടിയുടെ മരണം വരെ സംഭവിക്കാമായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്