ന്യൂഡൽഹി: ശ്രദ്ധ വാൽക്കർ എന്ന യുവതിയെ കൊലപ്പെടുത്തി കഷണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ വെച്ച സംഭവത്തിൽ വഴിത്തിരിവായി പുതിയ ശബ്ദസന്ദേശം പൊലീസിന് ലഭിച്ചു. കേസിലെ മുഖ്യപ്രതി അഫ്താബ് പൂണെവാല, കൊല്ലപ്പെട്ട ഗേൾഫ്രണ്ട് ശ്രദ്ധ വാൽക്കറുമായി വഴക്കിടുന്നതിന്റെ ഓഡിയോ ക്ലിപ്പ് ആണ് ഡൽഹി പൊലീസിന് ലഭിച്ചത്.

ക്രൂരമായ കൊലപാതകത്തിന് പിന്നിലെ ഉദ്ദേശ്യം സ്ഥാപിക്കുന്നതിന് പുതിയ തെളിവ് ഏറെ നിർണായകമാകുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. 28 കാരനായ അഫ്താബ്, 26 കാരിയായ ശ്രദ്ധയുടെ മൃതദേഹം 35 കഷണങ്ങളാക്കി മുറിച്ച് 300 ലിറ്ററിന്റെ ഫ്രിഡ്ജിൽ ആഴ്ചകളോളം തെക്കൻ ഡൽഹിയിലെ മെഹ്റൗളിയിലെ വസതിയിൽ സൂക്ഷിച്ചു.

പിന്നീട് പല ദിവസങ്ങളിലായി സമീപത്തെ വനപ്രദേശങ്ങളിൽ മൃതദേഹ അവശിഷ്ടങ്ങൾ ഉപേക്ഷിച്ചെന്നുമാണ് പൊലീസ് കണ്ടെത്തിയത്. അതിനിടെ കേസിലെ മുഖ്യ പ്രതി അഫ്താബിന്റെ ശബ്ദസാമ്പിൾ സിബിഐയുടെ ഫോറൻസിക് സംഘം ഇന്ന് പരിശോധിക്കും. ഇതിനായി അഫ്താബ് പൂണെവാലയെ സിബിഐ ഹെഡ് ക്വാർട്ടേഴ്സിലെത്തിച്ചു.

കേസിൽ അറസ്റ്റിലായ അഫ്താബിന്റെ ജുഡീഷ്യൽ കസ്റ്റഡി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു. അഫ്താബ് നവംബർ 26 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ്. കഴിഞ്ഞദിവസം വീഡിയോ കോൺഫറൻസ് വഴിയാണ് അഫ്താബിനെ കോടതിയിൽ ഹാജരാക്കിയത്.