- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിതകുമാരി 10 ലക്ഷം കടം ചോദിച്ച് അയച്ച ശബ്ദ സന്ദേശം കണ്ണനല്ലൂർ സ്വദേശിക്ക് കൈമാറിയത് ഒരു സ്ത്രീ; മോചന ദ്രവ്യം ആവശ്യപ്പെടുന്ന ശബ്ദത്തിന് സമാനമെന്ന് ഉറപ്പിച്ച അയിരൂർ സിഐ; ഓയൂരിലെ യഥാർത്ഥ ഹീറോകളിൽ സമദിന്റെ പരിചയക്കാരിയും; ട്വിസ്റ്റ് വന്നത് ഇങ്ങനെ
കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടു പോകൽ അന്വേഷണം ചാത്തന്നൂരിലെ കൂടുംബത്തിലേക്ക് എത്തിച്ചത് ശബ്ദരേഖയും ലാപ്‌ടോപ്പും. അനിതകുമാരി നേരത്തെ 10 ലക്ഷം കടം ചോദിച്ച് അയച്ച ശബ്ദ സന്ദേശം അതു ലഭിച്ച സ്ത്രീ കണ്ണനല്ലൂർ സ്വദേശിയായ അബ്ദുൾ സമദിന് കൈമാറി. മോചന ദ്രവ്യം ആവശ്യപ്പെടുന്ന ശബ്ദത്തിന് സമാനമായിരുന്നു അത്. സമദ് പരിചയമുള്ള അയിരൂർ സിഐയ്ക്ക് കൈമാറി. അദ്ദേഹം അന്വേഷണ സംഘത്തിന് അയച്ചുകൊടുത്തു.
അതോടെ അനിതയുടെ ഫോൺ നിരീക്ഷണത്തിലായി. പ്രതികളെ കുറിച്ച് ആറ് വയസുകാരിയും സഹോദരനും നൽകിയ വിവരണം കൃത്യമായതിനാൽ വ്യക്തമായ രേഖാചിത്രം തയ്യാറാക്കി. രേഖാചിത്രത്തോട് പത്മകുമാറിന് സാമ്യമുണ്ടെന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിച്ചു. കുട്ടിയെ ഉപേക്ഷിച്ച സമയത്ത് പത്മകുമാറിന്റെ ഫോൺ ടവർ ലൊക്കേഷൻ ആശ്രാമത്തുണ്ടായിരുന്നു. അനുപമ സ്വന്തംലാപ് ടോപ്പിൽ കുട്ടിയെ ടോം ആൻഡ് ജെറി കാണിച്ചത് കേന്ദ്രീകരിച്ചുള്ള സൈബർ വിവരങ്ങളും പ്രതികളെ ഉറപ്പിച്ചു. ഐപി അഡ്രസാണ് നിർണ്ണായകമായത്.
പ്രതികളിൽ സംശയമുണ്ടായപ്പോൾ തന്നെ ഡാൻസാഫ് ടീമെത്തി വീടും പരിസരവും പരിശോധിച്ചു. ഇതോടെ സ്വിഫ്റ്റ് ഡിസയർ കാർ വീട്ടു മുറ്റത്തുണ്ടെന്ന് മനസ്സിലായി. ഈ കാറിനൊപ്പമുള്ള മൊബൈൽ നമ്പറിലും പരിശോധന തുടങ്ങി. ഇതോടെ എല്ലാം പൊലീസിന് വ്യക്തമായി. ഈ കുടുംബത്തിന് പങ്കുണ്ടെന്നും തെളിഞ്ഞു. കുട്ടിയെ പാർപ്പിച്ചത് ഈ വീട്ടിലാകാമെന്നും ഉറപ്പിച്ചു. പക്ഷേ അപ്പോഴും കൂടുതൽ പ്രതികളുടെ സാന്നിധ്യം സംശയിച്ചിരുന്നു. എന്നാൽ മൊഴി നൽകലിൽ കുടുംബം ആ സാധ്യത തള്ളി. കുറ്റം സ്വയം ഏറ്റെടുത്തു. ഇതോടെ പൊലീസിന് നാലാമതൊരാളിലേക്ക് പോലും പോകാൻ കഴിയാതെ വന്നു.
ഓയൂരിൽ നിന്നും കുട്ടിയെ തട്ടിയെടുത്തത് ചാത്തന്നൂർ സ്വദേശിയും റിയൽ സ്‌റ്റേറ്റ് വ്യവസായിയുമായ പത്മകുമാർ എന്ന് പൊലീസ് ഉറപ്പിച്ചു. സംഭവത്തിൽ മൂന്നു പേരെ തമിഴ്‌നാട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തു. കൊല്ലം ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാലയത്തിൽ കെ.ആർ. പത്മകുമാർ(52), ഭാര്യ അനിത, മകൾ അനുപമ എന്നിവരാണ് കസ്റ്റഡിയിൽ. നിരീക്ഷണത്തിലായിരുന്ന പ്രതികളുടെ മൊെബെൽ ടവർ ലൊക്കേഷൻ മനസിലാക്കിയ പൊലീസ് തെങ്കാശി പുളിയറയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ പത്മകുമാറിനെ കുട്ടി ഫോട്ടോയിൽനിന്ന് തിരിച്ചറിഞ്ഞിരുന്നു. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും നിർണ്ണായകമായി. കുട്ടിയെ തട്ടിക്കൊണ്ടു പോയത് വെള്ള കാറിലാണെങ്കിലും കുട്ടിയുമായി കൊല്ലം നഗരത്തിലെത്തിയ നീല കാർ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഗുണം ചെയ്തു. രാത്രി എവിടെയോ തങ്ങിയ ശേഷം പിറ്റേന്നു നീല നിറത്തിലുള്ള കാറിൽ നഗരത്തിലെത്തിച്ചെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞിരുന്നത്. രണ്ടു കാറുകളും പത്മകുമാറിന്റേതായിരുന്നു.
പൊലീസ് പുറത്തുവിട്ട പ്രതികളുടെ രേഖാചിത്രവും അന്വേഷണത്തിൽ നിർണായകമായി. രേഖാചിത്രം ശ്രദ്ധയിൽപ്പെട്ട അയിരൂർ സ്വദേശിയാണ് സംശയമുള്ള ആളിനെക്കുറിച്ച് പൊലീസിന് വിവരം നൽകിയത്. ഇയാളുടെ ഫേസ്‌ബുക്കിലെ ചിത്രങ്ങളിൽ നിന്നു കൂടുതൽ വിവരങ്ങൾ ലഭിച്ചു. ഇതും ഇവരെ വലയിലാക്കാൻ സഹായകരമായി. അന്വേഷണം തങ്ങളിലേക്കു നീളുന്നുവെന്നു മനസിലാക്കിയാണ് പത്മകുമാർ ഭാര്യയും മകളുമായി സ്ഥലം വിടാൻ തീരുമാനിച്ചത്. സംഘം സന്ദർശിച്ചിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറുടെ മൊഴിയും നിർണായമായി. കുട്ടിയുടെ പിതാവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണവും പ്രതികളിലേക്ക് എത്താൻ സഹായിച്ചു.
സംഭവം നടന്ന് അഞ്ചാംനാളാണ് പ്രതികളെ പിടികൂടുന്നത്. തട്ടിക്കൊണ്ടു പോകലിന് പിന്നിൽ നഴ്സിങ് പരീക്ഷാ തട്ടിപ്പ് സംഘത്തിന് ബന്ധമുണ്ടോയെന്ന് പൊലീസ് നേരത്തെ തന്നെ സംശയിച്ചിരുന്നു. അത് വെറുതെയായി. നഴ്സിങ് മേഖലയിലെ ഒരു സംഘടനയുടെ ജില്ലാ ഭാരവാഹിയാണ് കുട്ടിയുടെ പിതാവ്.
മറുനാടന് മലയാളി ബ്യൂറോ