- Home
- /
- News
- /
- INVESTIGATION
ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ
- Share
- Tweet
- Telegram
- LinkedIniiiii
പാലക്കാട്: കൂമ്പാച്ചി മലയിൽ നിന്നും ദൗത്യ സംഘം രക്ഷിച്ച ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. മാട്ടുമന്ത് സ്വദേശി റഷീദ(46), മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. കുടുംബ പ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയെന്നാണ് സൂചന. പൊലീസ് വിശദ അന്വേഷണം തുടങ്ങി.
മലമ്പുഴ കടുക്കാംകുന്നത്ത് റെയിൽവേ ലൈനിന് സമീപമാണ് മൃതദേഹങ്ങൾ കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇരുവരുടെയും മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 2022 ഫെബ്രുവരി എട്ടിനാണ് മലമ്പുഴയിലെ കുറുമ്പാച്ചി മലയിടുക്കിൽ ബാബു കുടുങ്ങിയത്. സുഹൃത്തുക്കൾക്കൊപ്പം മലകയറിയ ബാബു തിരിച്ചിറങ്ങുന്നതിനിടെയാണ് മലയിടുക്കിൽ കുടുങ്ങിയത്. 43 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് ബാബുവിനെ രക്ഷിക്കാനായത്. കേരളം പ്രാർ്ത്ഥനയുമായി കാത്തിരുന്ന രക്ഷാപ്രവർത്തനമായിരുന്നു അത്.
മലയിൽ കുടുങ്ങിയ ബാബു തന്നെയാണ് വിവരം പുറംലോകത്തെ അറിയിച്ചത്. ഉടൻ രക്ഷാപ്രവർത്തക സംഘം സ്ഥലത്തെത്തി.നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താൻ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.തുടർന്ന് സൈന്യവും എൻഡിആർഎഫും സംയുക്തമായി നടത്തിയ രക്ഷാപ്രവർത്തനത്തിലാണ് ബാബുവിനെ തിരിച്ചിറക്കിയത്. ഇതിന് ശേഷം ബാബുവുമായി ബന്ധപ്പെട്ട് പല കഥകളും എത്തി. ഇതിന് പുതിയ തലം നൽകുന്നതാണ് അമ്മയുടേയും സഹോദരന്റേയും ആത്മഹത്യ.
കുമ്പാച്ചി മലയിലെ സംഭവത്തിന് ശേഷം ബാബു വീണ്ടും വിവാദങ്ങളിൽ കുടുങ്ങിയിരുന്നു. അലറി വിളിക്കുകയും അസഭ്യം പറയുകയും നിലത്തു കിടന്ന് ഉരുളുകയും ചെയ്യുന്ന ബാബുവിന്റെ ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായതാണ് ഇതിന് കാരണം. കൂടി നിൽക്കുന്നവരെയെല്ലാം അക്രമിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്ത ബാബു തനിക്ക് ചാകണം എന്ന് പറഞ്ഞാണ് ബഹളമുണ്ടാക്കിയത്. വീഡിയോ വൈറലായതോടെ ബാബു കഞ്ചാവിന് അടിമപ്പെട്ടിരിക്കുകയാണ് എന്ന തരത്തിലും പലരും കമന്റ് ചെയ്തിരുന്നു. കൂട്ടുകാർ തലയിൽ വെള്ളം ഒഴിക്കുന്നതും അനുനയിപ്പിക്കാൻ ശ്രമിക്കുന്ന അമ്മയോടും സുഹൃത്തുക്കളോടും ബന്ധുക്കളോടും ബാബു അസഭ്യം പറയുന്നതും വീഡിയോയിൽ കാണാമായിരുന്നു.
ഈ വിവാദത്തിലും ബാബുവിനൊപ്പമായിരുന്നു കുടുംബം. ബാബുവിനെ അപകീർത്തിപ്പെടുത്താൻ വേണ്ടിയാണ് സുഹൃത്തുക്കൾ വീഡിയോ പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതാണെന്ന് ബാബുവിന്റെ സഹോദരൻ ഷാജി പറഞ്ഞിരുന്നു. ബാബുവിന് പണം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അതിനായി സുഹൃത്തുക്കൾ ബാബുവിനെ മാനസികമായി പീഡിപ്പിച്ചെന്നും പൊതുസമൂഹത്തിന് മുന്നിൽ മോശക്കാരനായി ചിത്രീകരിക്കാനാണ് അവർ ചെറിയൊരു സംഭവത്തെ ഊതിവീർപ്പിച്ചതെന്നും ഷാജി പറഞ്ഞിരുന്നു.