പത്തനംതിട്ട: പാരമ്പര്യവൈദ്യനായ കെ.വി.ഭഗവൽ സിങ് ഇലന്തൂരിൽ ജനകീയനായത് സിപിഎം നേതാവെന്ന പ്രതിച്ഛായയിൽ. അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഭാര്യയെ മത്സരിപ്പിക്കാനും പദ്ധതികൾ ഇട്ടിരുന്നു. ഇതിന് വേണ്ടിയാണ് കോടിയേരി അനുസ്മരണ ജാഥയിലും മറ്റും ഭാര്യയെ മുൻനിരയിൽ നിർത്തിയതും. സിപിഎം പ്രവർത്തകനും സംഘാടകനുമായിരുന്നു. ഇടക്കാലത്തു താൽക്കാലിക ബ്രാഞ്ച് സെക്രട്ടറിയും. നിലവിൽ ലോക്കൽ കമ്മിറ്റി അംഗവും കെഎസ്‌കെടിയു പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാണ്. പാർട്ടിയിലെ തീവ്രനിലപാടുകാരനായ സിങ് എല്ലാ തിരഞ്ഞെടുപ്പുകളിലും 142ാം ബൂത്തിലെ എൽഡിഎഫ് ഏജന്റുമായിരുന്നു.

തുടക്കത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമുൾപ്പെടെയുള്ളവർ ഭഗവൽ സിങ് സിപിഎമ്മുകാരനല്ലെന്ന് പറയാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ വരുത്താൻ ഡിവൈഎഫ്‌ഐ ഭഗവൽ സിങിന്റെ വീട്ടിലേക്ക് മാർച്ചും നടത്തി. എന്നാൽ തെളിവുകൾ പുറത്തു വ്ന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. ഭഗവൽ സിങ് സിപിഎം പ്രവർത്തകനായിരുന്നുവെന്നു സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി പ്രദീപ് കുമാർ പറഞ്ഞു. ഇത്രയും വലിയ അരുംകൊല ഇയാൾ നടത്തിയതായി വിശ്വസിക്കാൻ കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ലൈലയും പാർട്ടി പ്രവർത്തകയായിരുന്നു. കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ സിപിഎം നടത്തിയ അനുശോചന ജാഥയുടെ മുൻനിരയിൽ ലൈലയുണ്ടായിരുന്നു.

പാരമ്പര്യ വൈദ്യത്തിന്റെ മറവിൽ നേരത്തേ വ്യാജവാറ്റ് നടത്തിയിരുന്നുവെന്ന് ആക്ഷേപമുണ്ട്. ലഹരിക്ക് അടിമയായതോടെ നാട്ടുകാർ മുൻകൈ എടുത്തു ലഹരി വിമുക്ത കേന്ദ്രത്തിൽ എത്തിച്ച് ചികിത്സിച്ചു. ഇതിനുശേഷമാണ് ലൈലയെ വിവാഹം കഴിക്കുന്നത്. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ലൈലയുടെ ആദ്യ ഭർത്താവ് ആറ്റിൽ വീണു മരിച്ചതായി പറയുന്നു. ഭഗവൽ സിങ് ആദ്യ ഭാര്യയെ മാനസികപ്രശ്‌നം ആരോപിച്ച് ഉപേക്ഷിച്ചിരുന്നു. ആദ്യ ഭാര്യയിലെ മകൾ വിവാഹിതയായി വിദേശത്താണ്. ലൈലയുടെയും സിങ്ങിന്റെയും മകനും വിദേശത്താണു ജോലി. ഇരട്ട നരബലി വിദേശത്തുള്ള മക്കളേയും ഞെട്ടിച്ചിട്ടുണ്ട്.

ഭഗവൽ സിങിന്റെ സഹോദരി അടക്കം കടുത്ത നിലപാടിലാണ്. ചെയ്ത തെറ്റിനു തക്ക ശിക്ഷ അവർക്കു ലഭിക്കണം. കൊല്ലപ്പെട്ട സ്ത്രീകളുടെ വേദന ആലോചിക്കാൻ കൂടിയാകുന്നില്ല' പറയുന്നതു ഭഗവൽ സിങ്ങിന്റെ 77 വയസ്സുകാരിയായ സഹോദരി. പരിയാരത്ത് താമസിക്കുന്ന ഇവർ പറയുന്നു: ആഞ്ഞിലിമൂട്ടിൽ പാരമ്പര്യ വൈദ്യന്മാരുടെ കുടുംബമായിരുന്നു ഞങ്ങളുടേത്. ഭഗവൽ സിങ്, കടകംപള്ളി എന്ന വീട്ടുപേര് പിന്നീടു സ്വീകരിച്ചു. ഗാന്ധിജി വന്ന പാവനമായ നാടാണ് ഇലന്തൂർ. ഈ നാടിനു മൊത്തം സഹോദരനും ഭാര്യയും അപമാനമായതിൽ സങ്കടമുണ്ട്. രണ്ടാഴ്ച മുൻപും ഇരുവരും കാണാനെത്തിയിരുന്നു. അവർ ഇങ്ങനെയൊക്കെ ചെയ്യുമെന്നു സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല.'

'തെറ്റുകാരിയാണെങ്കിൽ ഏറ്റവും വലിയ ശിക്ഷതന്നെ ലൈലയ്ക്കു ലഭിക്കണം. അവൾ ചെയ്ത തെറ്റിന്റെ വലുപ്പം മാത്രമാണ് എന്റെ മുന്നിലുള്ളത്' ലൈലയുടെ സഹോദരനും പറഞ്ഞു. '2 വർഷം മുൻപ് അമ്മ മരിച്ചതു മുതൽ ലൈലയുമായി അടുപ്പത്തിലല്ല. അമ്മ മരിച്ചതു ചില ദോഷങ്ങളുടെ പേരിലാണെന്നും ആ ദോഷങ്ങളിൽനിന്ന് മുക്തി ലഭിക്കാൻ പ്രത്യേക പൂജകൾ ചെയ്യണമെന്നും ലൈല നിർബന്ധം പറഞ്ഞിരുന്നു. പൂജകൾ ചെയ്തില്ലെങ്കിൽ കുടുംബത്തിൽ 5 മരണങ്ങൾ തുടരെത്തുടരെ ഉണ്ടാകുമെന്നും പറഞ്ഞിരുന്നു. എന്നാൽ, സാധാരണ ഗതിയിൽ ചെയ്യുന്ന എല്ലാ മരണാനന്തര കർമങ്ങളും അമ്മയ്ക്കുവേണ്ടി ചെയ്തിരുന്നതിനാൽ അതിനോട് എനിക്കു യോജിപ്പില്ലായിരുന്നു. 2 ദിവസത്തിനകം ലൈല വന്നു കർമങ്ങൾ ചെയ്തു മടങ്ങുകയും ചെയ്തു. ലൈലയുടെ ഇളയ സഹോദരൻ സന്യാസിയാണ്. മറ്റൊരാൾ വിദേശത്താണ്.

റോസ്ലിന്റേയും പത്മയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് റിമാൻഡ് റിപ്പോർട്ട് പൊലീസ് കോടതിയിൽ സമർപ്പിച്ചു. ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. പ്രതികളെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. രക്തസമ്മർദ്ദത്തിന് ഗുളിക കഴിക്കുന്നുണ്ടെന്നും വിഷാദരോഗിയാണെന്നുമാണ് ലൈല കോടതിയിൽ പറഞ്ഞത്. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവൽസിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ലൈലയെ വനിതാ ജയിലിലേക്കും കൊണ്ടുപോയി.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആദ്യമായി ചോദ്യംചെയ്യുന്നത്. തുടർന്ന് വിട്ടയക്കുകയും ഞായറാഴ്ച ഹാജരാകാൻ പറയുകയുമായിരുന്നു. കൂടുതൽ തെളിവ് ശേഖരിച്ച് ഞായറാഴ്ച പൊലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണം ഇലന്തൂരിലേക്ക് എത്തുന്നത്. പൊലീസ് അന്വേഷണം ഇവരിലേക്ക് എത്തുന്നുണ്ട് അറിഞ്ഞപ്പോഴും തങ്ങൾ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന ഭാവത്തോടെയായിരുന്നു ഭഗവൽസിങിന്റെ പ്രതികരണം. ഇത് വ്യക്തമാക്കുന്നതായിരുന്നു അയൽവാസികൾ നൽകിയ മൊഴി.