- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്ഷീരയെ അവതരിപ്പിച്ച് സഹകാരിയായ ശേഷം ബാങ്ക് പിടിച്ചെടുത്ത് ഇഷ്ടക്കാർ ജോലിയും വായ്പയും നൽകി കോടീശ്വരനായി; സിപിഐയിലൂടെ ഇടതു നേതാവായ പഴയ കോൺഗ്രസുകാരന്റെ തട്ടിപ്പുകൾ പുറത്ത്; കണ്ടലയിലേത് കരുവന്നൂരിനെ വെല്ലും തട്ടിപ്പ്; ഭാസുരാംഗനെ തേടി ഇഡി എത്തും
തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്കിലും ഇഡി അന്വേഷണത്തിന് സാധ്യത. കണ്ടല ബാങ്കിൽ 57 കോടിയിലധികം രൂപയുടെ തട്ടിപ്പെന്ന് സഹകരണ വകുപ്പിന്റെ അന്വേഷണത്തിൽ കണ്ടെത്തൽ അതിനിർണ്ണായകമാണ്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ ഭാസുരാംഗനാണ് ക്രമക്കേടിന്റെ സൂത്രധാരനെന്നാണ് സഹകരണ രജിസ്റ്റ്രാറുടെ അന്വേഷണ റിപ്പോർട്ട് പറയുന്നത്. ബാങ്കിനുണ്ടായ നഷ്ടം ഭരണസമിതി അംഗങ്ങളിൽ നിന്ന് തിരിച്ചുപിടിക്കണമെന്നാണ് നിർദ്ദേശം.
ഭരണസമിതി അംഗങ്ങളായ 21 പേരിൽ നിന്ന് ഈ പണം തിരിച്ചു പിടിക്കണമെന്നാണ് അന്വേഷണ റിപ്പോർട്ടിലെ നിർദ്ദേശം. ഓരോരുത്തരിൽ നിന്നും തിരിച്ചു പിടിക്കേണ്ട തുകയും അന്വേഷണ റിപ്പോർട്ടിലുണ്ട്. നിക്ഷേപകരുടെ പരാതിയിൽ ഇതേവരെ പൊലിസ് രജിസ്റ്റർ ചെയ്തിട്ടുള്ളത് 58 കേസുകളാണ്. പക്ഷെ ഒരു തുടർനടപടിയുമില്ല. ഭാസുരാംഗനുള്ള രാഷ്ട്രീയ സ്വാധീനമാണ് ഇതിനെല്ലാം കാരണം. സിപിഎമ്മിലെ വലിയൊരു വിഭാഗം പോലും ഇതിൽ അസ്വസ്ഥനാണ്. കണ്ടലയിലെ തട്ടിപ്പുകൾ ആദ്യം വാർത്തയാക്കിയത് മറുനാടനാണ്. ഈ ആരോപണങ്ങൾ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തു വരുന്ന അന്വേഷണ റിപ്പോർട്ടും.
കരുവന്നൂരിലേതിന് സമാനമായ തട്ടിപ്പും കള്ളപ്പണ വെളുപ്പിക്കലും കണ്ടലയിലും നടന്നു. കണ്ടല സർവീസ് സഹകരണ ബാങ്കിലേത് കോടികളുടെ തട്ടിപ്പും ഗുരുതര ക്രമക്കേടുമെന്നാണ് സഹകരണ വകുപ്പിന്റെ കണ്ടെത്തൽ. ഈടില്ലാതെ ലക്ഷങ്ങൾ വായ്പ നൽകിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. ഇങ്ങനെ വായ്പ കിട്ടിയത് പ്രസിഡന്റ് ഭാസുരാംഗന്റെയും ജീവനക്കാരുടെയും ബന്ധുക്കൾക്കായിരുന്നു. ഒരേ ഭൂമി ഈടുവച്ച് ഒന്നിലധികം വായ്പകൾ ഒരു സമയം നൽകി. ഓരോ വായ്പയിലും ഭൂമിക്ക് തോന്നും പടി മൂല്യം നിർണയം നടത്തി. വായ്പ കുടിശ്ശികയിൽ ആർബിട്രേഷൻ നടപടികൾ നടത്താതെയും ബാങ്കിന് നഷ്ടമുണ്ടാക്കി.
ഭാസുരാംഗൻ ഭാരവാഹിയായ മാറനല്ലൂർ ക്ഷീര സംഘത്തിനും ക്രമവിരുദ്ധമായി പണം നൽകി. സംഘത്തിൽ സഹകരണ ബാങ്ക് 5 ലക്ഷം രൂപയുടെ ഓഹരിയുമെടുത്തു. ഇതും ഭാസുരാംഗന്റെ സ്വാർഥതാൽപര്യം സംരക്ഷിക്കാനെന്നാണ് സഹകരണ രജിസ്റ്റ്രാറുടെ കണ്ടെത്തൽ. ചില നിക്ഷേപകരെ സഹകരണ വകുപ്പ് നിർദ്ദേശിക്കുന്നതിനെക്കാൾ പലിശ നൽകി സഹായിക്കുകുയും ചെയ്തു. നിക്ഷേപകർ അറിയാതെ പണം വകമാറ്റിയെന്നും കണ്ടെത്തി. ബാങ്ക് തുടങ്ങിയ ആശുപത്രിയിലേയ്ക്കടക്കം ഇങ്ങനെ പണം മാറ്റി. ഈ ആശുപത്രിയിലും ബാങ്കിലും അനുമതിയില്ലാതെ തസ്തിക സൃഷ്ടിച്ചും സ്ഥാനക്കയറ്റം നൽകിയും ജീവനക്കാർക്ക് കമ്മീഷൻ നൽകിയും വാഹനങ്ങൾ വാങ്ങിയും ബാങ്കിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയെന്നും റിപ്പോർട്ട് പറയുന്നു.
നിക്ഷേപത്തിന്റെ പേരിൽ തങ്ങളുടെ ആകെയുള്ള സമ്പാദ്യം നഷ്ടപ്പെട്ട നൂറ് കണക്കിന് കുടുംബങ്ങളാണ് കണ്ടലയിലും ഉള്ളത്. ചിട്ടി പിടിച്ചിട്ടു കിട്ടാത്ത ഹതഭാഗ്യർ വേറെ. സർക്കാരോ സഹകരണ വകുപ്പോ ഉണർന്ന് പ്രവർത്തിച്ചിരുന്നുവെങ്കിൽ തട്ടിപ്പുകാർക്ക് രക്ഷപ്പെടാൻ അവസരം ലഭിക്കില്ലയായിരുന്നു. ഇനി കേസും നൂലാമാലകളുമായി വ്യവഹാരം തുടരുക തന്നെ ചെയ്യും. പണം പോയവർക്ക് പോയത്് തന്നെ. 2011ൽ ലും കണ്ടല ബാങ്കിനെതിരെ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും തന്റെ സ്വാധീനത്താൽ ഭാസുരാംഗൻ അന്ന് അന്വേഷണം തന്നെ അട്ടിമറിച്ചു.
കരുവന്നൂരിനെക്കാൾ വലിയ തട്ടിപ്പുകളാണ് കണ്ടല ബാങ്ക് കേന്ദ്രീകരിച്ചു നടന്നതെന്ന് ഉദ്യോഗസ്ഥർക്കും അറിയാം. ഓരെ വർഷം ഓഡിറ്റ് കഴിയുമ്പോൾ തന്നെ തട്ടിപ്പിന്റെ വ്യാപ്തി ബോധ്യവുമാണ്. എന്നിട്ടും അന്വേഷണം എന്ന പ്രസഹനം നടത്തി ഇത്രയും നാൾ ഇത് നീട്ടി കൊണ്ട പോയത് എന്തിനെന്ന ചോദ്യത്തിന് സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർക്കും വ്യക്തമായ ഉത്തരമില്ല. കരുവന്നൂർ തട്ടിപ്പ് പുറത്തു വന്നശേഷമണ് കണ്ടല ബാങ്കിലും തട്ടിപ്പുകൾ നടക്കുന്നുവെന്ന വാർത്ത ആദ്യമായി മറുനാടൻ പുറത്തു വിടുന്നത്. ആ സമയം തന്നെ വിജിലൻസിനെ ഉപയോഗിച്ച് പരിശോധന നടത്തി എല്ലാ തട്ടിപ്പിനും അന്ത്യം കുറിക്കാമായിരുന്നു.
പ്രസുകാരനിൽ നിന്നും കോടീശ്വരനിലേയ്ക്ക്
35 വർഷം മുൻപ് പ്രസു ജീവനക്കാരനായാണ് ഭാസുരാംഗൻ മാറനല്ലൂർ എത്തിയത്. ചെറിയ അച്ചടി ജോലികൾ തുച്ഛമായ ശമ്പളം. ഇങ്ങനെ പോയി ജീവിതം. പിന്നീട് ചെറിയൊരു പ്രസ് തുടങ്ങി. മാറനല്ലൂരിൽ കട വാടകയ്ക്ക് എടുത്തായരുന്നു അച്ചടി ശാലയുടെ പ്രവർത്തനം. പലപ്പോഴും കട വാടക കൊടുക്കാത്തതിന്റെ പേരിൽ ആഴ്ചകളോളം പ്രസ് അടച്ചിടേണ്ടതായും വന്നിട്ടുണ്ട്. പ്രസ് നടത്തിപ്പിന് പുറമെ ചെറിയ രാഷ്ട്രീയ പ്രവർത്തനം കൂടി നടതതി തുടങ്ങി ഭാസുരാംഗൻ. പൊതു പ്രവർത്തകനായാൽ പ്രസിൽ കൂടുതൽ പണി കിട്ടും എന്ന ചിന്തയിലാണ് പ്രാദേശികമായി രാഷ്ട്രീയ പ്രവർത്തനത്തിന് ഇറങ്ങിയത്.
കോൺഗ്രസിനോടൊപ്പം നിന്ന് അവിടെത്തെ പ്രാദേശിക വിഷയങ്ങളിൽ ഇടപെട്ടു തുടങ്ങി. ഇതോടെ ഭാസുരംഗൻ അവിടെത്തെ കോൺഗ്രസ് നേതാവായി. ചെറിയ ചെറിയ ബന്ധങ്ങളും ആയി. ഇതോടെ പ്രസ് ബിസിനസ് വിട്ട് ക്ഷീര കർഷകന്റെ കുപ്പായം ഭാസുരാംഗൻ ഇട്ടു. മിൽമയ്ക്ക് ബദൽ എന്ന നിലിയൽ ക്ഷീര അവതരിപ്പിച്ചു. കവർ പാൽ, സിപ്പപ്പ്, തൈര്, വെണ്ണ, നെയ്യ് ഇങ്ങനെ പുതിയ പ്രോഡക്ടുകൾ ഇറക്കി ഭാസുരാംഗൻ മാറനല്ലൂർകാരെ ഞെട്ടിച്ചു. ക്ഷീര കർഷകൻ സഹകാരി തുടങ്ങിയ കുപ്പായങ്ങൾ തയ്ച്ചായി പിന്നീടുള്ള പ്രവർത്തനം. ഇതിനിടെ കണ്ടല ബാങ്കിന്റെ ഭാരണ സമിതിയിൽ എത്തി തുടർന്ന് പ്രസിഡന്റും ആയി.
പീന്നീട് നാട്ടിൽ സ്ഥലം വാങ്ങി ബഹു നില മന്ദിരം പണിതു. കാറും വീടുമൊക്കെ ആയതോടെ ഭാസുരംഗന്റെ സ്വഭാവത്തിലും മാറ്റം വന്നതായി പഴയ ആൾക്കാർ ഓർക്കുന്നു. പേരു പത്രാസും ആയെങ്കിലും കോൺഗ്രസുകാരനായതിനാൽ സിപി എമ്മുമായി എന്നും ഏറ്റുമുട്ടലിലായിരുന്നു ഭാസുരാംഗൻ. സി പി എം പ്രാദേശിക നേതാവും പാർട്ടി പത്രത്തിന്റെ ലേഖനുമായ നേതാവായിരുന്നു പ്രധാന ശത്രു. ഒടുവിൽ അദ്ദേഹത്തിന്റെ സഹോദരന് സഹകരണ ബാങ്കിൽ ജോലി നല്കി സി പി എമ്മുകാരെയും ഭാസുരാംഗൻ പാട്ടിലാക്കി. ഇതിനിടെ ദുർവ്യയം കാരണം ക്ഷീര പൊളിഞ്ഞു. കോടികളുടെ നഷടമായി. ക്ഷീര പൊളിഞ്ഞപ്പോൾ കണ്ടല ബാങ്കിന്റെ ലേബലിൽ ഭാസുരാംഗൻ സഹകരണ ആശുപത്രിയും മാറനല്ലൂരിൽ തുടങ്ങി.
ഒപ്പം നിലനിൽപ്പിനായി രാഷ്ട്രീയവും മാറി. അങ്ങനെ ഇടത്തോട്ടു ചാഞ്ഞ ഭാസുരംഗൻ ഇന്ന് സിപിഐ ജില്ലാ കൗൺസിൽ അംഗമാണ്. അടുത്തിടെ നടന്ന സിപിഐ ജില്ലാ സമ്മേളനത്തിൽ കണ്ടല ബാങ്കിലെ തട്ടിപ്പു സംബന്ധിച്ച് ആരും ഒരക്ഷരം മിണ്ടിയില്ല എന്നതാണ് യാഥാർത്ഥ്യം. കാരണം സമ്മേളനം നടത്താൻ സാമ്പത്തിക പിന്തുണ നൽകിയവരിൽ പ്രധാനി ഭാസുരാംഗൻ തന്നെ. സിപിഐയിൽ എത്തിയതോടെ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗമാകാൻ കിണഞ്ഞു പരിശ്രമിച്ചു എങ്കിലും നടന്നില്ല. ഒടുവിൽ കാനം രാജേന്ദ്രനും പ്രകാശ് ബാബുവും കനിഞ്ഞതു കൊണ്ട് മിൽമ മേഖല യൂണിയൻ അഡ്മിനസ്ട്രേറ്ററായി.
കണ്ടല സർവീസ് സഹകരണ ബാങ്കിൽ വായ്പാ തട്ടിപ്പും നടന്നു. ഇതുവരെ കണ്ടല ബാങ്കിൽ നിന്ന് വായ്പ എടുക്കാത്തവർക്കും ലക്ഷങ്ങളുടെ കുടിശ്ശിക അടക്കണമെന്ന നോട്ടീസ് കിട്ടി. കണ്ടല ബാങ്കിലേക്ക് ഇന്നേവരെ പോയിട്ട് പോലുമില്ലെന്ന് 7 ലക്ഷം രൂപ വീതമുള്ള നോട്ടീസ് കിട്ടിയവർ പറയുന്നു. മാറനെല്ലൂർ പഞ്ചായത്തിൽ മാത്രം പ്രവർത്തന പരിധിയുള്ള കണ്ടല ബാങ്കിന് മലയൻകീഴ് പഞ്ചായത്തിലെ അരുവാക്കോട് എന്ന സ്ഥലം വായ്പ കൊടുക്കാൻ കഴിയാത്ത പ്രദേശമാണ്. എന്നാൽ കുടിശ്ശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇവിടെയും നോട്ടീസ് ലഭിച്ചവരുണ്ട്.
മറുനാടന് മലയാളി ബ്യൂറോ