- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാസുരാംഗൻ ബിനാമി അക്കൗണ്ട് വഴി വായ്പ്പ എടുത്തത് 51 കോടി! തിരിച്ചടവ് മുടങ്ങിയപ്പോൾ വായ്പയുടെ വിവരം മറച്ചു വെച്ചു; വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്നും നിർദ്ദേശിച്ചെന്ന ഇഡി; കണ്ടലയിൽ സഹകരണ ആശുപത്രിക്കായി മാത്രം വകമാറ്റി ചെലവഴിച്ചത് 25 കോടിയും
കൊച്ചി: കണ്ടല സഹകരണ ബാങ്കിൽ നടന്നത് വൻ തട്ടിപ്പെന്ന് വ്യക്തമാക്കി ഇഡി. സിപിഐ നേതാവും കണ്ടല സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ എൻ. ഭാസുരാംഗൻ ബിനാമി അക്കൗണ്ട് വഴി കോടികൾ തട്ടിയൊണ്് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കുന്നത്. 51 കോടി രൂപയാണ് ബിനാമി അക്കൗണ്ട് വഴി വായ്പയെടുത്തത്. അജിത് കുമാർ, ശ്രീജിത് തുടങ്ങിയ പേരുകളിലാണ് വായ്പ. തിരിച്ചടവ് മുടങ്ങിയ ഈ വായ്പയുടെ വിവരം മറച്ചുവെച്ചു. വിവരം സഹകരണ വകുപ്പിന് കൈമാറരുതെന്ന് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ചെയ്തവെന്നും കസ്റ്റഡി അപേക്ഷയിൽ ഇഡി ചൂണ്ടിക്കാട്ടി.
കൊച്ചിയിലെ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പി.എംഎൽഎ) കോടതിയിൽ നൽകിയ കസ്റ്റഡി അപേക്ഷയിലാണ് ഈ വിവരങ്ങൾ. കുടുംബാംഗങ്ങളുടെ പേരിലും ഭാസുരാംഗൻ വായ്പ തട്ടിപ്പ് നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി. 2.34 കോടിയാണ് ഇങ്ങനെ എടുത്തത്. ഒരേ വസ്തു ഒന്നിലേറെ തവണ ഈടായി കാണിച്ചാണ് തട്ടിപ്പ് നടത്തിയത്. അഖിൽജിത്തും 74 ലക്ഷം രൂപ ഇത്തരത്തിൽ വായ്പയെടുത്തിട്ടുണ്ട്. ഇയാൾക്ക് വാർഷിക വരുമാനം 10 ലക്ഷം മാത്രമാണെങ്കിലും നിരവധി കമ്പനികളിൽ ലക്ഷങ്ങൾ നിക്ഷേപിച്ചിട്ടുണ്ട്.
ബി.ആർ.എം സൂപ്പർ മാർക്കറ്റ്, ബി.ആർ.എം ട്രെഡിങ് കമ്പനി അടക്കമുള്ളവയിൽ ഇയാൾക്ക് നിക്ഷേപമുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. തൃശൂർ കരുവന്നൂർ സഹകരണ ബാങ്കിലെ വായ്പ തട്ടിപ്പിനും കള്ളപ്പണം വെളുപ്പിക്കലിനും സമാനമായ രീതിയിൽ കണ്ടല ബാങ്കിൽ നടന്ന 200 കോടിയുടെ തട്ടിപ്പിനും ഉന്നതരാഷ്ട്രീയ ബന്ധമുണ്ടെന്ന് ഇ.ഡി പറയുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് സൂചന.
അതേസമയം പലവിധത്തിലുള്ള തട്ടിപ്പുകൾ ബങ്കിൽ നടന്നതിലും വിവരങ്ങളുണ്ട്. കണ്ടല സർവീസ് സഹകരണ ബാങ്കിൽനിന്ന് സഹകരണ ആശുപത്രിക്കായി മാത്രം വകമാറ്റി ചെലവഴിച്ചത് 25 കോടിയിലേറെ രൂപയാണെന്നാണ് റിപ്പോർട്ട്. ഇത് ബാങ്കിനുണ്ടായ മൊത്തം നഷ്ടത്തിന്റെ നാലിലൊന്ന് വരും. ഇതുകൂടാതെ മരുന്നു വാങ്ങാനെന്ന പേരിലും കോടികൾ ചെലവഴിച്ചിട്ടുണ്ട്.
2005 മുതൽ 2021 വരെ ജീവനക്കാരുടെ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി 22.22 കോടി രൂപയാണ് നിക്ഷേപത്തിൽ നിന്ന് വകമാറ്റി ചെലവഴിച്ചത്. നിക്ഷേപത്തിൽ നിന്ന് ശമ്പളം കൊടുക്കരുതെന്ന് നിയമമുള്ളപ്പോഴാണ് ഇത്രയും തുക വകമാറ്റിയത്. തുടക്കത്തിൽ 50 ലക്ഷം രൂപ ബാങ്കിൽനിന്ന് വായ്പയായി ആശുപത്രിക്ക് നൽകിയിട്ടുമുണ്ട്. ബാങ്കിന്റെയും കണ്ടല സഹകരണ ആശുപത്രിയുടെയും സ്ഥാവരജംഗമ വസ്തുക്കളിൽ നിന്നും നിയമവിരുദ്ധമായി 6.75 കോടി വകമാറ്റി ചെലവഴിക്കുകയും ചെയ്തു.
ആശുപത്രിയുടെ വരവ് ബാങ്കിലടയ്ക്കുകയാണ് മുമ്പ് ചെയ്തിരുന്നത്. എന്നാൽ വരവ് നോക്കാതെ ബാങ്കിന്റെ നിക്ഷേപങ്ങളിൽ നിന്നാണ് ആശുപത്രിയുടെ ചെലവുകൾ നടത്തിക്കൊണ്ടിരുന്നത്. ഒരു ഓടിട്ട കെട്ടിടത്തിനും പാർക്കിങ് സ്ഥലത്തിലും അരലക്ഷം രൂപയിലേറെയാണ് പ്രതിമാസ വാടക. ഇവിടെ കാന്റീനും പേവാർഡുമാണ് പ്രവർത്തിക്കുന്നത്. ഇപ്പോഴും വാടകക്കെട്ടിടം ഉപയോഗിക്കുന്നുണ്ട്. ഇതൊഴിവാക്കിയാൽ തന്നെ അമ്പതിനായിരത്തിലേറെ രൂപയുടെ ചെലവ് കുറയ്ക്കാനാവും.
ആശുപത്രിയുടെ തുടക്കത്തിൽ ആവശ്യത്തിനനുസരിച്ച് മരുന്നുകൾ കടമായിട്ടാണ് വാങ്ങിയിരുന്നത്. പിന്നീട് വൻതോതിൽ കമ്പനികളിൽ നിന്നും മൊത്തവിലയിൽ മരുന്നുകൾ വാങ്ങിക്കൂട്ടാൻ തുടങ്ങി. മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ നേതൃത്വത്തിലായിരുന്നു മരുന്നു വാങ്ങൽ. ഇതിന് വലിയ കമ്മീഷനുകൾ ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. ഇതിനെ തുടർന്ന് കാലാവധി കഴിഞ്ഞ 15 ലക്ഷത്തോളം രൂപയുടെ മരുന്നുകൾ നശിപ്പിക്കേണ്ടി വന്നു. ഇതല്ലാതെയും പലപ്പോഴായി മരുന്നുകൾ നശിപ്പിച്ചിട്ടുണ്ട്. ആശുപത്രി ജീവനക്കാർക്കെന്ന പേരിൽ ഭാസുരാംഗന്റെ മകൻ അഖിൽജിത്ത് ഏജന്റായി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കി.
ആശുപത്രിയിലെ അനധികൃത നിയമനങ്ങളാണ് വലിയ നഷ്ടത്തിന് പിന്നിൽ. ആശുപത്രിയിൽ 2019-ൽ നിയമനാംഗീകാരം ലഭിച്ച തസ്തികകളിലേക്ക് 2014-ൽ തന്നെ നിയമനം നൽകിയിരുന്നു. 21 പേരെ നിയമവിധേയമല്ലാതെയും 32 പേരെ ദിവസവേതനാടിസ്ഥാനത്തിലും നിയമിച്ചത് അനധികൃതമായാണ്. ഇത്തരം നിയമനങ്ങളും ഇവരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ബാങ്കിനെയും ആശുപത്രിയെയും സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചു. കൂടാതെ ഡോക്ടർമാർക്കും അമിത ശമ്പളം നൽകിയതായി ആരോപണമുണ്ട്. ബാങ്ക് തകർന്നതോടെ ആശുപത്രിയിൽ നിന്നുള്ള വരുമാനം ബാങ്കിലടയ്ക്കാതെയായി. ആശുപത്രിയുടെ വരവു ചെലവ് കണക്കുകൾ പരിശോധിച്ച് ആഴ്ചതോറും റിപ്പോർട്ട് സമർപ്പിക്കാൻ അഡ്മിനിസ്ട്രേറ്റർ, ഇന്റേണൽ ഓഡിറ്ററെ ചുമതലപ്പെടുത്തിയിട്ടുണ്ട്്.
കണ്ടലയിൽ 200 കോടിയുടെ തട്ടിപ്പ് നടന്നതായാണ് ഇ.ഡി.യുടെ വിലയിരുത്തൽ. കരുവന്നൂർ സഹകരണ ബാങ്കിലേതിനു സമാനമായ ക്രമക്കേട് കണ്ടലയിലും നടന്നതായാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. അതേസമയം ഗ്രാമീണ മേഖലയിലെ സഹകരണ സ്ഥാപനങ്ങൾക്കു മാതൃകയായിരുന്നു എൻ.ഭാസുരാംഗന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മാറനല്ലൂർ ക്ഷീര സംഘത്തിലും ക്രമക്കേടുകൾ നടന്നതായി സൂചനകളുണ്ട്. ഇതിലേക്കും അന്വേഷണം നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ.
മറുനാടന് മലയാളി ബ്യൂറോ