- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബിനോയിയുടെ ഫോണിൽ തെളിവുകൾ; കേസ് പോക്സോ ആയി
തിരുവനന്തപുരം: 18 വയസ്സ് പ്രായമായ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുടെ ആത്മഹത്യയിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പെൺകുട്ടിയെ സുഹൃത്ത് ഒന്നിലധികം തവണ പീഡിപ്പിച്ചതായി പൊലീസ് കണ്ടെത്തി. പീഡനം നടന്നത് പ്രായപൂർത്തിയാകും മുമ്പാണെന്നും വിവിധ ഇടങ്ങളിൽ എത്തിച്ചായിരുന്നു പീഡനമെന്നും തിരിച്ചറിഞ്ഞു. പെൺകുട്ടിയെ എത്തിച്ച് പീഡിപ്പിച്ച സ്ഥലങ്ങളിൽ ബിനോയിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. വർക്കലയിലടക്കം പൊലീസ് പരിശോധന നടത്തി. പെൺകുട്ടിയുടെ അനുജനിൽ നിന്നും ഞെട്ടിക്കുന്ന മൊഴിയാണ് പൊലീസിന് കിട്ടിയത്.
ഇതോടെയാണ് പീഡനം നടന്നുവെന്ന സൂചനകൾ പൊലീസിന് കിട്ടിയത്. പിന്നീട് നടന്ന അന്വേഷണം എല്ലാം സ്ഥിരീകരിച്ചു. ബിനോയിയുടെ ഫോണിൽ നിന്ന് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങൾ വീണ്ടെടുത്തു. ബിനോയ് പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നതായാണ് സൂചന. പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൂടുതൽ തെളിവെടുപ്പ് ഉണ്ടാകും. യുവാവിന് ആത്മഹത്യയിൽ പങ്കുണ്ടോ എന്നതാണ് പൊലീസ് പരിശോധിക്കുന്നത്.
സൈബർ ആക്രമണം നടന്നതായി സ്ഥിരീകരിക്കാവുന്ന കമന്റുകൾ കണ്ടെത്തിയിട്ടുണ്ട്. സൈബർ ടീം ഈ അക്കൗണ്ടുകൾ വിശദമായി പരിശോധിച്ച് വരികയാണ്. പെൺകുട്ടിയുടെയും ബിനോയുടെയും ഫോണുകൾ വിശദമായി പരിശോധിക്കും. പുറത്തുപറയാൻ പറ്റാത്ത രഹസ്യങ്ങളുള്ള കേസ് ആണ് ഇതൊന്നും പൊലീസ് വ്യക്തമാക്കി. തീർത്തും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. പെൺകുട്ടി പഠിച്ചിരുന്ന സ്കൂളിന് ചുറ്റും വൻ മാഫിയാ സംഘങ്ങളുണ്ടെന്നും പൊലീസ് തിരിച്ചറിയുന്നു. എന്നാൽ ഇതിലേക്ക് തൽകാലം അന്വേഷണം നടക്കില്ല.
പ്രായപൂർത്തിയാകുന്നതിന് മുൻപ് പെൺകുട്ടി പീഡനത്തിനിരയായി എന്ന കണ്ടെത്തലിനെ തുടർന്നാണ് പോക്സോ വകുപ്പുകൾ ചുമത്തി ബിനോയിയെ പൂജപ്പുര പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 10നാണ് പെൺകുട്ടി വീട്ടിനുള്ളിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ പെൺകുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജൂൺ 16ന് രാത്രി മരിക്കുകയായിരുന്നു. നിരവധി കമന്റുകളാണ് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിറഞ്ഞിരിക്കുന്നത്. വ്യക്തിപരമായ ആക്രമണങ്ങളാണ് മിക്കവയും.
പെൺകുട്ടി മരിച്ചതോടെ സുഹൃത്തുക്കൾ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരുന്നു. മാത്രമല്ല, പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ പോക്സോ കേസെടുക്കുകയും പെൺകുട്ടിയുടെ ആൺസുഹൃത്തിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ആദ്യം പൊലീസ് രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ പല സുപ്രധാന വിവരങ്ങളും ഇല്ലായിരുന്നു. കുട്ടിയുടെ മരണ ശേഷമാണ് പല വിവരങ്ങളും പുറത്തു വന്നത്.
ഇന്നലെ രാവിലെ മുതൽ ബിനോയിയെ ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യൽ മീഡിയയിൽ വീഡിയോയും റീൽസുമൊക്കെയായി അടുത്തിടെ വരെ സജീവമായിരുന്ന തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശിയായ പതിനെട്ടുകാരി മരണത്തിലെ ദുരൂഹതയാണ് പൊലീസ് അന്വേഷിക്കുന്നത്. പ്ലസ് ടു പരീക്ഷയിൽ മാർക്ക് കുറഞ്ഞതിനെ ചൊല്ലി വീട്ടിലുണ്ടായ പ്രശ്നമടക്കം ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ നേരിട്ട അധിക്ഷേപവും കാരണമായെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. പെൺകുട്ടിയുടെ യു ട്യൂബ് വരുമാനം ആൺ സുഹൃത്ത് തട്ടിയെടുത്തുവെന്നും സൂചനകളുണ്ട്.