പാലാ: പാലാ നഗരസഭയിലെ സിപിഎം കൗൺസിലർ ബിനു പുളിക്കക്കണ്ടം എയർപോഡ് മോഷ്ടിച്ചെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (എം) അംഗം ജോസ് ചീരാംകുഴി പാലാ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുമ്പോൾ ട്വിസ്റ്റും. ആ എയർപോഡ് പൊലീസ് സ്‌റ്റേഷനിൽ തിരിച്ചെത്തിയെന്നാണ് റിപ്പോർട്ട്. വിദേശത്താണ് എയർപോഡ് എന്ന് ജോസ് ആരോപിച്ചിരുന്നു. സമാനമായി വിദേശത്തു നിന്ന് മടങ്ങിയെത്തിയ ആളാണ് എയർപോഡ് പൊലീസിന് നൽകിയതെന്നാണ് സൂചന. ഇതോടെ കേസിലെ ഇനിയുള്ള നടപടികളും നിർണ്ായകമാകും. മോഷണ ആരോപണം ബിനു പുളിക്കക്കണ്ടം നിഷേധിച്ചിരുന്നു. കേസ് റദ്ദാക്കാൻ ഹൈക്കോടതിയിൽ കേസും കൊടുത്തു.

ഇതിനിടെയാണ് എയർപോഡ് പാലായിൽ തിരിച്ചെത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് ഇത് കേരളാ കോൺഗ്രസ് എം ചർച്ചയാക്കിയിരുന്നില്ല. എന്നാൽ വോട്ടെടുപ്പ് കഴിഞ്ഞതോടെ ബിനു പുളിക്കക്കണ്ടത്തെ അറസ്റ്റു ചെയ്യണമെന്ന ആവശ്യം മുമ്പോട്ട് വയ്ക്കുകയാണ് കേരളാ കോൺഗ്രസ് എം. ഹൈക്കോടതിയിലെ കേസിൽ തീർപ്പുണ്ടാകുന്നതിന് മുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. പരാതിയിൽ പൊലീസ് എഫ് ഐ ആർ ഇട്ട സാഹചര്യത്തിലാണ് ബിനു കോടതിയെ സമീപിച്ചത്. കേസ് അന്വേഷണം അവസാന ഘട്ടത്തിലാണ് എന്ന് പൊലീസും ഹൈക്കോടതിയെ അറിയിച്ചു. പിന്നാലെയാണ് എയർപോഡ് തിരിച്ചെത്തിയെന്ന പ്രചരണം നടക്കുന്നത്. ഇത് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

തന്നോടുള്ള ശത്രുതകൊണ്ടോ അല്ലെങ്കിൽ അതിനോടുള്ള കൗതുകം കൊണ്ടോ ബിനു എയർപോഡ് എടുത്തതാണെന്നാണു ജോസ് ചീരാംകുഴിയുടെ ആരോപണം. എന്നാൽ തനിക്കെതിരായ ആരോപണം രാഷ്ട്രീയ പ്രേരിതമെന്നായിരുന്നു ബിനു പുളിക്കക്കണ്ടത്തിന്റെ പ്രതികരണം. എയർപോഡ് ഉപയോഗിച്ച് ആരെയെങ്കിലും വിളിക്കുകയോ ആരുടെയെങ്കിലും കോൾ എടുക്കുകയോ ചെയ്‌തെന്നതിന് ഒരു തെളിവ് ജോസ് ഹാജരാക്കട്ടേ എന്നും ബിനു പറഞ്ഞിരുന്നു. എയർപോഡ് കാണാതായതിനു തൊട്ടുപിന്നാലെ തന്റെ എയർപോഡ് മോഷണം പോയതായി ജോസ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണു ബിനു തന്റെ എയർപോഡ് മോഷ്ടിച്ചെന്ന് ചൂണ്ടിക്കാട്ടി ജോസ് വീണ്ടും പരാതി നൽകി.

2023 ഒക്ടോബർ നാലിലെ കൗൺസിൽ യോഗത്തിനിടെയാണു ജോസ് ചീരാംകുഴിയുടെ വിലകൂടിയ എയർപോഡ് നഷ്ടപ്പെട്ടത്. പിന്നീട് ചേർന്ന കൗൺസിൽ യോഗത്തിൽ ജോസ് ഇക്കാര്യം രേഖാമൂലം അറിയിച്ചു. ജനുവരി 24ന് കൗൺസിൽ യോഗത്തിൽ വിഷയം ഉന്നയിച്ചതോടെ പോരു മുറുകി. ഇതോടെ എയർപോഡ് എടുത്തയാളുടെ പേരു വെളിപ്പെടുത്തണമെന്നു കേരള കോൺഗ്രസ് (എം) അംഗങ്ങൾ ആവശ്യപ്പെട്ടു. ബിനു യാത്ര ചെയ്ത പ്രദേശങ്ങളിൽ തന്റെ എയർപോഡിന്റെ ലൊക്കേഷൻ കാണിക്കുന്നുണ്ടെന്നായിരുന്നു ജോസ് പറഞ്ഞത്. കേരള കോൺഗ്രസ് (എം), സിപിഎം, സിപിഐ എന്നിവർ ചേർന്നാണു നഗരസഭ ഭരിക്കുന്നത്.

മുന്നണി ധാരണപ്രകാരം സിപിഎമ്മിനു ലഭിച്ച നഗരസഭാധ്യക്ഷ സ്ഥാനത്തേക്കു ബിനു പുളിക്കക്കണ്ടത്തിനെ പരിഗണിക്കാതിരിക്കാൻ കേരള കോൺഗ്രസ് (എം) സിപിഎം സംസ്ഥാന നേതൃത്വത്തെ വരെ സമീപിച്ചതു വിവാദമായിരുന്നു. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനു മുൻപാണു ബിനു ബിജെപിയിൽ നിന്നു സിപിഎമ്മിൽ എത്തിയത്. ഇയർപോഡ് മോഷണംപോയ സംഭവത്തിൽ ബിനുവിനെതിരെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ തന്റെ കൈവശമുണ്ടെന്നാണ് ജോസ് കൗൺസിൽ യോഗത്തിൽ വെളിപ്പെടുത്തിയത്.

ഒക്ടോബർ നാലിന് നടന്ന കൗൺസിൽ യോഗത്തിൽ വച്ചാണ് തന്റെ ഹെഡ്‌സെറ്റ് നഷ്ടമായതെന്നാണ് ജോസ് പറയുന്നത്. ആപ്പിൾ എയർപോഡായതിനാൽ കൃത്യമായ ലൊക്കേഷൻ തനിക്ക് ലഭിച്ചു. ആറിന് ബിനു തിരുവനന്തപുരത്ത് പോയി. ആ സമയത്തും എയർപോഡ് അദ്ദേഹത്തിന്റെ കൈവശമുണ്ടെന്ന് ജോസ് ആരോപിക്കുന്നു. ഒക്ടോബർ 11ന് എയർപോഡ് ബിനു പുളിക്കക്കണ്ടത്തിലിന്റെ വീട്ടിലാണെന്ന ലൊക്കേഷൻ ഡേറ്റ ലഭിച്ചു. അവസാനം ലഭിച്ച ലൊക്കേഷൻ പ്രകാരം ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലാണ് എയർപോഡുള്ളതെന്നും ജോസ് പറഞ്ഞിരുന്നു.

ജോസ് ചീരങ്കുഴിയുടെ 30000 രൂപ വിലയുള്ള എയർപോഡാണ് മോഷണം പോയത്. പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ബിനു പുളിക്കക്കണ്ടവും കത്ത് നൽകിയിരുന്നു. ഒരു പടി കൂടി കടന്ന് തനിക്കെതിരായ ഗൂഢാലോചനയിൽ ജോസ് കെ മാണിക്ക് പങ്കുണ്ടെന്നും ബിനു ആരോപിച്ചിരുന്നു.