- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഴിമന്തിക്കൊപ്പം ഐഎസ് ആശയവും വിളമ്പിയ പാചകക്കാരൻ; കുറ്റം സമ്മതിച്ച് മാനസാന്തരം പ്രഖ്യാപിച്ച് ശിക്ഷ ഏഴു കൊല്ലത്തിൽ ഒതുക്കി; അഞ്ചു കൊല്ലമായിട്ടും ഹംസയുടെ വെളിപ്പെടുത്തലുകളിൽ കൃത്യമായ അന്വേഷണം നടന്നില്ല; ബിരിയാണി ഹംസയുടെ കുറ്റസമ്മതം അതിവേഗ പുറത്തിറങ്ങലായോ?
മലപ്പുറം: 'എന്നെ വെറുതേവിടൂ, ഞാൻ ഐ.എസിലേക്കു പൊയ്ക്കൊള്ളാം'- ഐ.എസ്. റിക്രൂട്ട്മെന്റ് കേസിൽ കണ്ണൂരിൽ അറസ്റ്റിലായ ഹംസ അന്വേഷണോദ്യോഗസ്ഥരോടു പറഞ്ഞതാണിത്. ബിരിയാണി ഹംസ, താലിബാൻ ഹംസ എന്നൊക്കെ വിളിപ്പേരുള്ള തലശ്ശേരി ചിറക്കര കുഴിപ്പങ്ങാട് തൗഫീഖിൽ ഹംസ ഇബ്രാഹിം (57) 2017ലാണു പിടിയിലായത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണു പാചകവിദഗ്ധനായ ഹംസ പിടിയിലായത്. എന്നാൽ ഹംസ പിടിയിലായി അഞ്ചു കൊല്ലമായിട്ടും ഹംസയുടെ വെളിപ്പെടുത്തലുകളിൽ കൃത്യമായ അന്വേഷണം ഒന്നും നടന്നില്ലെന്നതാണ് വസ്തുത. എന്നാൽ ആദ്യം കുറ്റം സമ്മതിക്കാൻ മടിച്ച ഹംസ പിന്നീട് കോടതിയിൽ തെറ്റു സമ്മതിച്ചതോടെ കോടതി ഏഴു വർഷത്തിന് ശിക്ഷ വിധിച്ചു.
ശിക്ഷയുടെ കാലാവധി കഴിഞ്ഞ് ഹംസ രണ്ടു വർഷത്തിന് ശേഷം പുറത്തിറങ്ങും. പുറത്തിറങ്ങിയാൽ പിന്നീട് എന്താകും സ്ഥിതി എന്ന കാര്യങ്ങൾ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിന് കാരണം ഹംസയുടെ മുൻകാല പ്രവർത്തനങ്ങൾ തന്നെയാണ്. ഹംസയുടെ കുറ്റസമ്മതം ഒരു അഭിനയം മാത്രമാണെന്ന സംശയങ്ങളും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കുണ്ട്. കുറ്റം സമ്മതിക്കാതിരുന്നതോടെ വിചാരണ കാലവധി നീണ്ടുപോകുന്ന സാഹചര്യമായിരുന്നു. എന്നാൽ ചെറിയ രീതിയിൽ കുറ്റം സമ്മതിച്ചാൽ ചെറിയ ജയിൽ ശിക്ഷമാത്രം അനുഭവിച്ച് പുറത്തിറങ്ങാമെന്ന കണക്ക്കൂട്ടലായിരുന്നു ഹംസയുടേതെന്ന് സംശയിക്കണം. കുറ്റം സമ്മതിക്കാതിരുന്നെങ്കിലും രണ്ടുവർഷത്തിനുള്ളിൽ ഹംസക്കു പുറത്തിറങ്ങാനുള്ള സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്നാണു ലഭിക്കുന്ന വിവരങ്ങൾ.
ലോകത്ത് ഐ.എസ്. അനിവാര്യമാണെന്നാണ് ഇയാൾ അടുപ്പക്കാരോടു പറഞ്ഞിരുന്നത്. പിന്നീട് അന്വേഷണോദ്യോഗസ്ഥരോടും ഇത് ആവർത്തിക്കാൻ ഹംസ മടിച്ചില്ല. കണ്ണൂരിൽനിന്നുള്ള 15 പേരും ഹംസയുമായി ബന്ധപ്പെട്ടാണ് ഐ.എസിൽ ചേർന്നത്. റിക്രൂട്ട്‌മെന്റുകൾക്കൊടുവിൽ ഐ.എസ്. താവളത്തിലെത്താനായിരുന്നു ഹംസയുടെ പദ്ധതി. കേരളത്തിലെ മാരകമായ ഐ.എസ്. സ്ലീപ്പർ സെല്ലുകളുടെ മുഖമായാണു ഹംസയെ രഹസ്യാന്വേഷണവൃത്തങ്ങൾ വിശേഷിപ്പിക്കുന്നത്.
എന്നാൽ അതേ സമയം ഹംസ പിടിയിലായ ശേഷവും ഇയാളിൽനിന്നും ആശയം ഉൾക്കൊണ്ടപലരും ഐ.എസ് കേന്ദ്രങ്ങളിലെത്തിയതായി പൊലീസ് സംശയിക്കുന്നുണ്ട്. പിന്നീട് ദുരൂഹ സാഹചര്യത്തിൽ കാണാതായ ചിലരെ കുറിച്ചുള്ള അന്വേഷണങ്ങളിൽ ഹംസയുടെ പേരും ഉയർന്നു വന്നിരുന്നു. പാചകവിദഗ്ധനായ ഹംസ ബഹ്‌റൈനിൽ സ്വന്തമായി കാറ്ററിങ് സ്ഥാപനം നടത്തിയിരുന്നു. അവിടെവച്ചാണ് ഇയാൾ ഐ.എസിന്റെ ജിഹാദി, കുഫർ ബിൻ താഗൂത്ത്, ശിർക്ക് തുടങ്ങിയ ആശയങ്ങൾ നിരവധി മലയാളി യുവാക്കളിൽ കുത്തിവച്ചത്.
ബഹ്‌റൈൻ സലഫി സെന്റർ പ്രവർത്തകനായിരുന്നു. മലപ്പുറം വണ്ടൂർ സ്വദേശി മുഹദ്ദിസ് ഉൾപ്പെടെ അഞ്ചംഗസംഘം ബഹ്‌റൈൻ കേന്ദ്രീകരിച്ചാണ് ഐ.എസിൽ ചേർന്നത്. ഇവരും ഹംസയാൽ സ്വാധീനിക്കപ്പെട്ടതായി അന്വേഷണസംഘത്തിനു വിവരം ലഭിച്ചു. കൊണ്ടോട്ടി, വടകര, കണ്ണൂർ സ്വദേശികളും ബഹ്‌റൈനിൽനിന്നു സിറിയയിൽ പോയ സംഘത്തിലുണ്ടായിരുന്നു. ഇവരെല്ലാം കാറ്ററിങ് ജീവനക്കാരാണ്. ബഹ്‌റൈൻ സംഘത്തിൽപ്പെട്ടവർ കൊല്ലപ്പെട്ടതായി ഹംസ നേരത്തേ അറിഞ്ഞിരുന്നു.
സിറിയ, അഫ്ഗാൻ എന്നിവിടങ്ങളിലെ ഐ.എസ്. കേന്ദ്രങ്ങളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. വിവിധ രാജ്യങ്ങളിലെ ജിഹാദി ആശയക്കാരുൾപ്പെട്ട വൻശൃംഖല ഉണ്ടാക്കിയശേഷമാണു ഹംസ 2016-ൽ നാട്ടിലേക്കു മടങ്ങിയത്. കണ്ണൂരിൽനിന്നു സിറിയയിലേക്കു കുടുംബസമേതം പോയ ഷെമീറിനു ഹംസയുമായി അടുത്തബന്ധമുണ്ടായിരുന്നു.
തീന്മേശയിൽനിന്നു തീവ്രവാദത്തിലേക്കെത്തിയ ചരിത്രമാണ് ഹംസയുടേത്. അറേബ്യൻ വിഭവങ്ങളായ കുഴിമന്തി, മന്തി, ഹമൂസ, മുത്തബൻ തുടങ്ങിയ വിഭവങ്ങളുടെ രുചി മറ്റു നാട്ടുകാർ അറിയുന്നതിനു മുമ്പ് തലശേരിക്കാർ അറിഞ്ഞതു ഹംസയുടെ കൈപ്പുണ്യത്തിലൂടെയാണ്. ബഹ്‌റൈനിൽ പാചകക്കാരനായി പ്രവാസജീവിതമാരംഭിച്ച ഹംസ 1991-ൽ സൗദിയിലെത്തി. അവിടെ സജൻ ഫാസ്റ്റ് ഫുഡ് എന്ന സ്ഥാപനത്തിൽ സലാഡ് മാസ്റ്ററായി ജോലിയെടുത്തു. ചൈനീസ്, അറേബ്യൻ സലാഡുകൾ ഉണ്ടാക്കുന്നതിൽ അതിവിദഗ്ധനായിരുന്നു.
ഒട്ടേറെ ഉന്നതരുമായി പാചകത്തിലൂടെബന്ധം സ്ഥാപിച്ചു. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയശേഷം അറേബ്യൻ കിച്ചൺ എന്ന പേരിൽ കാറ്ററിങ് സർവീസ് തുടങ്ങി. വീട്ടിൽത്തന്നെയായിരുന്നു പാചകം. പിടിയിലാകുന്നതുവരെ ജാതിമതഭേദമന്യേ മിക്ക കല്യാണവീടുകളിലെയും സ്ഥിരസാന്നിധ്യമായിരുന്നു ഹംസയെന്നും നാട്ടുകാർ ഓർമിക്കുന്നു.
അറസ്റ്റിലായി കാക്കനാട് ജയിലിൽ കഴിഞ്ഞിരുന്ന ഹംസയ്ക്കു മകളുടെ നിക്കാഹിൽ പങ്കെടുക്കാൻ കോടതി 2019ൽ ആറുമണിക്കൂർ പരോൾ നൽകിയിരുന്നു. കനത്ത കാവലിലാണ് ഇയാളെ തലശേരി ചിറക്കര സീതിസാഹിബ് റോഡിലെ വീട്ടിലെത്തിച്ച് ചടങ്ങിൽ പങ്കെടുപ്പിച്ചത്. ഐ.എസിന്റെ അമീർ ആവുകയാണു ലക്ഷ്യമെന്നും അതിനായാണ് ഇന്ത്യയിൽനിന്നു കൂടുതൽപ്പേരെ റിക്രൂട്ട് ചെയ്യുന്നതെന്നുമാണു ഹംസ കൂട്ടാളികളോടു പറഞ്ഞിരുന്നത്.
ഓസ്‌ട്രേലിയയും സ്വിറ്റ്‌സർലൻഡും സന്ദർശിച്ചിട്ടുള്ള ഹംസ പക്ഷേ ഐ.എസ്. ശക്തികേന്ദ്രങ്ങളായ സിറിയിലോ അഫ്ഗാനിലോ പോയിട്ടില്ല. മതകാര്യങ്ങളിലും അറബി, ഉറുദു ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു. മനാമയിലെ അൽ-അൻസാർ എന്ന സ്ഥലത്താണ് ഐ.എസുകാർക്കു പരിശീലനം ലഭിക്കുന്നതെന്നും ഇയാൾ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്