- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ ഇസ്രയേലി ഏംബസിക്ക് സമീപം സ്ഫോടനം; ഏംബസി വളപ്പിന് അടുത്ത് നിന്നും ഇസ്രയേലി അംബാസഡർക്കുള്ള കത്ത് കണ്ടെത്തി; കത്തിനൊപ്പം ഒരുകൊടിയും പൊതിഞ്ഞ നിലയിൽ; സ്ഫോടനം സ്ഥിരീകരിച്ച് ഇസ്രയേലി ഏംബസി; ഡൽഹി പൊലീസും ഫോറൻസിക് സംഘവും സ്ഥലത്ത്; പ്രദേശത്ത് കനത്ത ജാഗ്രത
ന്യൂഡൽഹി: ഇസ്രയേലി ഏംബസിക്ക് അടുത്ത് സ്‌ഫോടനം നടന്നതായി വിവരം. ഡൽഹി പൊലീസിന് കിട്ടിയ ഫോൺ കോളിനെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സ്ഥലത്ത് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. എന്നാൽ, ഇസ്രയേലി അംബാസഡറിനെ അഭിസംബോധന ചെയ്യുന്ന കത്ത് ഏംബസി വളപ്പിന് അടുത്ത് നിന്ന് കിട്ടിയതായി പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കത്തിനൊപ്പം ഒരു കൊടിയും പൊതിഞ്ഞ നിലയിൽ കണ്ടെത്തി. കത്ത് പൊലീസ് പിടിച്ചെടുത്തു.
ചാണക്യപുരിയിലെ ഏംബസിക്ക് അടുത്ത് വൈകിട്ട് അഞ്ചുമണിയോട സ്‌ഫോടനം ഉണ്ടായെന്ന് ഏംബസി വക്താവും സ്ഥിരീകരിച്ചു.
' സ്‌ഫോടന ശബ്ദം കേട്ടെങ്കിലും എന്താണ് സംഭവിച്ചതെന്ന് വ്യക്തമായില്ല. ഞങ്ങളുടെ സുരക്ഷാ ടീമും, പൊലീസും സംഭവം അന്വേഷിക്കുകയാണ്', വക്താവ് പറഞ്ഞു.
ഏംബസി ജീവനക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ലെന്നും, ഇന്ത്യൻ, ഇസ്രയേലി ഏജൻസികൾ അന്വേഷണവുമായി സഹകരിച്ചുവരികയാണെന്നും, വിദേശ മന്ത്രാലയം ഡപ്യൂട്ടി മേധാവി ഒഹാദ് നാകാഷ് കെയ്‌നാർ അറിയിച്ചു. ഡൽഹി പൊലീസിന്റെ ക്രൈം യൂണിറ്റ് സംഘവും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി. പ്രദേശത്തു കനത്ത ജാഗ്രതയാണ്. 2021ൽ ഡൽഹിയിലെ ഇസ്രയേൽ എംബസിക്ക് പുറത്ത് ചെറിയ സ്ഫോടനം നടന്നിരുന്നു. ഈ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുകയാണ്.
ടയർ പൊട്ടുന്നതു പോലത്തെ ശബ്ദമാണ് കേട്ടതെന്ന് ഒരു ദൃക്സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. ''വൈകിട്ട് 5 മണിയോടെയാണ് സംഭവം. ഞാൻ ഡ്യൂട്ടിയിലായിരുന്നു. വലിയ ശബ്ദം കേട്ടു പുറത്തിറങ്ങുമ്പോൾ, ഒരു മരത്തിന്റെ മുകളിൽ നിന്ന് പുക ഉയരുന്നത് ഞാൻ കണ്ടു.'' ദൃക്‌സാക്ഷി പറഞ്ഞു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ