- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസർവ് ബാങ്കിനും, എച്ഡിഎഫ്‌സി, ഐസിഐസിഐ എന്നിവയടക്കം സ്വകാര്യ ബാങ്കുകൾക്കും ബോംബ് ഭീഷണി; റിസർവ്ബാങ്ക് ഗവർണറും കേന്ദ്ര ധനമന്ത്രിയും രാജി വയ്ക്കണമെന്നും ഇ-മെയിൽ സന്ദേശത്തിൽ; ബോംബ് വച്ചത് മുംബൈയിലെ 11 ഇടത്തെന്നും മുന്നറിയിപ്പ്
മുംബൈ: റിസർവ് ബാങ്കിനും, എച്ഡിഎഫ്‌സി, ഐസിഐസിഐ എന്നിവയടക്കം മറ്റുബാങ്കുകൾക്കും ബോംബ് ഭീഷണി. ഇ-മെയിലിലാണ് ഭീഷണി സന്ദേശം. മുംബൈയിലെ 11 വ്യത്യസ്ത ഇടങ്ങളിൽ ബോംബ് സ്ഫാപിച്ചിട്ടുണ്ടെന്നാണ് സന്ദേശം. ആർബിഐ ഗവർണർ ശക്തികാന്ത ദാസ്, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവരുടെ രാജിയും ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, മെയിലിൽ പരാമർശിച്ച 11 ഇടത്തും പരിശോധിച്ചിട്ടും, മുംബൈ പൊലീസിന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.
' ആർബിഐക്കൊപ്പം സ്വകാര്യ മേഖലാ ബാങ്കുകളും ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണത്തിൽ ഉൾപ്പെട്ടിരിക്കുന്നു. ഈ കുംഭകോണത്തിൽ ശക്തികാന്ത ദാസും, നിർമല സീതാരാമനും ചില ഉന്നത ബാങ്ക് ഉദ്യോഗസ്ഥരും, ചില പ്രശസ്ത മന്ത്രിമാരും ഉൾപ്പെട്ടിരിക്കുന്നു', ഭീഷണി സന്ദേശം ഇങ്ങനെയായിരുന്നു.
മുംബൈയിലെ ആർബിഐ ന്യൂ സെൻട്രൽ ബിൽഡിങ് ഫോർട്ട്, ചർച്ച്‌ഗേറ്റിലെ എച്ഡിഎഫ്‌സി ഹൗസ്, ബികെസിയിലെ ഐസിഐസിഐ ബാങ്ക് ടവേഴ്‌സ് എന്നിവയ്ക്ക് നേരേയാണ് ബോംബ് ഭീഷണി ഉയർന്നത്. ആർബിഐ ഗവർണറും, ധനമന്ത്രിയും ഉടൻ രാജി വച്ചിട്ട് കുംഭകോണത്തെ കുറിച്ച് വിശദമായ വാർത്താക്കുറിപ്പ് ഇറക്കണം. ഇരുവർക്കും അവർ അർഹിക്കുന്ന ശിക്ഷ നൽകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നതായും ഇമെയിൽ ഭീഷണിയിൽ പറഞ്ഞു.
khilafat.india@gmail.com എന്ന മെയിലിൽ നിന്നാണ് ഭീഷണി എത്തിയത്. എംആർഎ മാർഗ് പൊലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ക്രിസ്മസ്- പുതുവത്സര ആഘോഷങ്ങൾ നഗരത്തിലെ പലഭാഗത്ത് നടക്കുന്ന ഈ സമയത്ത് ബോംബ് ഭീഷണി സന്ദേശം എത്തിയത് ആശങ്കയ്ക്ക് ഇടയാക്കി. എന്നാൽ ഇത് വ്യാജ സന്ദേശമാണെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ.
നവംബറിൽ മുംബൈ വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ ലഭിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ