കൊച്ചി: നാളുകളേറെയായി എക്‌സൈസിനെ വട്ടം കറക്കിയിരുന്ന കൊച്ചി സ്വദേശി ഒടുവിൽ എംഡിഎംഎയുമായി പിടിയിലായി. പള്ളുരുത്തി എംഎൽഎ റോഡിൽ ചാണേപറമ്പിൽ വീട്ടിൽ മുഹമ്മദ് അസ്ലം (ബോംബെ) (31) ആണ് എറണാകുളം എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 3 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. 'സ്‌പെഷ്യൽ മെക്‌സിക്കൻ മെത്ത് ' എന്ന് പറഞ്ഞാണ് ഇയാൾ ഉപഭോക്താക്കളേയും വിതരണക്കാരേയും അകർഷിച്ചിരുന്നത്.

അടുത്തിടെ മയക്കുമരുന്നുമായി പിടിയിലായ യുവതീയുവാക്കളിൽ നിന്ന് പൊതുവായി കേട്ടു വന്നിരുന്നൊരു പേരായിരുന്നു 'ബോംബെ' എന്നുള്ളത്. എന്നാൽ പലരും ഇയാളെ നേരിൽ കണ്ടിട്ടില്ല. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ തുടങ്ങി അതിലൂടെ ആളുകളെ 'ബോംബെ' എന്ന് സ്വയം പരിചയപ്പെടുത്തുകയും ഇത്തരത്തിൽ പരിചയപ്പെടുന്നവരെ സാവധാനം വൻ തുകകൾ വാഗ്ദാനം ചെയ്ത് എംഡിഎംഎ വിതരണത്തിന് പ്രേരിപ്പിക്കുന്നതുമായിരുന്നു ഇയാളുടെ രീതി.

ഇത്തരത്തിൽ ഇയാളുടെ കെണിയിൽ അകപ്പെട്ട ഒരു യുവതിയുടെ സുഹൃത്ത് തന്ന വിവരം അനുസരിച്ച് സിറ്റി മെട്രോ ഷാഡോ സംഘവും എറണാകുളം ഇന്റലിജൻസ് വിഭാഗവും ഇയാൾക്ക് വേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. തുടർന്ന് എക്‌സൈസ് സംഘത്തിന്റെ നിർദേശാനുസരണം യുവതി ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇയാളോട് മയക്കുമരുന്ന് ആവശ്യപ്പെടുകയായിരുന്നു.

ഏതെങ്കിലും ഒരു സ്ഥലത്ത് മയക്ക് മരുന്ന് വച്ചതിന് ശേഷം അതിന്റെ ഫോട്ടോയും ലൊക്കേക്ഷനും അയച്ച് കൊടുക്കുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. ഒരിക്കലും നേരിട്ട് വന്നിരുന്നില്ല. ഇൻസ്റ്റഗ്രാമിലൂടെ QR കോഡ് അയച്ച് കൊടുത്ത് അതിലൂടെ മാത്രമേ മയക്ക് മരുന്നിന്റെ പണം വാങ്ങിയിരുന്നുള്ളു.

ഒരു വലിയ ഡീൽ നടത്തുന്നതിന് ഒരു പാർട്ടി എത്തിയിട്ടുണ്ടെന്നും ക്യാഷിന്റെ കാര്യം നേരിട്ട് സംസാരിക്കണമെന്നും കൂടി യുവതി ഇയാളെ അറിയിച്ചു. ആദ്യം നേരിൽ വരാൻ വിസമ്മതിച്ചെങ്കിലും ഒടുവിൽ മറഞ്ഞിരുന്ന 'ബോംബെ' പ്രതൃക്ഷപ്പെട്ടു. കലൂർ സ്റ്റേഡിയം റൗണ്ട് റോഡിൽ ടാക്‌സി കാറിൽ വന്നിറങ്ങിയ ഉടനെ പന്തികേട് മനസ്സിലാക്കായ ഇയാൾ കൈവശം ഉണ്ടായിരുന്ന മയക്ക് മരുന്ന് വലിച്ചെറിഞ്ഞ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ചു എങ്കിലും എക്‌സൈസ് ടീം ഓടിച്ചിട്ട് പിടികൂടി.

ബെംഗളൂരുവിൽ വച്ച് പരിചയപ്പെട്ട ഒരു ആഫ്രിക്കൻ സ്വദേശി വഴിയാണ് എംഡിഎംഎ എത്തിക്കുന്നതെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പറഞ്ഞു. ഈ ഇനത്തിൽപ്പെട്ട സിന്തറ്റിക് ഡ്രഗ്ഗ് അര ഗ്രാമിൽ കൂടുതൽ കൈവശം വച്ചാൽ 10 വർഷത്തെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയും കിട്ടാവുന്ന കുറ്റമാണ്.

ഇയാളുടെ മയക്കുമരുന്ന് ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. സജീവ് കുമാർ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ.ജി.അജിത്ത്കുമാർ, സിറ്റി മെട്രോ ഷാഡോയിലെ സിവിൽ എക്‌സൈസ് ഓഫീസർ എൻ.ഡി. ടോമി, ടി.പി. ജെയിംസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.