ഇടുക്കി: നെടുമ്പാശേരി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് നൽകിയ പരാതിയിൽ അന്വേഷണം നീങ്ങുന്നത് ഇടുക്കി ഏ ആർ ക്യാമ്പിലെ സി പി ഒ ജോർജ്ജ്കുട്ടിയെ കേന്ദ്രീകരിച്ചെന്ന് സൂചന.

ഒളിവിൽ കഴിയുന്ന ഇയാളെയും ഒപ്പമുള്ള യുവതിയെയും പിടികൂടാൻ രണ്ട് ദിവസം മുമ്പ് പൊലീസ് മൂന്നാറിൽ വ്യാപകമായി പരിശോധന നടത്തിയിരുന്നു. വിവരം ചോർന്ന് കിട്ടിയതിനെത്തുടർന്നാവാം പൊലീസ് എത്തും മുമ്പ് ഇവർ താമസ സ്ഥലത്തുനിന്നും രക്ഷപെട്ടു. ഇവരെ പിടികൂടുന്നതിനായി പൊലീസ് അന്വേഷണം വ്യാപകമാക്കിയതായിട്ടാണ് അറയുന്നത്.

ടവർ ലൊക്കേഷനിൽ ഇരുവരും മൂന്നാറിലുള്ളതായി കണ്ടെത്തിയതോടെയാണ് എസ് ഐ അജേഷ് കെ ജോണിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പരിശോധന നടത്തിയത്. രക്ഷപെടാനുള്ള ശ്രമത്തിനിടെ, രാത്രി പഴയ മൂന്നാർ ഹൈഡൽ പാർക്കിലെത്തിയ ഇവർ സഞ്ചരിച്ചിരുന്ന വാഹനം വിലപിടിപ്പുള്ള കളി ഉപകരണങ്ങൾ ഇടിച്ചു തകർത്തിരുന്നു. പാർക്കിലെ സാമഗ്രികൾ തകർത്തതിന് മൂന്നാർ പൊലീസ് കേസെടുത്തിട്ടുണ്ട്.

മേലുകാവ് സ്വദേശിയായ ജോർജ്ജുകുട്ടി പൊലീസിലെ വെറുക്കപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണെന്നാണ് അറിയുന്നത്. മദ്യപാനവും സ്ത്രീകളുമായി കറക്കവും പതിവാക്കിയ ഇയാൾ ഇതിന് മുമ്പ് നിരവധി തവണ അച്ചടക്ക നടപടി നേരിട്ട ആളാണെന്ന വിവരവും പ്രചരിക്കുന്നുണ്ട്. ഒപ്പം ജോലി ചെയ്്തിരുന്ന പൊലീസുകാരിൽ പലരും ഇയാളെക്കുറിച്ച് സംസാരിക്കാൻ പോലും ഇഷ്ടപ്പെടുന്നില്ലന്നാണ് വാസ്തവം.

നെടുംങ്കണ്ടം സ്റ്റേഷനിൽ ജോലിചെയ്യവെ അച്ചടക്ക നടപടിയുടെ ഭാഗമായി മൂന്നുമാസം സസ്പെൻഷനിലായിരുന്നു. ഇതിനുശേഷമാണ് മറയൂർ സ്റ്റേഷനിൽ നിയമനം നൽകുന്നത്. ഇവിടെയും പ്രശ്നങ്ങൾ സൃഷ്ടിച്ചതിനാൽ ഇയാളുടെ ഡ്യൂട്ടി ഇടുക്കി ഏ ആർ ക്യാമ്പിൽ അറ്റാച്ച് ചെയ്തിരിക്കുകയാണെന്നാണ് അറിയുന്നത്.