- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എക്സിക്യൂട്ടീവ് എക്സ്പ്രസിലെ തീവെപ്പ്: മൂന്ന് പേർ മരിച്ച നിലയിൽ; ഒരു പുരുഷന്റെയും യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് കോരപ്പുഴയ്ക്കും കൊയിലാണ്ടിക്കും ഇടയിലായി; തീപിടിത്തം ഉണ്ടായപ്പോൾ പ്രാണരക്ഷാർത്ഥം ചാടിയവരാണ് മരിച്ചതെന്ന് സൂചന; എലത്തൂർ സംഭവം കേരളത്തെ നടുക്കുമ്പോൾ
കോഴിക്കോട്: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് ട്രെയിനിലെ തീവെപ്പു സംഭവം കേരളത്തെ നടുക്കുന്നു. മൂന്ന് പേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷന്റെയും യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. നേരത്തെ രണ്ട് പേരെ കാണാനില്ലെന്ന വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് വ്യാപക പരിശോധന നടത്തിയപ്പോഴാണ് മൂന്ന് മൃതദേഹങ്ങൾ ട്രാക്കിൽ കണ്ടെത്തിയത്. കോരപ്പുഴയ്ക്കും കൊയിലാണ്ടിക്കും ഇടയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലർച്ചെ ഒന്നരയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
50 വയസ് പ്രായമുള്ള പുരുഷന്റേതാണ് കണ്ടെത്തിയ ഒരു മൃതദേഹം. ഇത് ആരാണെന്നാണ് തിരിച്ചറിയേണ്ടത്. നേരത്തെ കാണാതായ മട്ടന്നൂർ സ്വദേശികളുടേതാണ് മറ്റ് രണ്ട് മൃതദേഹങ്ങൾ എന്നാണ് സൂചന. യുവതിയെയും രണ്ട് വയസ്സുള്ള പെൺകുട്ടിയെയുമാണ് കാണാതായതെന്നാണ് നേരത്തെ പൊലീസിന് ലഭിച്ച വിവരം. തീപിടുത്തം ഉണ്ടായ വേളയിലെ പരിഭ്രാന്തിയിൽ ട്രെയിനിൽ നിന്നും പ്രാണരക്ഷാർത്ഥം എടുത്തുചാടിയവാണ് ഇവരെന്നാണ് മനസ്സിലാകുന്നത്.
ഞായരാഴ്ച്ച രാത്രി 9 മണിയോടെ ഉണ്ടായ സംഭവമാണ് ഇപ്പോൾ കേരളത്തെ നടുക്കുന്ന സംഭവമായി മാറുന്നത്. ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ചെത്തിയ ആൾ ട്രെയിനിൽ യാത്രക്കാരുമായി തർക്കത്തിലേർപ്പെട്ടു പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. എട്ടു പേർക്ക് പൊള്ളലേറ്റിരുന്നു. ആലപ്പുഴ- കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിലെ ഡി വൺ കോച്ചിലാണ് സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും ബേബി മെമോറിയൽ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഒരാൾ കൊയിലാണ്ടിയിലെ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന യുവതിയെയും കുഞ്ഞിനെയും കാണാതായിരുന്നു.
ജ്യോതീന്ദ്രനാഥ്, പ്രിൻസ്, പ്രകാശൻ എന്നിവരാണ് ബേബി മെമോറിയൽ ആശുപത്രിയിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നത്. അനിൽകുമാർ, സജിഷ, അദ്വൈദ്, ദീപക്, റൂബി എന്നിവാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. പരിക്കേറ്റവരിൽ പ്രിൻസ് എന്നയാൾക്ക് കൂടുതൽ പൊള്ളലേറ്റിരിക്കുന്നത്. മറ്റൊരു കോച്ചിൽ നിന്നും എത്തിയ ആളാണ് അക്രമം നടത്തിയെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ട്രെയിൻ കോരപ്പുഴ പാലത്തിനു മുകളിലൂടെ നീങ്ങുമ്പോഴായിരുന്നു സംഭവം. നിലത്ത് പെട്രോളൊഴിച്ചാണ് തീയിട്ടതെന്നാണ് യാത്രക്കാർ നൽകുന്ന വിവരം. കാറ്റത്ത് തീ പെട്ടെന്ന് പടർന്നുപിടിച്ചതോടെ, സമീപത്തെ സീറ്റുകളിലിരുന്ന യാത്രക്കാരുടെ വസ്ത്രങ്ങളിലേക്കും തീപടർന്നു. തീപിടിച്ചതോടെ പരിഭ്രാന്തരായ യാത്രക്കാർ മറ്റ് കംപാർട്ട്മെന്റുകളിലേക്ക് ഓടി. ഇതിനിടെ യാത്രക്കാരിലൊരാൾ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയായിരുന്നു.
തീ പടർന്നെങ്കിലും ഉടൻ തന്നെ അണയ്ക്കാനായത് വൻ അപകടം ഒഴിവാക്കി. സംഭവത്തെ തുടർന്ന് പിടിച്ചിട്ട ട്രെയിൻ പിന്നീട് കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലേക്കു മാറ്റി. തീപിടിച്ച കംപാർട്ട്മെന്റ് മാറ്റിയ ശേഷം ട്രെയിൻ കണ്ണൂരിലേക്ക് യാത്ര തുടർന്നു. അതേസമയം, ട്രെയിൻ നിർത്തിയതിനു പിന്നാലെ, തീയിട്ടയാളെന്നു സംശയിക്കുന്ന ചുവപ്പു തൊപ്പിയും ഷർട്ടും ധരിച്ച യുവാവ് ഓടി രക്ഷപ്പെട്ടതായി ട്രെയിനിലുണ്ടായിരുന്നവർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ