കൊച്ചി: നവകേരള സദസിനെതിരായ പ്രതിപക്ഷ യുവജന പ്രതിഷേധം റിപ്പോർട്ട് ചെയ്തതിന് 24 ന്യൂസ് ചാനൽ റിപ്പോർട്ടർ വിനീത വി.ജിക്കെതിരെ കേസെടുത്തു. കുറുപ്പംപടി പൊലീസാണ് വിനീതയെ അഞ്ചാം പ്രതിയാക്കി കേസെടുത്തത്. മുഖ്യമന്ത്രിക്കെതിരെ ഷൂ എറിഞ്ഞ സംഭവം റിപ്പോർട്ട് ചെയ്തത് വിനീത ആയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിരുന്നത്.

ഐപിസി 120(ബി) പ്രകാരമാണ് വിനീതയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഷൂസ് എറിഞ്ഞവർക്കെതിരെ ചുമത്തിയിരിക്കുന്ന ഈ വകുപ്പുകൾ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയിലെത്തിയപ്പോൾ വകുപ്പുകൾ സംബന്ധിച്ച് പൊലീസിന് അതിരൂക്ഷ വിമർശനമുണ്ടാവുകയും പ്രതികൾക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പ്രതികൾക്കെതിരെ നിലനിൽക്കില്ലെന്ന് കോടതി വിലയിരുത്തിയ അതേ വകുപ്പുകളാണ് നിലവിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കുറുപ്പംപടി സിഐയും ചുമത്തിയിരിക്കുന്നത്.

മാധ്യമ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നു കയറ്റമാണ് ഇതെന്നും, ഇത്തരം വിഷയത്തിൽ കെയുഡബ്ല്യുജെക്ക് ഉറച്ച നിലപാടാണ് ഉള്ളതെന്നും കെയുഡബ്ല്യുജെ സംസ്ഥാന സെക്രട്ടറി കിരൺ ബാബു പറഞ്ഞു. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ മാധ്യമ പ്രവർത്തകയ്ക്ക് പൊലീസ് നോട്ടീസ് നൽകി. മതിയായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം 24 ന്യൂസിന്റെ ബ്യൂറോ ചീഫിനോടും മൊഴി നൽകാൻ ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കുറുപ്പുംപടി പൊലീസ് സ്റ്റേഷനാണ് കേസ് അന്വേഷിക്കുന്നത്. മുഖ്യമന്ത്രിയുടെ ബസിന് നേരെ ചെരുപ്പെറിയുന്നത് നേരിട്ട് റിപ്പോർട്ട് ചെയ്തത് 24 ന്യൂസ് മാത്രമാണ്. ചെരിപ്പെറിയുന്ന സമയം അവിടെയുണ്ടായിരുന്നത് 24 ന്യൂസ് മാധ്യമ പ്രവർത്തക മാത്രമാണ്. ഈ സാഹചര്യത്തിൽ അവർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. ഇങ്ങനെയൊരു കേസിൽ മാധ്യമ പ്രവർത്തകയെ ഉൾപ്പെടുത്തന്നത് കേട്ടു കേൾവിയില്ലാ സംഭവമാണ്.

ചെരുപ്പെറിയൽ ഗൂഢാലോചനയിൽ മാധ്യമ പ്രവർത്തകയ്ക്ക് പങ്കുണ്ടെന്ന തരത്തിലാണ് പൊലീസ് നോട്ടീസും. കഴിഞ്ഞ ദിവസമാണ് 24 ന്യൂസിന്റെ ബ്യൂറോ ചീഫിനും മാധ്യമ പ്രവർത്തകയ്ക്കും ഇത്തരത്തിൽ നോട്ടീസ് കിട്ടിയത്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു നിർദ്ദേശം. എന്നാൽ, ഇപ്പോൾ ഡൽഹിയിലുള്ള്ള മാധ്യമപ്രവർത്തക ചോദ്യം ചെയ്യലിന് ഹാജരായില്ല.

ചെരുപ്പേറ് സമയത്ത് താങ്കളുടെ റിപ്പോർട്ടർ സംഭവ സ്ഥലത്തുണ്ട്. താങ്കളുടെ നിർദ്ദേശാനുസരണവും അറിവോടെയും കൂടിയാണോ റിപ്പോർട്ട് അവിടെ എത്തിയത് എന്ന് അറിയേണ്ടതുണ്ട്. അതിന് വേണ്ടിയുള്ള മൊഴി എടുക്കലിനാണ് ബ്യൂറോ ചീഫിനെ വിളിച്ചതെന്ന് കുറുപ്പുംപടി പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ നൽകിയ നോട്ടീസിൽ വ്യക്തമാണ്. വധശ്രമം അടക്കമുള്ള കുറ്റകൃത്യങ്ങൾ ചുമത്തിയ കേസിലാണ് ചോദ്യം ചെയ്യലെന്നും നോട്ടീസിൽ നിന്നും വ്യക്തമാണ്.

ഈ സംഭവത്തിൽ നാല് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷൂ ഏറിന് പിന്നാലെ പൊലീസ് ലാത്തിവീശി. കരിങ്കൊടി കാണിക്കാനെത്തിയ കെ.എസ്.യു പ്രവർത്തകരെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിക്കുകയും ചെയ്തു. പൊലീസ് നോക്കിനിൽക്കുമ്പോഴായിരുന്നു മർദനം. കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും കൊടി ഡിവൈഎഫ്‌ഐക്കാർ കൂട്ടിയിട്ട് കത്തിച്ചു. പിന്നീട് കെ എസ് യുക്കാർക്ക് കോടതി ജാമ്യവും നൽകി.

ഈ കേസിലാണ് മാധ്യമ പ്രവർത്തകരേയും പ്രതിയാക്കിയിരിക്കുന്നത്. ക്രിമിനൽ പ്രൊസീഡിയർ കോഡിലെ 160-ാം വകുപ്പ് പ്രകാരമാണ് ബ്യൂറോ ചീഫിന് നോട്ടീസ്. സാക്ഷിയെന്ന നിലയിലുള്ള നോട്ടീസാണ് ഇത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്യില്ല. എന്നാൽ ഏഴു കൊല്ലത്തിൽ അധികം ശിക്ഷ കിട്ടാവുന്ന കേസിൽ കുറ്റക്കാരാണെന്ന സംശയം നിലനിൽക്കുമ്പോഴാണ് മാധ്യമപ്രവർത്തകയെയും കേസിൽ പ്രതിയാക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.