ഹൈദരാബാദ്: യുവതിയെ ആക്രമിക്കുകയും കഴുത്തറുത്തുകൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തെന്ന പരാതിയിൽ ഹൈദരാബാദിലെ ടി.ആർ.എസ്. നേതാവിനെതിരേ കേസെടുത്ത് പൊലീസ്. ടി.ആർ.എസ്. കോർഡിനേറ്ററും ജൂബിലി ഹിൽസ് എംഎ‍ൽഎ.യുടെ പി.എ.യുമായ വിജയ് സിൻഹ റെഡ്ഡിക്കെതിരെയാണ് പഞ്ചഗുട്ട പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച പുലർച്ചെ വിജയ് സിൻഹ ആക്രമിച്ചെന്ന് ആരോപിച്ച് പഞ്ചഗുട്ട സ്വദേശിയായ നിഷ(35)യാണ് പൊലീസിൽ പരാതി നൽകിയത്. ഗുരുതരമായി പരുക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

അതേസമയം, തനിക്കെതിരേയുള്ള പരാതി കെട്ടിച്ചമച്ചതാണെന്നും ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിജയ് സിൻഹ റെഡ്ഡി മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴുത്തിൽ മുറിവേറ്റ നിലയിലുള്ള നിഷയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസെടുക്കുകയും ചെയ്തത്. ആക്രമണത്തിന് പിന്നിൽ വിജയ് സിൻഹയാണെന്നും ഇയാൾ ഭാര്യയുടെ സുഹൃത്താണെന്നുമായിരുന്നു നിഷയുടെ ഭർത്താവിന്റെ പ്രതികരണം.

'ആശുപത്രിയിൽനിന്ന് രണ്ടോ മൂന്നോ തവണ ഭാര്യ എന്നെ വിളിച്ചിരുന്നു. പൊലീസുകാരും ആശുപത്രിയിലുണ്ടായിരുന്നു. ജൂബിലിഹിൽസ് എംഎ‍ൽഎ.യുടെ പി.എ.യാണ് ആക്രമിച്ചതെന്നാണ് നിഷ പറയുന്നത്. വിജയ് സിൻഹയും എന്റെ ഭാര്യയും സുഹൃത്തുക്കളായിരുന്നു. അയാൾ എന്റെ ഭാര്യയുടെ ഫോണിലേക്ക് നിരവധിതവണ വിളിച്ചിട്ടുണ്ട്. ദിവസവും പലവട്ടം ഫോണിൽ വിളിക്കും. നഗ്‌നനായി വീഡിയോ കോളുകളും ചെയ്തിരുന്നു. ഇവരുടെ ഫോൺ വിളിയുടെ വിവരങ്ങൾ എന്റെ കൈവശമുണ്ട്. പക്ഷേ, വിലാസം തേടിപ്പിടിച്ചെത്തി ആക്രമിച്ചത് അപ്രതീക്ഷിത സംഭവമായിരുന്നു. ഇപ്പോൾ ഭാര്യയുടെ ആരോഗ്യനില ഗുരുതരമാണ്. അയാൾ എംഎ‍ൽഎ.യുടെ കൂട്ടാളിയായതിനാൽ എനിക്ക് ഭയമുണ്ട്. അവർക്ക് ഗുണ്ടാസംഘങ്ങളുണ്ട്.'- ഭർത്താവ് പറഞ്ഞു.

പരാതിക്ക് പിന്നിൽ മുൻ ഡെപ്യൂട്ടി മേയറായ ബാബാ ഫസിയുദ്ദീൻ ആണെന്നും വിജയ് ആരോപിച്ചു. 'ഞാൻ ടി.ആർ.എസ്. പാർട്ടിയുടെ ബോരബാണ്ട ഡിവിഷനിലെ കോർഡിനേറ്ററാണ്. കഴിഞ്ഞ ആറുവർഷം മുൻ ഡെപ്യൂട്ടി മേയറും ഇപ്പോൾ ബോരബാണ്ടയിലെ കോർപ്പറേറ്ററുമായ ബാബാ ഫസിയുദ്ദീന്റെ പി.എ. ആയി പ്രവർത്തിച്ചു.

എന്നാൽ പണം തട്ടൽ അടക്കമുള്ള അദ്ദേഹത്തിന്റെ പല കള്ളത്തരങ്ങൾക്കും സാക്ഷിയാകേണ്ടി വന്നതോടെ ആ ജോലി വിട്ടു. പിന്നീട് പാർട്ടിക്ക് വേണ്ടിയാണ് പ്രവർത്തിച്ചത്. എനിക്കെതിരേ കേസ് ഫയൽ ചെയ്യാൻ പരാതിക്കാരിക്കും ഭർത്താവിനും ബാബാ ഫസിയുദ്ദീൻ മൂന്നുലക്ഷം രൂപ നൽകിയ കാര്യം ഒരാഴ്ച മുമ്പ് അറിഞ്ഞിരുന്നു.

ഇന്നലെയാണ് ഞാൻ യുവതിയെ കൊല്ലാൻ ശ്രമിച്ചെന്ന രീതിയിൽ വാർത്തകൾ പുറത്തുവന്നത്. രാത്രി ഒരുമണിക്ക് ഞാൻ ആക്രമിച്ചെന്നാണ് പരാതി. എന്നാൽ ആ സമയത്ത് ഞാൻ എവിടെയായിരുന്നു എന്നതിന്റെ എന്റെ പക്കൽ തെളിവുകളുണ്ട്. എല്ലാ തെളിവുകളും പൊലീസിന് കൈമാറും'- വിജയ് സിൻഹ റെഡ്ഡി പറഞ്ഞു.