- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
215 പവൻ സ്വർണം മോഷ്ടിച്ച് മറിച്ചു വിറ്റ കേസ്: ജാമ്യം നിഷേധിച്ചു
തിരുവനന്തപുരം: കാത്തലിക് സിറിയൻ ബാങ്കിൽ പണയം വെച്ച 215 പവൻ സ്വർണം ബാങ്ക് മാനേജരുൾപ്പെടുന്ന സംഘം മറിച്ചുവിറ്റ കേസിൽ ജയിലിൽ കഴിയുന്ന മാനേജർ അടക്കം മൂന്നു പ്രതികൾക്ക് ജാമ്യമില്ല. തിരുവനന്തപുരം അഞ്ചാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതിയുടേതാണ് ഉത്തരവ്.
സി എസ് ബി യടെ മണ്ണന്തല ബ്രാഞ്ച് മാനേജർ എച്ച്. രമേശ്, സുഹൃത്ത് ആർ.വർഗീസ്, സ്വർണ വ്യാപാരി എം.എസ് കിഷോർ എന്നിവർക്കാണ് ജാമ്യം നിരസിച്ചത്. ജനുവരി 16 മുതൽ റിമാന്റിൽ കഴിയുന്ന പ്രതികൾക്കാണ് മജിസ്ട്രേറ്റ് അശ്വതി നായർ ജാമ്യം നിഷേധിച്ചത്. ആരോപണം ഗുരുതരവും ഗൗരവമേറിയതുമാണ്. കൃത്യത്തിൽ പ്രതികളുടെ സജീവ പങ്കാളിത്തം കേസ് റെക്കോർഡുകളിൽ വെളിവാകുന്നുണ്ട്.
പ്രതികൾക്ക് ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും തെളിവു നശിപ്പിക്കുവാനും സാക്ഷികളെ സ്വാധീനിച്ചോ ഭീഷണിപ്പെടുത്തിയോ മൊഴി തിരുത്താനും പ്രോസിക്യൂഷൻ ഒഴിവാക്കാൻ ഒളിവിൽ പോകാനും സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ നീതിയുടെ താൽപര്യത്തിന് വേണ്ടി ജാമ്യ ഹർജി തള്ളുകയാണെന്നും ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി വ്യക്തമാക്കി.
മണ്ണന്തല പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ ഓഡിറ്റിങ്ങിലാണ് മോഷണ വിവരം പുറത്തറിഞ്ഞത്. രമേശ് മണ്ണന്തലയിലെ ബാങ്ക് മാനേജരായിരുന്ന കാലയളവിലായിരുന്നു തിരിമറി. ഏഴുപേർ ബാങ്കിൽ പണയം വച്ച 215 പവൻ സ്വർണം പലപ്പോഴായി പ്രതികൾ കൈക്കലാക്കിയെന്നാണ് കേ. സ്. സ്വർണം തിരിച്ചെടുക്കാൻ നിക്ഷേപകൻ എത്തിയപ്പോഴാണ് സ്വർണം കാണാനില്ലെന്ന വിവരം അറിയുന്നത്. തുടർന്ന് കഴിഞ്ഞ ഒക്ടോബർ 27 ന് നടത്തിയ ഓഡിറ്റിങ്ങിൽ 215 പവൻ സ്വർണം കാണാനില്ലെന്ന് സ്ഥിരീകരിച്ചു. ഇതോടെ ബാങ്കിന്റെ റീജണൽ മാനേജർ മണ്ണന്തല പൊലീസിൽ പരാതി നൽകി. പ്രതിയായ രമേശ് അപ്പോഴേക്കും ട്രാൻഫർ നേടി ബാങ്കിന്റെ പാളയത്തെ ബ്രാഞ്ചിലേക്ക് മാറിയിരുന്നു.
റീജണൽ മാനേജരിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. അൻപത് ലക്ഷം രൂപയുടെ കടം പ്രതികൾക്കുണ്ടായിരുന്നു. കടബാധ്യത തീർക്കാനായിരുന്നു മോഷണം നടത്തിയതെന്നാണ് കരുതുന്നത്. മൂവരും ഒന്നിച്ചാണ് ആസൂത്രണം നടത്തിയതെന്നാണ് പ്രതികൾ കുറ്റസമ്മത മൊഴി നൽകിയതെന്ന് പൊലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ബാങ്കിൽ നിന്ന് മോഷ്ടിച്ച സ്വർണം വിൽപന നടത്താൻ രമേശിനെ സഹായിച്ചത് സുഹൃത്ത് വർഗീസും സ്വർണ വ്യാപാരി കിഷോറുമാണ്. പകുതിയിലേറെ സ്വർണം പ്രതികൾ പലയിടത്തായി വിറ്റതായാണ് പൊലീസ് കണ്ടെത്തൽ.