ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്രയ്ക്ക് എതിരായ അഴിമതി ആരോപണങ്ങളിൽ സിബിഐ അന്വേഷണം. അഴിമതി വിരുദ്ധ സ്ഥാപനമായ ലോക്പാലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് ബിജെപി നേതാവ് നിഷികാന്ത് ദുബെ എക്‌സിൽ പോസ്റ്റ് ചെയ്തു.

' എന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ മഹുവ മൊയിത്രയുടെ അഴിമതിക്ക് എതിരെ ലോക്പാൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു', ദുബെയുടെ പോസ്റ്റിൽ പറയുന്നു.

പ്രധാനമന്ത്രിയെയും, അദാനി ഗ്രൂപ്പിനെയും ലാക്കാക്കി പാർലമന്റിൽ ചോദ്യങ്ങൾ ചോദിക്കാൻ വ്യവസായിയായ ദർശൻ ഹിരാനന്ദനിയിൽ നിന്ന് മഹുവ മൊയിത്ര പണം വാങ്ങിയെന്നാണ് നിഷികാന്ത് ദുബെയുടെ ആരോപണം. വ്യവസായിയുമായി തന്റെ പാർലമെന്ററി ലോഗിൻ ഐഡിയും പാസ്വേഡും പങ്കുവയ്ക്കുക വഴി ദേശീയ സുരക്ഷ ഏപകടത്തിലാക്കിയെന്നും ദുബെ ആരോപിക്കുന്നു. ഉടനടി മൊയിത്രയെ സസ്‌പെൻഡ് ചെയ്യണമെന്നാണ് ലോക്‌സഭാ സ്പീക്കർക്കുള്ള കത്തിൽ ദുബെ ആവശ്യപ്പെട്ടിരുന്നത്. കേന്ദ്രസർക്കാരിനെയും അദാനി ഗ്രൂപ്പിനെയും സംശയത്തിന്റെ നിഴലിൽ നിർത്തി ചോദ്യങ്ങൾ ചോദിക്കുന്നതിന് ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് രണ്ട് കോടിയോളം രൂപ മഹുവ കൈപ്പറ്റി, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് 75 ലക്ഷം രൂപയും, ഐഫോണടക്കം വിലയേറിയ സമ്മാനങ്ങളും ഹിരാനന്ദാനി ഗ്രൂപ്പ് നൽകിയെന്നാണ് ആരോപണം

പ്രധാനമന്ത്രിയെ ആക്രമിക്കാൻ ഏകമാർഗ്ഗം ഗൗതം അദാനിയെ ആക്രമിക്കുകയാണെന്ന് മഹുവ മൊയ്ത്ര കരുതി. അക്കാര്യത്തിൽ അവർക്ക് പിന്തുണയും ആവശ്യമായിരുന്നു. അതിന് വേണ്ടിയാണ് അവർ ചോദ്യങ്ങൾ മെനയാൻ ലോഗിൻ ഐഡി കൊടുത്തത്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ തനിക്ക് പിന്തുണ കിട്ടാൻ വേണ്ടിയാണ് മൊയിത്ര വഴി താൻ ശ്രമിച്ചതെന്നും ഹിരാനന്ദാനി സത്യവാങ്മൂലത്തിൽ പറഞ്ഞു. മൊയിത്രയ്ക്ക് മാധ്യമപ്രവർത്തകർ, അദാനി ഗ്രൂപ്പിലെ മുൻജീവനക്കാർ എന്നിവരുടെ പിന്തുണയും മൊയിത്രയ്ക്ക് കിട്ടി.

മൊയിത്രയുടെ പിന്തുണയാർജ്ജിക്കാൻ വേണ്ടി അവരുടെ ആവശ്യപ്രകാരം ആഡംബര സാധനങ്ങൾ, ഓഫീസ് ബംഗ്ലാവ് മോടിയാക്കൽ, യാത്രാ ചെലവുകൾ, അവധി ആഘോഷം എന്നിവയ്ക്കെല്ലാം വേണ്ടി തൃണമൂൽ എംപിക്ക് നൽകിയെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്. തനിക്ക് ചെയ്യണമെന്നില്ലാത്ത കാര്യങ്ങൾ ചെയ്യാൻ സമ്മർദ്ദം ചെലുത്തിയെന്നും ഹിരാനന്ദാനി സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.

നിഷികാന്ത് ദുബെയുടെ ആരോപണം

തനിക്ക് കിട്ടിയ സുപ്രീം കോടതി അഭിഭാഷകന്റെ കത്താണ് ദുബെയുടെ പരാതിക്ക് ആധാരം. മഹുവ മൊയ്ത്ര, റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ വ്യവസായി ഹിരാനന്ദാനിയുടെ സിഇഒ ദർശൻ ഹിരാനന്ദാനിയിൽ നിന്ന് ലോക്‌സഭയിൽ ചോദ്യം ചോദിക്കാൻ കൈക്കൂലി വാങ്ങി എന്നതിന് നിഷേധിക്കാൻ കഴിയാത്ത തെളിവുകളാണ് തനിക്ക് കിട്ടിയ കത്തിലുള്ളതെന്ന് ദുബെ ആരോപിക്കുന്നു. 2005 ഡിസംബറിലെ ചോദ്യ കോഴ വിവാദത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും ബിജെപി എം പി പറയുന്നു. തൃണമൂൽ എംപി ലോക്‌സഭയിൽ ചോദിച്ച 61 ചോദ്യങ്ങളിൽ 50 എണ്ണവും ദർശൻ ഹിരാനന്ദാനിയുടെ വ്യവസായ താൽപര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ, സംരക്ഷിക്കുന്നതോ, ആയിരുന്നു എന്നാണ് മുഖ്യ ആരോപണം.

അതേസമയം, പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ ലോക്സഭാ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിൽ ഹാജരായ മഹുവ മൊയ്ത്ര ഹിയറിങ്ങിനിടെ ഇറങ്ങിപ്പോയിരുന്നു. ഹിയറിങ് രീതിയെ ചോദ്യം ചെയ്ത് പ്രതിപക്ഷ എംപിമാരും യോഗം ബഹിഷ്‌കരിച്ചു.