- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോട്ടോൾ ദേശത്തെ സാധാരണക്കാരൻ വടർന്ന് പന്തലിച്ചത് ദുബായിൽ; യുഎഇയിലെ നമ്പർ വണ്ണായി ഹോളിഡേ മാറിയപ്പോൾ ഡൽഹിയിലും രാഷ്ട്രീയ ബന്ധങ്ങൾ; പ്രിയങ്കയേയും ഭർത്താവിനും ഈ മലയാളിയുടെ മൊഴി വിനയാകുമോ? സിസി തമ്പിയുമായുള്ള വസ്തു ഇടപാടുകൾ കോൺഗ്രസിന് തലവേദന
ന്യൂഡൽഹി: ആയുധ ഇടപാടുകാരൻ സഞ്ജയ്ഭണ്ഡാരിയുമായി ബന്ധമുള്ള പ്രവാസി വ്യവസായിയും മലയാളിയുമായ സി.സി. തമ്പി ഉൾപ്പെട്ട ഭൂമി ഇടപാട് കേസിൽ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കും ഭർത്താവ് റോബർട്ട് വധേരയ്ക്കും പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം വിശദീകരിക്കുന്നത് തുടരന്വേഷണം കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തുമെന്ന സൂചന. നിലവിൽ പ്രതികളല്ലെങ്കിലും വധേരയ്ക്കും പ്രിയങ്കയ്ക്കും എതിരെ തുടരന്വേണഷം നടക്കും. ഇതിന്റെ സൂചനയാണ് കുറ്റപത്രം നൽകുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രതിപക്ഷ നേതാക്കളെ ബിജെപി ലക്ഷ്യമിടുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു.
ഭൂമി ഇടപാട് നടത്തിയിട്ടുണ്ടെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. കുറ്റപത്രത്തിൽ റോബർട്ടിന്റെ പേര് മുൻപ് വന്നിട്ടുണ്ടെങ്കിലും പ്രിയങ്കയുടേത് ആദ്യമായാണ്. സഞ്ജയ്ഭണ്ഡാരി, സി.സി.തമ്പി, ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ സുമിത് ഛദ്ദ എന്നിവർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ കുറ്റപത്രത്തിലാണ് ഇരുവരുടെയും പേരുള്ളത്. 016ൽ യു.കെയിലേക്ക് കടന്ന ആയുധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിക്കെതിരെ ഔദ്യോഗിക രഹസ്യ നിയമ ലംഘനം, വിദേശനാണ്യ വിനിമയ ലംഘനം തുടങ്ങിയ കുറ്റകൃത്യങ്ങളാണുള്ളത്. സഞ്ജയ് 2009ൽ ലണ്ടനിൽ വാങ്ങിയ വീട് നവീകരിച്ചത് റോബർട്ട് വധേരയുടെ പണമുപയോഗിച്ചാണെന്ന് ഇ.ഡി ആരോപിച്ചിരുന്നു. ഈ വീട്ടിൽ റോബർട്ട് പല തവണ താമസിച്ചെന്നും ഇ.ഡി പറയുന്നു.
ഡൽഹിയിലെ റിയൽ എസ്റ്റേറ്റ് ഏജന്റ് എച്ച്.എൽ. പഹ്വയിൽ നിന്ന് 2006ൽ ഫരീദാബാദിൽ അഞ്ചേക്കർ കൃഷിഭൂമി വാങ്ങിയ പ്രിയങ്ക ഗാന്ധി 2010ൽ അയാൾക്കുതന്നെ തിരികെനൽകിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. 2006 ഏപ്രിലിൽ ഫരീദാബാദിലെ അമിപൂർ ഗ്രാമത്തിൽ റോബർട്ട് വധേര വാങ്ങിയ 40.8ഏക്കർ ഭൂമിയും 2010ൽ പഹ്വയ്ക്ക് തിരികെ വിറ്റു. അതേസമയം 2005-2008 കാലളവിൽ തമ്പിയും പഹ്വയുടെ സഹായത്തോടെ 486 ഏക്കർ ഭൂമി ഇടപാടുകൾ നടത്തിയിരുന്നു. റോബർട്ടുമായി ദീർഘകാല ബിസിനസ് ബന്ധമുണ്ടെന്ന് 2020ൽ അറസ്റ്റിലായ തമ്പി വെളിപ്പെടുത്തിയെന്നാണ് വിശദീകരണം. തമ്പി ഇപ്പോൾ ജാമ്യത്തിലാണ്.
ഹോളിഡേ സിറ്റി സെന്റർ പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ പ്രോപ്പർട്ടീസ് പ്രൈവറ്റ് ലിമിറ്റഡ്, ഹോളിഡേ ബേക്കൽ റിസോർട്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ഉടമയായിരുന്നു തമ്പി. സിറ്റി പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിൽ നിയമം ലംഘിച്ച് സി.സി.തമ്പി ഡൽഹിക്കടുത്ത് ഹരിയാണയിലെ ഫരീദാബാദ്, പൻവേൽ ജില്ലകളിൽ വലിയ തോതിൽ കൃഷിഭൂമി വാങ്ങിക്കൂട്ടിയതായും ഇത് ഫെമ നിയമലംഘനത്തിന്റെ പരിധിയിൽ വരുമെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറയുന്നു. ഇന്ത്യക്ക് പുറത്ത് താമസിക്കുന്ന സി.സി. തമ്പി ഈ മൂന്നുകമ്പനികൾക്ക് വായ്പകൾ തരപ്പെടുത്തിതായും ഇവ പിന്നീട് കമ്പനികളിൽ തന്റെ പേരിലും ബന്ധുക്കളുടെ പേരിലുമുള്ള ഓഹരികളാക്കി മാറ്റിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപ്പെടുത്തിയിരുന്നു.
യുപിഎ സർക്കാരിന്റെ സമയത്ത് ഹരിയാനയിലെ ഫരീദാബാദിൽ 400 ഏക്കറോളം കാർഷിക ഭൂമി വാങ്ങിക്കൂട്ടിയതുമായി ബന്ധപ്പെട്ടാണ് തമ്പിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതെന്ന് ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. റിയൽ എസ്റ്റേറ്റിനു പുറമെ റിസോർട്ടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയവയടക്കം ഇന്ത്യക്ക് അകത്തും പുറത്തുമായി നിരവധി ബിസിനസ് ഇടപാടുകളാണ് ഹോളിഡേ ഗ്രൂപ്പിനുള്ളത്. ഹരിയാനയിൽ നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് വിദേശ വിനിമയ മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചിട്ടുണ്ടെന്ന സംശയമുയർന്നതിനെ തുടർന്ന് ചോദ്യം ചെയ്യാനായി ഹാജരാകാന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തമ്പി അതിന് വഴങ്ങിയിരുന്നില്ല. തുടർന്ന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്യുകയുണ്ടായി. എന്നാൽ ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അതിന് ഫലമുണ്ടായില്ല. തുടർന്ന് ചെന്നൈയിൽ നിന്നും തമ്പിയെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തു.
2010ലും തമ്പിക്കെതിരെ സിബിഐ അന്വേഷണം നടന്നിരുന്നു. തമ്പിയുടെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിങ് കോളേജുകൾക്ക് അടിസ്ഥാന സൗകര്യമില്ലാതിരുന്നിട്ടും അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ അനുമതി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ഈ കേസ്. കേരളത്തിന് അകത്ത് ഹോട്ടൽ ശൃംഖലകൾക്ക് പുറമേ മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപിച്ചു കിടക്കുന്നതാണ് ഹോളിഡേ ഗ്രൂപ്പിന്റെ ബിസിനസുകൾ. മദ്യ ഡിസ്റ്റിലറികളും തമ്പിക്ക് സ്വന്തമായുണ്ട്.
തൃശൂരിലെ കോട്ടോൾ ദേശത്തെ തികച്ചും സാധാരണ ചുറ്റുപാടിലായിരുന്നു തമ്പിയുടെ ജനനം. അച്ഛന് ചെറിയ കച്ചവടം. ആറു മക്കളിൽ അഞ്ചാമൻ. വീട്ടിലെ കൃഷിയും കാലിമേയലും എല്ലാം ചെയ്യേണ്ടി വന്ന കുട്ടിക്കാലം. സർക്കാർ സ്‌കൂളിൽ പഠിച്ച് കൊച്ചിയിലെത്തിയത് പ്രിഡിഗ്രി വിദ്യാഭ്യാസത്തിനാണ്. അത് പൂർത്തിയാക്കി നാട്ടിലെത്തിയ പയ്യന്റെ മനസ്സിൽ ഗൾഫ് മോഹമെത്തി. 1980ലായിരുന്നു തമ്പി ഗൾഫിലെത്തിയത്. ജോലി തേടിയെത്തിയ തമ്പി, 1984ൽ സ്വന്തമായി വ്യവസായ സ്ഥാപനം തുടങ്ങി. കപ്പലുകൾക്ക് വേണ്ട സാധനങ്ങൾ എത്തിച്ചു കൊടുക്കേണ്ട സ്ഥാപനമായിരുന്നു ഇത്. പിന്നീട് ഹോട്ടൽ വ്യവസായത്തിലേക്ക്. കേരളത്തിന്റെ കപ്പയും മീനും ദുബായിൽ അതേ തനിമയിൽ പരിചയപ്പെടുത്തി.
ഫോർ സ്റ്റാർ ഹോട്ടൽ വാടകയ്‌ക്കെടുത്തുള്ള ആദ്യ സംരഭം വിജയമായതോടെ നാലുകെട്ട് എന്ന പേരിലെ ഹോട്ടൽ ശൃംഖല വളർന്നു പന്തലിച്ചു. പതിയെ റിയൽ എസ്റ്റേറ്റിലേക്ക്. അവിടേയും ചുവട് പിഴച്ചില്ല. ഇതോടെ ഹോളിഡേ ഗ്രൂപ്പ് യുഎഇയിലെ നമ്പർ വൺ ബിസിനസ് ഗ്രൂപ്പായി. ഇതോടെ ദുബായിലെത്തുന്ന രാഷ്ട്രീയക്കാരുടെ പ്രിയ സുഹൃത്തായി തമ്പി മാറി. ഇതാണ് ദേശീയ രാഷ്ട്രീയത്തിലെ പ്രധാനികളുമായി പോലും അടുത്ത ബന്ധത്തിലേക്ക് തമ്പിയെ എത്തിച്ചത്.
കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ പോലും സ്വാധീനിക്കുന്ന ശക്തിയായി തമ്പി മാറിയതായും ആരോപണം ഉയർന്നിരുന്നു. ഐ ഗ്രൂപ്പുമായി കരുണാകരന്റെ കാലത്തുണ്ടായിരുന്ന ബന്ധം മുറിയാതെ തമ്പി കാത്തു സൂക്ഷിക്കുകയായിരുന്നു. ഇതിനിടെ ചില ആരോപണങ്ങളും തമ്പിക്കെതിരെ ഉയർന്നു. കൊർണേലി പീറ്റർ ആയിരുന്നു പരാതിക്കാരൻ. അതിൽ പറയുന്നത് ഇങ്ങനെ-1975 മാർച്ച് 17 മുതൽ യു എ ഇ യിൽ ജോലിയും ബിസിനസുമായി 2012 ജൂൺ ഏഴാം തീയതി വരെ തുടർന്നു കൊണ്ടിരുന്നതാണ് .ഇതിനിടയിൽ 1995 മുതൽ തോട്ടക്കാട്ട് ഡിസ്റ്റലറി എന്നസ്ഥാപനവും 1999 മുതൽ ഗോവ യിൽ ടെട്രാക്യൂൻ ഡിസ്റ്റലറിയും ഞാൻ നടത്തികൊണ്ടിരുന്നു.
2006 ൽ യു എ ഇ യിലെ അജ്മാൻ എന്ന എമിറേറ്റിൽ മദ്യവില്പനയ്ക്കുള്ള ലൈസൻസ് സമ്പാദിച്ച് ഗോഡൗണും ഷോപ്പും നടത്തിയിരുന്നു. 2008 വരെ എന്നെ കൂടാതെ 12 ലൈസൻസികൾ ഉണ്ടായിരുന്നു.എന്നാൽ 2008 ഓഗസ്റ്റ് ഒന്നാം തീയതി മുതൽ ഈ എമിറേറ്റിലെ മുഴുവൻ മദ്യ വില്പനശാലകളുടെയും കുത്തക വ്യാപാരം എനിക്ക് സമ്പാദിക്കാനായി.ആയതിന്റെ പേരിൽ അന്നുവരെ നിലവിലുണ്ടായിരുന്ന മറ്റു 11 ലൈസന്‌സുകളും അജ്മാൻ ഭരണാധികാരി ഷെയ്ക്ക് റദ്ദാക്കി. കൊർണേലിയസ് ജനറൽ ട്രേഡിങ് എന്നസ്ഥാപനത്തിനു മാത്രമായി. ഇങ്ങനെ നീളുന്നു ആ പരാതി. ഇതിൽ നിന്ന് തന്നെ തമ്പിയുടെ ഗൾഫിലെ സ്വാധീനം വ്യക്തമാണ്.
മറുനാടന് മലയാളി ബ്യൂറോ