- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗർഭിണിയായിരിക്കെ അശ്വതി ഹോട്ടലിൽ പാത്രം കഴുകാൻ പോയി; രണ്ട് വർഷം മുൻപ് രണ്ടാമത്തെ കുഞ്ഞ് മരിച്ചതും വീട്ടിലെ പ്രസവത്തിൽ; കൂടെ കിടക്കാൻ മാത്രം ഭാര്യ മതിയെന്ന് ചിന്തിക്കുന്ന മദ്യപാനിയായ ഭർത്താവിന്റെ നിസംഗതയും വില്ലനായി; ഒപ്പം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ; ചടയമംഗലത്തെ അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻ
കൊല്ലം: ചടയമംഗലത്ത് ആശുപത്രിയിലെത്തിക്കാതെ ഒറ്റമുറി വീട്ടിൽ നടന്ന പ്രസവമാണ് പോരേടം കള്ളിക്കാട് ഏറത്ത് വീട്ടിൽ അശ്വതിയുടെയും നവജാത ശിശുവിന്റേയും മരണകാരണമായതെങ്കിൽ അശ്വതി ഗർഭിണിയാണെന്ന വിവരം അറിഞ്ഞിട്ടും അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പേര് രജിസ്റ്റർ ചെയ്തു വേണ്ടത്ര ചികിത്സ ലഭ്യമാക്കുന്ന കാര്യത്തിൽ ഭർത്താവിന്റെ വീഴ്ച വ്യക്തമാണ്. മദ്യപാനിയായ ഭർത്താവ് നിറ ഗർഭിണിയായിരുന്നിട്ടും അശ്വതിയെ ഹോട്ടലിൽ പാത്രം കഴുകാൻ പറഞ്ഞ് വിട്ടുന്നു. അശ്വതി ജോലിക്ക് പോയാലെ കുടുംബത്തിലെ ദൈനദിന ചെലവ് മുന്നോട്ടു പോകു എന്ന അവസ്ഥയിലായിരുന്നു.
അതാണ് ശാരീരിക ബുദ്ധിമുട്ടുകൾ പോലും മറച്ച് വെച്ച് അശ്വതി ജോലിക്ക് പോയത്. ഭാര്യ ഗർഭിണിയായിട്ടും ആശുപത്രിയിൽ കൊണ്ട് പോകാനോ ഡോക്ടറെ കാണാനോ ഇവരുടെ ഭർത്താവ് ശ്രമിച്ചിരുന്നില്ല. രണ്ട് വർഷം മുൻപ് അശ്വതിയുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടതും ഇതേ സാഹചര്യത്തിൽ തന്നെ. രണ്ടു വർഷം മുൻപ് അശ്വതി വീട്ടിൽ പ്രസവിച്ചിരുന്നു. അന്നും കുട്ടി മരിച്ചിരുന്നു. എന്നിട്ടും ആശുപത്രിയിൽ പോകാത്തത് ദുരൂഹത കൂട്ടുന്നു. അശ്വതിയുടെയും കുഞ്ഞിന്റെയും മരണത്തിലെ ദുരൂഹത നീക്കാൻ സംഭവത്തിൽ വനിത കമ്മീഷനും ഇടപെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചടയമംഗലം സി ഐക്ക് വനിത കമ്മീഷൻ നിർദ്ദേശം നൽകി കഴിഞ്ഞു.
അശ്വതിയുടെയും കുഞ്ഞിന്റെയും മരണത്തിൽ ആരോഗ്യ വകുപ്പിനും വീഴ്ച പറ്റിയിട്ടുണ്ട്. നിറ ഗർഭിണിയായ യുവതി കള്ളിക്കാട് താമസിക്കുന്നുവെന്ന വിവരം ആശവർക്കർമാർ ആരോഗ്യ വകുപ്പിനെ അറിയിക്കുകയോ ആരോഗ്യ പ്രവർത്തകർ അശ്വതിയുടെ വീട്ടിൽ എത്തി വേണ്ട നിർദ്ദേശങ്ങൾ നൽകുകയോ ചെയ്തിരുന്നില്ല. ഇവിടെത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പറ്റിയത് ഗുരുതരമായ വീഴ്ചയാണ്. ഭർത്താവ് അനിലുണ്ടെങ്കിലും സ്ഥിരം മദ്യപാനിയായതിനാൽ ജോലിക്ക് പോകുന്നത് ചുരുക്കമാണ്. അശ്വതി കൂലിപ്പണി ചെയ്താണ് കുടുംബം പുലർത്തിയിരുന്നത്. 17 വയസ്സുള്ള മകനും ഉണ്ട്. മകൻ ആദ്യ വിവാഹത്തിലേതാണ്.
കഴിഞ്ഞ ജൂൺ 26ന് അശ്വതി പ്രസവ സംബന്ധമായ ചികിത്സയ്ക്ക് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. മടവൂരിൽ സ്വകാര്യ ക്ലിനിക്കിലും പരിശോധന നടത്തി. ഈ വിവരം അറിഞ്ഞ് അശ്വതിയുടെ വീട്ടിൽ ആശാവർക്കർമാർ എത്തി. എന്നാൽ അശ്വതിയുടെ വീട്ടിൽ ആളില്ലെന്നു കാരണം പറഞ്ഞു ആശാ വർക്കർമാർ മടങ്ങുകയായിരുന്നു. പ്രസവസംബന്ധമായ ചികിത്സയെക്കുറിച്ചുള്ള അജ്ഞത ഇവരുടെ മരണത്തിനു കാരണമായെന്നു വേണം കരുതാൻ. ഒപ്പം മദ്യപാനിയായ ഭർത്താവിന്റെ ജാഗ്രത കുറവും.
നിലമേൽ താമസിച്ചിരുന്ന അശ്വതിയും കുടുംബവും ബ്ലോക്ക് പഞ്ചായത്തിൽ നിന്നു സഹായം ലഭിച്ചതിനെ തുടർന്നാണ് കള്ളിക്കാട്ട് വസ്തു വാങ്ങിയത്. ഒറ്റമുറി വീട് വച്ചെങ്കിലും താമസിക്കാൻ മതിയായ സൗകര്യങ്ങൾ ഇല്ലായിരുന്നു. ശുചിമുറി സൗകര്യവും കുറവായിരുന്നു. ചടയമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിലാണ് മണലയം ഭാഗം. നിലമേൽ ആരോഗ്യ കേന്ദ്രവും സമീപത്താണ്. ദിവസവും ആശാ വർക്കർമാർ ഫീൽഡ് സന്ദർശനം നടത്തി ഗർഭിണികളുടെയും കുട്ടികളുടെയും മറ്റും വിവരം ശേഖരിക്കേണ്ടതുണ്ട്. സമീപത്തുള്ള അങ്കണവാടികൾ വഴി ഗർഭിണികൾക്ക് പോഷകാഹാരം എത്തിക്കുകയും വേണം.
അശ്വതിയുടെയും നവജാത ശിശുവിന്റെയും മരണത്തെ കുറിച്ച് മെഡിക്കൽ ബോർഡ് വിശദമായ പരിശോധന നടത്തിയ ശേഷമേ കൂടുതൽ വിവരം അറിയാനാകൂ. ചടയമംഗലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ അന്വേഷിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസറും വ്യക്തമാക്കി. അശ്വതിയുടെ 17 വയസുള്ള മകന്റെ പഠനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പഞ്ചായത്ത് യോഗം ചേരും.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്