കൊല്ലം : ഇലന്തൂരിലെ ഇരട്ട നരബലിയിൽ നടുങ്ങി നൽക്കുന്ന കേരളം കൊല്ലത്തെ നഗ്‌നപൂജയുടെ വാർത്തകേട്ട് അമ്പരക്കുകയാണ്. ചടയമംഗലത്ത് മന്ത്രവാദത്തിന്റെ മറവിൽ യുവതിയെ നഗ്നപൂജ നടത്താൻ ഭർത്താവും വീട്ടുകാരും ഒരുപോലെ ശ്രമിക്കുകയായിരുന്നു. ഭാഗ്യം കൊണ്ട് പലവട്ടം രക്ഷപ്പെട്ട യുവതി, ഇലന്തൂരിലെ ഇരട്ട നരബലി വാർത്ത വന്നതോടെയാണ് പരാതിയുമായി പൊലീസനെ സമീപിച്ചത്. സംഭവത്തിൽ ഭർത്യമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്യുമ്പോഴും ദുരൂഹതകൾ തുടരുകയാണ്.

ചടയമംഗലം നെട്ടേത്തറ ശ്രുതിയിൽ ലൈഷയാണ് (62) അറസ്റ്റിലായത്. മന്ത്രവാദി നിലമേൽ ചേറാട്ടുകുഴി സ്വദേശി അബ്ദുൽ ജബ്ബാർ (55) , സഹായി സിദ്ദിഖ്, യുവതിയുടെ ഭർത്താവ് ഷാലു (36), സഹോദരി ശ്രുതി ഉൾപ്പെടെ 4 പേർ ഒളിവിലാണ്. ഇവർ തമിഴ്‌നാനാട്ടിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നു. ഇവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഷാലുവിന്റെ ഭാര്യ ആറ്റിങ്ങൽ സ്വദേശി സിജിത (26) നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

2016 ഡിസംബർ 9 നായിരുന്നു സിജിത ശ്രീകുമാറും ഷാലു സത്യബാബുവും തമ്മിലുള്ള വിവാഹം. സിജിതയ്ക്ക് കടുത്ത ശത്രു ദോഷങ്ങൾ ഉണ്ടെന്നും മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിക്കണമെന്നും ഭർത്താവും ഭർത്യമാതാവും വിവാഹ ശേഷം നിരന്തരം ആവശ്യപ്പെട്ടു കൊണ്ടിരുന്നതായി സിജിത പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഇതോടെ മാനസിക ശാരീരിക പീഡനങ്ങളും ആരംഭിച്ചു. ബീമാപള്ളി, ഏർവാടി, കൊടുങ്ങല്ലൂർ , തേനി തുടങ്ങിയ സ്ഥലങ്ങളിൽ പൂജക്കായി കൊണ്ടു പോയി.

ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പൂജകൾ. ഈ യാത്രകളിലെല്ലാം അബ്ദുൾ ജബ്ബാറും സഹായി സിദ്ദിഖും ഭർത്യ സഹോദരി ശ്രുതിയും ഒപ്പം ഉണ്ടായിരുന്നു . 2017 ജനുവരി 17 മുതൽ 20 വരെ നാഗൂർ പള്ളിക്കടുത്ത് ഒരു ലോഡ്ജിലായിരുന്നു പൂജകൾ. ലോഡ്ജിൽ എത്തുമ്പോൾ മറ്റൊരു പെൺകുട്ടിയെ പീഠത്തിൽ ഇരുത്തി അബ്ദുൾ ജബ്ബാർ പൂജ ചെയ്യുകയായിരുന്നു. തന്നെയും നഗ്ന പൂജ ചെയ്യാൻ നിർബന്ധിച്ചു. വഴങ്ങാതിരുന്നപ്പോൾ ഭർത്താവും ഭർത്യ സഹോദരിയും തന്നെ മർദ്ദിച്ചു.

സിദ്ദിഖ്് വസ്ത്രം വലിച്ചു കീറി. ഇതോടെ പൂജ നടത്തിക്കൊണ്ടിരുന്ന പെൺകുട്ടിയുടെ പിതാവ് നാട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചതോടെ സിജിതയും രക്ഷപെടുകയായിരുന്നു. രണ്ടു മാസം മാത്രമേ യുവതി ഭർത്യ വീട്ടിൽ താമസിച്ചിരുന്നുള്ളു. തിരിച്ച് വീട്ടിലെത്തിയ യുവതി സ്വന്തം വീടായ ആറ്റിങ്ങലേക്ക് താമസം മാറി. ഇതിനിടെ അബ്ദുൽ ജബ്ബാറും സിദ്ദിഖും ഭർത്താവും ഉൾപ്പെട്ട സംഘം ആറ്റിങ്ങലിലെ വീട്ടിലെത്തി വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയും സഹോദരനെ ആക്രമിക്കുകയും ചെയ്തു.

അഞ്ചു വയസുള്ള മകളെയും ഭീഷണിപ്പെടുത്തി. ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. 9 മാസം മുമ്പ് താൻ വിവാഹമോചനത്തിന് യുവതി കോടതിയെ സമീപിച്ചു. ഒരാഴ്ച മുമ്പ് ഭർത്താവ് തന്നെ ലൈംഗികബന്ധത്തിന് ക്ഷണിക്കുകയും ഫേസ്‌ബുക്ക് വഴി അപകീർത്തിപ്പെടുത്തുകയും ചെയ്തതായി ചടയമംഗലം പൊലീസിൽ നൽകിയ പരാതിയിൽ സിജിത ആരോപിച്ചു. ഇലന്തൂർ നരബലി സംഭവം അറിഞ്ഞപ്പോഴാണ് വീണ്ടും പരാതിയുമായി അവർ പൊലീസിനെ സമീപിച്ചത്. തുടർന്ന് ചടയമംഗലം പൊലീസ് കേസെടുക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു.

സംഭവം അറിഞ്ഞ ഡി.വൈ.എഫ്ഐ അടക്കം യുവജന സംഘടനകൾ സംഭവം നടന്ന വീട്ടിലേക്ക് മാർച്ച് ചെയ്തതിനെ തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിവാഹം കഴിഞ്ഞുവന്നപ്പോൾ വീടിനു മുകളിലെ നിലയിൽ മറ്റ് രണ്ടുപേർ താമസിക്കുന്നത് സിജിതയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. പിന്നീട് അബ്ദുൽ ജബ്ബാർ സഹോദരിയുടെ മുറിയിൽ നിന്നും ഇറങ്ങിപ്പോകുന്നതുകൊണ്ട് ചോദിച്ചപ്പോൾ സഹോദരിയെ ഇയാൾ വിവാഹം ചെയ്തതായി അറിയിച്ചു. സഹോദരിക്ക് ജാതകദോഷം ഉണ്ടെന്നും അതിനാലാണ് അന്യമതസ്ഥനെ വിവാഹം കഴിപ്പിച്ചതെന്നുമായിരുന്നു ഭർത്താവ് ഷാലു പറഞ്ഞത്.