തിരുവനന്തപുരം: ചാക്കയിൽ വയോധികയായ അമ്മയ്ക്ക് മകളുടെ ക്രൂരപീഡനം. ചാക്കയിൽ താമസിക്കുന്ന അദ്ധ്യാപികയായ സ്ത്രീയാണ് 80 വയസ്സിലേറെ പ്രായമുള്ള അമ്മയെ ക്രൂരമായി ഉപദ്രവിച്ചത്. മുത്തശ്ശിയുടെ ദുരവസ്ഥ പുറത്തു കൊണ്ടു വന്നതുകൊച്ചുമകളാണ്. ആദ്യ പരാതി പൊലീസ് ഗൗരവത്തോടെ എടുത്തില്ല. ഇതോടെ ദൃശ്യ തെളിവുമായി വീണ്ടും എത്തി. ഇതോടെയാണ് ക്രൂരത പുറംലോകത്ത് അറിയുന്നത്.

അദ്ധ്യാപിക അമ്മയുടെ ശരീരത്തിൽ ചൂടുവെള്ളം ഒഴിച്ചെന്നും നിലത്തിട്ട് വലിച്ചിഴച്ചെന്നുമാണ് പരാതി. അദ്ധ്യാപികയുടെ മകൾ തന്നെയാണ് മുത്തശ്ശിയെ ഉപദ്രവിക്കുന്നവിവരം പൊലീസിനെ അറിയിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പെൺകുട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്. ഇതോടെ പൊലീസിനും നടപടി എടുക്കേണ്ടി വരും. ചാക്കയിൽ അദ്ധ്യാപികയായ മകളോടൊപ്പം താമസിക്കുന്ന വയോധികയാണ് പീഡനത്തിന് ഇരയായത്.

ഈ അമ്മ വർഷങ്ങളായി ഉപദ്രവം നേരിടുകയാണെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്. അമ്മ മുത്തശ്ശിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും സ്ട്രോക്ക് വന്നിട്ടും അതിനുള്ള ചികിത്സയോ മരുന്നോ നൽകാറില്ലെന്നും പെൺകുട്ടി പറയുന്നു. വിദേശത്തായിരുന്ന പെൺകുട്ടി കഴിഞ്ഞ സെപ്റ്റംബറിലാണ് നാട്ടിൽ തിരിച്ചെത്തിയത്. ഈ സമയത്തും അമ്മ മുത്തശ്ശിയെ ഉപദ്രവിക്കുന്നതിന് പെൺകുട്ടി കണ്ടു. മുന്നറിയിപ്പും നൽകി. എന്നാൽ അമ്മ അത് അവഗണിച്ചു.

മുത്തശ്ശിയെ ഉപദ്രവിക്കരുതെന്ന് വിലക്കിയിട്ടും അദ്ധ്യാപിക ഇത് വകവെച്ചില്ല. മുത്തശ്ശിക്കായി വാദിച്ച മകളോട് വീട്ടിൽനിന്ന് ഇറങ്ങിപ്പോകാനാണ് ഇവർ ആവശ്യപ്പെട്ടത്. ഒക്ടോബറിൽ പെൺകുട്ടി അമ്മയ്ക്കെതിരേ പേട്ട പൊലീസിൽ പരാതി നൽകി. എന്നാൽ, മകൾക്ക് മാനസികപ്രശ്നമുണ്ടെന്നും മകൾ പറയുന്നത് കാര്യമാക്കേണ്ടെന്നും പറഞ്ഞ് അദ്ധ്യാപിക പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. ഇതോടെ പൊലീസും പിന്നീട് അന്വേഷണം നടത്തിയില്ലെന്നും പെൺകുട്ടി പറയുന്നു. എന്നാൽ ചില ഇടപെടൽ നടന്നുവെന്നും സൂചനയുണ്ട്.

അദ്ധ്യാപികയായ അമ്മയുടെ ഉപദ്രവം കാരണം പെൺകുട്ടിയും മറ്റൊരിടത്താണ് താമസം. ബന്ധുക്കളാരും വരാറില്ല. കഴിഞ്ഞദിവസമാണ് അമ്മ മുത്തശ്ശിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പെൺകുട്ടിക്ക് കിട്ടിയത്. ഈ ദൃശ്യങ്ങൾ സഹിതം പെൺകുട്ടി വീണ്ടും പൊലീസിന് പരാതി നൽകി. മുത്തശ്ശിയെ കുളിമുറിയിൽ ഇരുത്തി അമ്മ അവർക്ക് നേരേ വെള്ളം ഒഴിക്കുന്നതിന്റെയും തറയിലൂടെ വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പെൺകുട്ടി പുറത്തുവിട്ടിരിക്കുന്നത്. പൊലീസ് നടപടി ഉറപ്പാക്കാനായിരുന്നു ഈ നീക്കം.

ഇത് ഫലം കാണുകയും ചെയ്തു. വലിയ ക്രൂരത മാധ്യമങ്ങളിലൂടെ പുറംലോകത്ത് എത്തി. മുത്തശ്ശിയെ എത്രയുംവഗം ഈ വീട്ടിൽനിന്ന് സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റണമെന്നാണ് പരാതിക്കാരിയായ ചെറുമകളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി വനിതാ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും പെൺകുട്ടി പരാതി നൽകിയിട്ടുണ്ട്. ചാക്കയിൽ വയോധികയെ മകൾ ഉപദ്രവിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്നും ഇടപെടലുണ്ടാകുമെന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണമുണ്ടാകുമെന്നും സതീദേവി പറഞ്ഞു.