- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ ഹോസ്റ്റലിൽ സഹപാഠികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിനി ആൺസുഹൃത്തിന് അയച്ചുനൽകിയത് അറുപതോളം വിദ്യാർത്ഥിനികളുടെ സ്വകാര്യ ദൃശ്യങ്ങൾ; വിദ്യാർത്ഥിനി അറസ്റ്റിൽ; ചണ്ഡിഗഡ് സർവകലാശാലയിൽ വൻ പ്രതിഷേധം
ന്യൂഡൽഹി: വനിതാ ഹോസ്റ്റലിൽനിന്നുള്ള സ്വകാര്യദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ ചണ്ഡീഗഢ് സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനി അറസ്റ്റിൽ. ദൃശ്യങ്ങൾ പകർത്തിയെന്ന് മറ്റുവിദ്യാർത്ഥിനികൾ ആരോപിച്ച ഒന്നാം വർഷ എംബിഎ വിദ്യാർത്ഥിനിയെയാണ് പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്. മണിക്കൂറുകളോളം ചോദ്യംചെയ്തതിന് ശേഷമാണ് പെൺകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞദിവസമാണ് ഹോസ്റ്റലിൽനിന്നുള്ള സ്വകാര്യദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി ആരോപിച്ച് ചണ്ഡീഗഢ് സർവകലാശാലയിലെ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയത്. ശുചിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് ചണ്ഡിഗഡ് സർവകലാശാലയിലെ കാമ്പസിൽ രാത്രി വൈകിയും വൻ പ്രതിഷേധം ഉയർന്നു. പൊലീസ് സ്ഥലത്ത് എത്തിയാണ് വിദ്യാർത്ഥിനികളെ അനുനയിപ്പിച്ചത്.
പൊലീസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയാണ് ഹോസ്റ്റലിൽനിന്നുള്ള സ്വകാര്യദൃശ്യങ്ങൾ പകർത്തിയതെന്നാണ് വിദ്യാർത്ഥിനികളുടെ ആരോപണം. ഏകദേശം അറുപതോളം വിദ്യാർത്ഥിനികളുടെ കുളിമുറി ദൃശ്യങ്ങളും ശൗചാലയത്തിൽനിന്നുള്ള ദൃശ്യങ്ങളുമാണ് പെൺകുട്ടി രഹസ്യമായി പകർത്തിയത്. ഈ ദൃശ്യങ്ങൾ ഷിംലയിലുള്ള ആൺസുഹൃത്തിന് അയച്ചുനൽകി. ഇയാളാണ് സ്വകാര്യദൃശ്യങ്ങൾ ഇന്റർനെറ്റിൽ അപ് ലോഡ് ചെയ്തതെന്നാണ് ആരോപണം.
അറസ്റ്റിലായ പെൺകുട്ടിയുടേതെന്ന പേരിലും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. രാത്രി വൈകിയും പെൺകുട്ടികൾ ക്യാംപസിൽ പ്രതിഷേധിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു. ശുചിമുറി ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെ നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി വാർത്തകൾ പ്രചരിച്ചതോടെ സർവകലാശാലയുടെ വിവിധ ഭാഗങ്ങളിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആരും ആത്മഹത്യക്ക് ശ്രമിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും മൊഹാലി പൊലീസ് മേധാവി വിവേക് സോനി പ്രതികരിച്ചു.
Protest breaks out in Chandigarh University after someone secretly recorded videos of girls from hostel bathroom and leaked them online. University administration is trying to muzzle the protest, according to a student : @PunYaab
- Yogita Bhayana योगिता भयाना (@yogitabhayana) September 17, 2022
pic.twitter.com/BIi1jTBPCN
വിദ്യാർത്ഥിനികൾ ക്യാംപസിൽ ആത്മഹത്യാ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇത്തരം വാർത്തകൾ വ്യാപകമായി പ്രചരിച്ചത്. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ ഒരു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സർവകലാശാല അധികൃതർ വ്യക്തമാക്കി. സംഭവത്തിനു പിന്നിലെ കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും വിദ്യാർത്ഥികൾ സംയമനം പാലിക്കണമെന്നും പഞ്ചാബ് വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയിൻസ് വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.
ഒരു പെൺകുട്ടി കുഴഞ്ഞുവീണതാണെന്നും അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നുമായിരുന്നു സർവകലാശാല അധികൃതരുടെ വിശദീകരണം. പെൺകുട്ടികൾ ആരോപിക്കുന്നത് പോലെ സ്വകാര്യദൃശ്യങ്ങൾ പുറത്തായിട്ടില്ലെന്നും വിദ്യാർത്ഥിനികളെ ശാന്തരാക്കാനായാണ് പൊലീസിനെ വിളിച്ചതെന്നും സർവകലാശാല അധികൃതർ പറഞ്ഞു.
തങ്ങളുടെ കുളിമുറി ദൃശ്യങ്ങൾ ഇന്റർനെറ്റിൽ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥിനികൾ സംഭവമറിയുന്നത്. ഇതിനകം വീഡിയോ പല അശ്ലീല സൈറ്റുകളിലും സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തുടർന്ന് വിദ്യാർത്ഥിനികൾ തന്നെ ദൃശ്യങ്ങൾ പകർത്തിയ പെൺകുട്ടിയെ കണ്ടെത്തി ചോദ്യംചെയ്യുകയായിരുന്നുവെന്നും വിവരങ്ങളുണ്ട്.
അതേസമയം, ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഒരു വീഡിയോ മാത്രമാണ് കണ്ടെത്തിയതെന്ന് മൊഹാലി എസ്.എസ്‌പി. വിവേക് സോണി പ്രതികരിച്ചു. പ്രതിയായ പെൺകുട്ടി സ്വയം ചിത്രീകരിച്ച അവരുടെ തന്നെ വീഡിയോയാണ് കണ്ടെടുത്തത്. മറ്റുള്ളവരുടെ വീഡിയോ പകർത്തിയിട്ടില്ലെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇലക്ട്രോണിക്സ് ഉപകരണങ്ങളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവയെല്ലാം ഫൊറൻസിക് പരിശോധനയ്ക്ക് അയക്കുമെന്നും കേസിൽ അന്വേഷണം തുടരുകയാണെന്നും എസ്.എസ്‌പി. വ്യക്തമാക്കി.
പഞ്ചാബിലെ മൊഹാലിയിലുള്ള ചണ്ഡീഗഡ് സർവ്വകലാശാല ഹോസ്റ്റലിലാണ് അസാധാരണ സംഭവം. നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കടുത്ത പ്രതിഷേധത്തിലാണ്. പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാർട്ടിയുടെ തലവനും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ സംഭവം അങ്ങേയറ്റം അപമാനകരമെന്ന് പ്രതികരിച്ചു. വിഷയത്തിൽ വിദ്യാർത്ഥികൾ സമാധാനപ്പെടമെന്നും പറഞ്ഞു. 'ചണ്ഡീഗഡ് സർവ്വകലാശാലയിൽ ഒരു വിദ്യാർത്ഥിനി ഹോസ്റ്റലിൽ കൂടെയുള്ളനിരവദി വിദ്യാർത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചിരിക്കുകയാണ്. വിഷയം വളരെ ഗൗരവമുള്ളതും അപമാനകരവുമാണ്. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകും. ഇരകളായവർ സംയമനം പാലിക്കണം, ധൈര്യം കാണിക്കണം. ഞങ്ങളെല്ലാവരും ഒപ്പമുണ്ട്. എല്ലാവരും ക്ഷമയോടെയിരിക്കണം'. കെജ്രിവാൾ ട്വീറ്റ് ചെയ്തു.
വിഷയത്തിൽ അന്വേഷണം ആരംഭിച്ചതായി പഞ്ചാബ് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ മനീഷ ഗുലാത്തി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി ഹർജോത് സിങ് ബെയിൻസും വിദ്യാർത്ഥികളോട് സംയമനം പാലിക്കാൻ നിർദ്ദേശിച്ചു. 'കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടും. നമ്മുടെ സഹോദരിമാരുടെയും മക്കളുടെയും അഭിമാനത്തിന്റെ പ്രശ്‌നമാണ്. മാധ്യമങ്ങൾ ഉൾപ്പടെ നമ്മളെല്ലാവരും ശ്രദ്ധയോടെയിരിക്കണം'. അദ്ദേഹം ട്വീറ്റ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ