സുൽത്താൻ ബത്തേരി: പഴേരി തോട്ടക്കരയിൽ സുഹൃത്തിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം മദ്ധ്യവയസ്‌ക ജീവനൊടുക്കിയ സംഭവത്തിൽ നിറയുന്നതും ഗൂഢാലോചന. ബത്തേരി തൊടുവെട്ടി സ്വദേശി പുത്തക്കാടൻ ബീരാൻ (58) ആണ് വെട്ടേറ്റുമരിച്ചത്. കൊലപാതകം നടത്തിയ ശേഷം ചന്ദ്രമതി തൂങ്ങിമരിച്ചുവെന്നാണ് നിഗമനം.

ഞായറാഴ്ച വൈകിട്ട് മൂന്നോടെ ചന്ദ്രമതിയുടെ വീട്ടിലായിരുന്നു സംഭവം.ഉച്ചയോടെ ബീരാൻ പഴേരിയിലെ ചന്ദ്രമതിയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം വീട്ടിലുണ്ടായിരുന്ന അമ്മ ദേവകിയെ സഹോദരന്റെ വീട്ടിലേക്ക് ചന്ദ്രമതി പറഞ്ഞയച്ചു. ദേവകി വൈകിട്ട് തിരികെയെത്തിയപ്പോഴാണ് വീടിന് പിറകുവശത്ത് ചന്ദ്രമതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ സഹോദരനെ വിവരമറിയിച്ചു. സഹോദരൻ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിലെ കട്ടിലിൽ കഴുത്തിന് വെട്ടേറ്റുമരിച്ച നിലയിൽ ബീരാന്റെ മൃതദേഹം കണ്ടത്. ബീരാനെ കൊല്ലാൻ വേണ്ടിയാണ് അമ്മയെ പറഞ്ഞയച്ചതെന്നാണ് സൂചന.

ചന്ദ്രമതിയും ബീരാനും സുഹൃത്തുക്കളും കൂട്ടു കച്ചവടക്കാരുമായിരുന്നു. ഇരുവരും ചേർന്ന് അടുത്തിടെ ഗുഡ്‌സ് ഓട്ടോ വാങ്ങിയിരുന്നു. സാമ്പത്തിക ഇടപാടുകളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുപതു വർഷം മുമ്പ് ചന്ദ്രമതിയെ ഉപേക്ഷിച്ചുപോയ ഭർത്താവ് കുട്ടപ്പൻ ഒരുവർഷം മുമ്പ് മരിച്ചു. രണ്ട് ആൺമക്കൾ വേറെയാണ് താമസിക്കുന്നത്. ബീരാന് ഭാര്യയും രണ്ട് മക്കളുമുണ്ട്. സുൽത്താൻ ബത്തേരി ഡിവൈ.എസ്‌പി കെ.കെ അബ്ദുൾ ഷരീഫിന്റെ നേതൃത്തിലാണ് അന്വേഷണം.

ഇന്നലെ ഉച്ചയോടെ ചന്ദ്രമതിയും മാതാവ് ദേവകിയും വീട്ടിലുള്ളപ്പോഴാണു സുഹൃത്തായ ബീരാൻ ഗുഡ്‌സ് ഓട്ടോറിക്ഷയിൽ എത്തിയത്. തുടർന്ന് അമ്മയെ അടുത്തുള്ള സഹോദരന്റെ വീട്ടിലേക്കു ചന്ദ്രമതി പറഞ്ഞയക്കുകയായിരുന്നു. ചന്ദ്രമതി എഴുതിയതെന്നു കരുതുന്ന കത്ത് പൊലീസ് കണ്ടെടുത്തു. ബീരാനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗുഡ്‌സ് ഓട്ടോയിൽ നിന്നു കയർ എടുത്തു കൊണ്ടു വന്നാണു ചന്ദ്രമതി തൂങ്ങിയതെന്നാണു പൊലീസ് നിഗമനം.

കഴിഞ്ഞ 13 വർഷമായി ഇരുവരും സുഹൃത്തുക്കളാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബത്തേരി നഗരസഭയിലേക്കു ബീരാൻ മത്സരിച്ചു തോറ്റിരുന്നു. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോൾ ബീരാൻ വീട്ടിലെ മുറിയിൽ ബെഡിൽ വെട്ടേറ്റ് രക്തം വാർന്ന് മരിച്ച നിലയിലായിരുന്നു. ബീരാനും ചന്ദ്രമതിയും തമ്മിൽ വർഷത്തോളമായി സുഹൃത്തുക്കളായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. ബീരാൻ ഓടിക്കുന്ന ഗുഡ്‌സ് ഓട്ടോയ്ക്ക് ചന്ദ്രമതിക്ക് ഷെയർ ഉണ്ടത്രെ.

ഒരു വർഷം മുമ്പ് ചന്ദ്രമതി മീനങ്ങാടി ഭാഗത്തുനിന്ന് വിവാഹം കഴിച്ചിരുന്നു. എന്നാൽ, മാസങ്ങൾക്ക് ശേഷം ഭർത്താവ് ഉപേക്ഷിച്ചു. ചന്ദ്രമതിയുടെ അച്ഛൻ മാധവൻ ഏതാനും വർഷം മുമ്പാണ് മരിച്ചത്.