- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കെ വിദ്യക്കെതിരായ വ്യാജരേഖാ കേസിൽ കുറ്റപത്രം
കാസർകോട്: എസ്.എഫ്.ഐ മുൻ നേതാവ് കെ. വിദ്യ അദ്ധ്യാപക നിയമനത്തിന് വ്യാജരേഖ ചമച്ച കേസിൽ നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചു. കാസർകോട് കരിന്തളം കോളജിൽ താത്കാലിക അദ്ധ്യാപിക നിയമനത്തിന് വേണ്ടിയാണ് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് നൽകിയത്. കേസിലെ ഏകപ്രതിയാണ് കെ വിദ്യ.
വ്യാജരേഖ നിർമ്മിക്കാൻ വിദ്യയ്ക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണ് കണ്ടെത്തൽ. വ്യാജരേഖ നിർമ്മിക്കൽ, വ്യാജരേഖ സമർപ്പിക്കൽ, വഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ വിദ്യക്കെതിരെ ചുമത്തി. ഹൊസ്ദുർഗ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് നീലേശ്വരം പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ കെ. വിദ്യയെ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സർട്ടിഫിക്കറ്റ് നിർമ്മിച്ചത് ഫോണിലൂടെയാണെന്നും ഫോൺ തകരാർ സംഭവിച്ച് ഉപേക്ഷിച്ചുവെന്നുമാണ് വിദ്യ നൽകിയിരുന്ന മൊഴി.
ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആർ ഇട്ടിരിക്കുന്നത്. കാലടി സംസ്‌കൃത സർവകലാശാലയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനി കെ.വിദ്യ ഗെസ്റ്റ് ലക്ചറർ നിയമനത്തിനായി വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത് വിവാദമായതോടെയാണ് കേസെടുത്തത്.
കാലടി സംസ്‌കൃത സർവകലാശാലാ യൂണിയൻ ജനറൽ സെക്രട്ടറിയായിരുന്ന വിദ്യ മുൻപ് എറണാകുളം മഹാരാജാസിലും എസ്എഫ്ഐ നേതാവായിരുന്നു. ഈമാസം രണ്ടിനു പാലക്കാട് അട്ടപ്പാടി ആർജിഎം ഗവ. കോളജിൽ ഗെസ്റ്റ് ലക്ചറർ ഇന്റർവ്യൂവിനു വിദ്യ 2 സർട്ടിഫിക്കറ്റുകൾ ഹാജരാക്കി. 2018 ജൂൺ 4 മുതൽ 2019 മാർച്ച് 31 വരെയും 2020 ജൂൺ 10 മുതൽ 2021 മാർച്ച് 31 വരെയും മഹാരാജാസിലെ മലയാള വിഭാഗത്തിൽ പഠിപ്പിച്ചിരുന്നുവെന്നാണ് ഇവയിൽ പറയുന്നത്. ആദ്യ സർട്ടിഫിക്കറ്റിലെ കാലയളവിൽ വിദ്യ യഥാർഥത്തിൽ മഹാരാജാസിലെ പിജി വിദ്യാർത്ഥിയായിരുന്നു.
ഇന്റർവ്യൂ പാനലിലുള്ളവർ ലോഗോയും സീലും കണ്ടു സംശയം തോന്നി മഹാരാജാസ് കോളജുമായി ബന്ധപ്പെട്ടപ്പോഴാണ് കള്ളം പുറത്തായത്. മഹാരാജാസ് മലയാള വിഭാഗത്തിൽ 10 വർഷമായി ഗെസ്റ്റ് ലക്ചറർമാരെ നിയമിച്ചിട്ടില്ല. വിവാദത്തെത്തുടർന്ന് കോളജ് പ്രിൻസിപ്പൽ എറണാകുളം സെൻട്രൽ പൊലീസിനു നൽകിയ പരാതിയിലും ഇതു സ്ഥിരീകരിച്ചിരുന്നു.
മുൻപ് പാലക്കാട്ടും കാസർകോട് കരിന്തളത്തുമുള്ള 2 ഗവ. കോളജുകളിൽ വിദ്യ ഗെസ്റ്റ് ലക്ചററായിരുന്നു. കാസർകോട്ടും മഹാരാജാസിലെ സർട്ടിഫിക്കറ്റ് ഹാജരാക്കിയതായി പറയുന്നു. എസ്എഫ്ഐ സംസ്ഥാന നേതാവിന്റെ അറിവോടെയും സഹായത്തോടെയുമാണു വ്യാജരേഖ ചമച്ച് അന്നും ജോലി നേടിയതെന്ന് ആരോപണം ഉയർന്നിരുന്നു.