- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്മകുമാറിനെപ്പറ്റി മാധ്യമപ്രവർത്തകരോട് അനാവശ്യം പറഞ്ഞതു കൊണ്ട് വെട്ടിക്കൊല്ലുമെന്നും ശവപ്പെട്ടി തയ്യാറാക്കാനും ഭീഷണി സന്ദേശം; പൊലീസിനെ അറിയിച്ചിട്ടും അവർ അനങ്ങിയില്ല; രാത്രിയിൽ ബൈക്ക് ചവിട്ടി വീഴ്ത്തി ബിജുവിനേയും സഹോദരനേയും കൊല്ലാൻ ശ്രമം; പത്മകുമാർ ചെറിയ മീനല്ല!
കൊല്ലം: ഓയൂരിനടുത്ത് ഓട്ടുമലയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന് പിന്നിൽ വൻ മാഫിയ. പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനും ഭർത്തൃസഹോദരനും നേരേ ആക്രമണമുണ്ടായെന്നാണ് ആരോപണം. ഫാം ഹൗസിലെ ജീവനക്കാരി ഷീബയുടെ ഭർത്താവ് ഷാജിക്കും സഹോദരൻ ബിജുവിനുമാണ് മർദനമേറ്റത്. ഓട്ടോറിക്ഷയിലെത്തിയ നാലുപേരാണ് ആക്രമണം നടത്തിയത്.
പത്മകുമാറിനെപ്പറ്റി മാധ്യമങ്ങളോട് സംസാരിച്ചതിന്റെ പേരിൽ ഷീബയെ കൊലപ്പെടുത്തുമെന്ന് ഞായറാഴ്ച വൈകീട്ട് ഷാജിയെ ഫോണിൽ വിളിച്ച് ഒരാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഫോൺ ചെയ്ത ആളുടെ പേരുൾപ്പെടെ വ്യക്തമാക്കി രാത്രിതന്നെ പരവൂർ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ അന്വേഷണം ഉണ്ടായില്ലെന്നാണ് ആക്ഷേപം. ഇതോടെ വൻ റാക്കറ്റ് പത്മകുമാറിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തൽ. മൂന്ന് പേർ ചേർന്നാണ് തട്ടിക്കൊണ്ടു പോകൽ ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് വിശദീകരിച്ചിരുന്നത്. ഇവർക്ക് പിന്നിൽ മറ്റാരുമില്ലെന്നും പറഞ്ഞു.
എന്നാൽ അങ്ങനെ അല്ല കാര്യങ്ങളെന്നും ഇവർക്കൊപ്പം നിരവധി ക്രിമിനലുകളുണ്ടെന്നും സൂചന നൽകുന്നതാണ് ഈ ആക്രമണം. തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ പോളച്ചിറ തെങ്ങുവിള സ്‌കൂളിനുസമീപത്തുവെച്ച് ഓട്ടോയിൽ എത്തിയവർ മർദിക്കുകയായിരുന്നു. ബൈക്ക് ചവിട്ടിവീഴ്‌ത്തി മർദിച്ചുവെന്നാണ് പരാതി. ആക്രമണത്തിന് ശേഷം ഇരുവരേയും ഉപേക്ഷിച്ച് സംഘം മടങ്ങി. പിന്നീട് അതുവഴി സ്‌കൂട്ടറിൽ പോയ ഒരു സ്ത്രീയാണ് പ്രദേശത്തെ വാർഡ് മെംബറെ വിവരമറിയിച്ചത്. അതിക്രൂര ആക്രമണമാണ് ഉണ്ടായത്.
വാർഡ് മെംബർ എത്തിയശേഷം ഇരുവരേയും നെടുങ്ങോലം ഗവ. രാമറാവു മെമോറിയൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിജുവിന്റെ തലയിലെ പരിക്ക് ഗുരുതരമായതിനാൽ പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. പരവൂർ പൊലീസ് ആശുപത്രിയിലെത്തി ഇരുവരുടെയും മൊഴിയെടുത്തു. അന്വേഷണം തുടങ്ങി. ഓയൂരിലെ തട്ടിക്കൊണ്ടു പോകലിൽ നാലാമനുണ്ടെന്ന വാദം സജീവമാണ്. കല്ലുവാതുക്കലിന് അടുത്ത് ഫോൺ ചെയ്യാനെത്തിയ ആളുടെ രേഖാ ചിത്രവുമായി അറസ്റ്റിലായ പത്മകുമാറിന് യാതൊരു സാമ്യവുമില്ല. എന്നാൽ കടയിൽ വന്നത് പത്മകുമാറാണെന്ന് പൊലീസ് പറയുന്നു.
ഇത്തരം നിഗൂഡതകൾ തുടരുന്നതിനിടെയാണ് ഫാം ഹൗസ് ജീവനക്കാരിക്ക് നേരെ ആക്രമണം ഉണ്ടായത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റെ ഫാം ഹൗസിലെ ജീവനക്കാരിയുടെ ഭർത്താവിനെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയതായി പരാതി കഴിഞ്ഞ ദിവസം ചർച്ചയായിരുന്നു. പോളച്ചിറ തെങ്ങുവിളയിലെ ഫാം ഹൗസ് ജീവനക്കാരിയായ ഷീബയുടെ ഭർത്താവ് ആർ.ഷാജിയെയാണ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്.
ഞായറാഴ്ച വൈകീട്ട് ആറരയോടെയാണ് ഷാജിക്ക് ഫോൺ വിളി എത്തിയത്. ഷീബ പത്മകുമാറിനെപ്പറ്റി മാധ്യമപ്രവർത്തകരോട് അനാവശ്യം പറഞ്ഞതുകൊണ്ട് വെട്ടിക്കൊല്ലുമെന്നും ശവപ്പെട്ടി തയ്യാറാക്കിവെച്ചേക്കാനുമാണ് സന്ദേശമെന്ന് ഷാജി പറയുന്നു. ഒപ്പം അസഭ്യം പറഞ്ഞതായും ഷാജി പറയുന്നു.
കുട്ടിയ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പത്മകുമാർ പിടിയിലായശേഷവും ഷീബ പൊലീസിന്റെയും മറ്റും ആവശ്യപ്രകാരം ഫാമിലെ പശുക്കൾക്കും നായ്ക്കൾക്കും ആഹാരം നൽകുന്നുണ്ട്. സംഭവത്തിൽ ഫോൺ ചെയ്തയാളുടെ പേരുൾപ്പെടെ ഷാജി പരവൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ