- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കെമിക്കൽ ആക്രമണം നടത്തിയ പ്രതി തേംസിൽ ചാടി മരിച്ചു
ലണ്ടൻ: സൗത്ത് ലണ്ടനിലെ ക്ലാപ്പമിൽ അമ്മയ്ക്കും രണ്ട് പെൺമക്കൾക്കും നേരെ കെമിക്കൽ ആക്രമണം നടത്തിയ പ്രതി തേംസ് നദിയിൽ ചാടി മരിച്ചെന്ന് പൊലീസ്. സംഭവം നടന്ന് പത്തു ദിവസത്തോളമായിട്ടും പ്രതി അബ്ദുൾ ഷുക്കൂർ എസീദി എവിടേക്ക് പോയെന്നതു സംബന്ധിച്ച് ഒരു തുമ്പും പൊലീസിന് കണ്ടെത്താനായിരുന്നില്ല. തുടർന്ന് വൻതോതിൽ വിമർശനവും ഉയർന്നു. ഈ സാഹചര്യത്തിലാണ് ഇതുവരെ ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അബ്ദുൾ ഷുക്കൂർ എസീദി തേംസ് നദിയിൽ ചാടി മരിച്ചിരിക്കാമെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.
കേസ് അന്വേഷണത്തിന് നേതൃത്വം നൽകുന്ന കമാൻഡർ ജോൺ സാവെൽ തന്നെയാണ് ഇത്തരമൊരു സാധ്യത വ്യക്തമാക്കിയത്. ആയിരക്കണക്കിന് സിസിടിവി ക്യാമറകളും കനത്ത പൊലീസ് സുരക്ഷയുമുള്ള നഗരമാണ് ലണ്ടൻ. അവിടെയാണ് ഇത്തരമൊരു ആക്രമണം നടന്നിട്ട് പ്രതിയെ പിടികൂടാനാകാതെ പോയത്. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല. തുടർന്ന് പ്രതി പോയ വഴിയെയുള്ള സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നപ്പോഴാണ് തേംസ് നദിക്ക് കുറുകെയുള്ള ചെൽസി ബ്രിഡ്ജിലെ സിസിടിവിയിൽ ഇയാൾ അവസാനമായി പതിഞ്ഞത്.
പാലത്തിനോടു ചേർന്ന് നടന്നിരുന്ന ഇയാൾ പെട്ടെന്ന് അപ്രത്യക്ഷനാകുന്നതായാണ് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാകുന്നത്. തേംസിനു സമീപത്തുകൂടി നാലു കിലോമീറ്ററോളം ഇയാൾ നടക്കുന്നതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതെല്ലാം ചേർത്തുവായിച്ചാണ് നദിയിൽ ചാടി ഇയാൾ ആത്മഹത്യ ചെയ്തിരിക്കാമെന്ന് പൊലീസ് വ്യക്തമാക്കിയത്. എന്നാൽ ഇയാളുടെ മൃതദേഹമോ മൃതദേഹാവശിഷ്ടങ്ങളോ ഒന്നും തന്നെ ലഭിച്ചിട്ടില്ല.
അബ്ദുൾ ഷുക്കൂർ എസാദി അഫ്ഗാൻ വംശജനാണ്. നേരത്തെ രണ്ടു തവണ ഇയാൾക്ക് യുകെയിൽ തുടരുന്നതിനുള്ള അനുമതി നിഷേദിച്ചിരുന്നു. പിന്നീട് 2021 ലോ 2022ലോ ആയിരുന്നു ഇയാൾക്ക് യുകെയിൽ തുടരുവാനുള്ള ലീവ് ടു റിമെയ്ൻ നൽകിയത്. ജനുവരി 31ന് ബുധനാഴ്ച്ച വൈകുന്നേരം തെക്കൻ ലണ്ടനിലെ കാൽഫാമിലുള്ള ലെസ്സാർ അവന്യൂവിൽ നടന്ന ആക്രമണത്തിൽ മൊത്തം 12 പേരാണ് പരിക്കേറ്റ് ആശുപത്രിയിലായത്.
അമ്മയേയും കുഞ്ഞുങ്ങളെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം എന്ന് തെളിഞ്ഞിട്ടുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ ഈ അമ്മയുടെ അടുപ്പക്കാരനായിരുന്നു 35 കാരനായ എസിദി എന്നാണ് റിപ്പോർട്ട്. സ്ത്രീയോടൊപ്പമുണ്ടായിരുന്ന കുട്ടികൾ ഇയാളുടേതല്ല. ആക്രമണം നടത്താനായി ന്യു കാസിലിൽ നിന്നും ബുധനാഴ്ച്ചയെത്തിയ അയാൾ അവിടേക്ക് തന്നെ തിരിച്ചു പോയിരിക്കും എന്നാണ് പൊലീസ് കരുതിയത്. എന്നാൽ അതു സംബന്ധിച്ചുള്ള റിപ്പോർട്ടുകളൊന്നും പിന്നീട് വന്നില്ല. ആക്രണത്തിൽ ഗുരുതരമായി പരുക്കേറ്റ യുവതി ഇപ്പോഴും ചികിൽസയിലാണ്. ചികിൽസയ്ക്കു ശേഷം കുട്ടികൾ ആശുപത്രി വിട്ടു.
2016ൽ അഫ്ഗാനിസ്ഥാനിൽ നിന്നും ഒരു ലോറിയിൽ ബ്രിട്ടനിലെത്തിയതാണ് പ്രതിയായ അബ്ദുൾ ഷുക്കൂർ എസീദി. 2018ൽ ഒരു ലൈംഗികാതിക്രമ കേസിൽ ഇയാൾ പൊലീസ് പിടിയിലായിരന്നു. രണ്ടു തവണ അഭയാർത്ഥിത്വം നിഷേധിക്കപ്പെട്ട എസീദി 2021 ഏപ്രിൽ 29 നും 2022 മാർച്ച് രണ്ടിനും ഇടയിലായി ആക്ഷൻ ഫൗണ്ടേഷൻ എന്ന സംഘടനയുടെ കീഴിലുള്ള ഒരിടത്ത് താമസിക്കുകയായിരുന്നു. കുടിയേറ്റക്കാർക്ക് സഹായവും പിന്തുണയും നൽകിവരുന്ന ഒരു സംഘടനയാണിത്. അതിനു ശേഷം അയാൾ ന്യുകാസിലിലെ മറ്റൊരിടത്തേക്ക് മാറിയതായി ചാരിറ്റി സംഘടന പറയുന്നു.
എന്നാൽ പിന്നീട് ബ്രിട്ടനിൽ തുടരാൻ ഇയാൾക്ക് ഹോം ഓഫിസ് അനുമതി നൽകുകയായിരുന്നു. ഇയാളുടെ പേരിലുണ്ടായിരുന്ന കുറ്റകൃത്യങ്ങളുടെ വ്യാപ്തി നാടുകടത്താൻ മാത്രം പര്യാപ്തമല്ലാത്തതിനാലാണ് ഹോം ഓഫിസ് ഈ ആനുകൂല്യം നൽകിയത്.