മലപ്പുറം: പർദ ധരിച്ചുവന്നു മലപ്പുറം ചെമ്മാട് ജൂവലറിയിൽ നിന്ന് മാല മോഷ്ടിച്ച സ്ത്രീയെ കോഴിക്കോടുവെച്ചു പൊലീസ് അറസ്റ്റ് ചെയ്തത് സിസിടിവി ദൃശ്യങ്ങളുടെ തെളിവ് കരുത്തിൽ. കഴിഞ്ഞ ദിവസം ചെമ്മാട് ടൗണിലെ ത്വബാ ജൂവലറിയിൽ നിന്നും മാല മോഷ്ട്ടിച്ച കോഴിക്കോട് കുരുവൂർ കോനാട്ട് മുത്തു മഹൽ റഷീദിന്റെ ഭാര്യ സുബൈദ(50)യെയാണ് തിരുരങ്ങാടി പൊലീസ് കോഴിക്കോട് വെച്ച് അറസ്റ്റ് ചെയ്തത്. സ്വർണക്കടയിൽ നിന്ന് മൂന്ന് പവന്റെ മാലകൾ അതിവിദഗ്ധമായി കവർന്നു മുങ്ങിയതായിരുന്നു പ്രതി. സ്വർണം വാങ്ങാൻ എന്ന വ്യാജേന എത്തിയ സ്ത്രീ സെയിൽസ്മാൻ മാറിയ സമയത്ത് മാല കൈക്കലാക്കുകയായിരുന്നു.

നിരവധി മാലകളുടെ മോഡലുകൾ സെയിൽസ്മാൻ എടുത്തു കൊണ്ടുവരുന്നതും സ്ത്രീ മോഷണം നടത്തുന്നതും സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സുബൈദ ആവശ്യപ്പെട്ട പ്രകാരം മറ്റുമാലകൾ എടുക്കാൻ സെയിൽസ്മാൻ മാറിയ സമയത്താണ് ഇവർ രണ്ട് സ്വർണമാലകൾ കൈക്കലാക്കിയത്. തുടർന്ന് കയ്യിൽ കരുതിയ ബാഗിലേക്ക് സ്വർണമാല മാറ്റി. മോഷണം നടത്തുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

മോഷണത്തിന് ശേഷം സ്വർണം വാങ്ങാതെ യുവതി ജൂവലറിയിൽ നിന്നു മടങ്ങുകയായിരുന്നു. സ്ത്രീ പോയ ശേഷം നടത്തിയ പരിശോധനയിലാണ് ഒന്നരപ്പവന്റെ രണ്ടു സ്വർണമാലകൾ കാണാനില്ലെന്നു അറിയുന്നത്. തുടർന്ന് ജൂവലറിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് സ്ത്രീ മാല മോഷ്ടിച്ചതെന്ന് വ്യക്തമായത്. സ്ത്രീ അതിവിദഗ്ധമായി മാല കവർന്നെടുക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. തുടർന്ന് ജൂവലറി അധികൃതർ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. സമാനമായ രീതിയിൽ പർദ ധരിച്ച് അടുത്ത കാലത്ത് മലപ്പുറം ജില്ലയിൽ വളാഞ്ചേരിയിലെ മറ്റൊരു ജൂവലറിയിലും സ്ത്രീ സ്വർണ്ണമാല കവർന്ന രക്ഷപ്പെട്ടിരുന്നു. തുടർന്ന് സിസിടിവി പരിശോദിച്ചപ്പോൾ ഇവരെ കണ്ടെത്തി. ഇതോടെ ഉടമ പൊലീസിൽ പരാതി നൽകി യുവതിയെ പൊലീസ് പിടികൂടി. ഇതിനു പിന്നാലെയാണ് സമാനമായ രീതിയിലുള്ള മോഷണം മലപ്പുറം ചെമ്മാട് വീണ്ടും ആവർത്തിച്ചത്.വളാഞ്ചേരിയിൽ ജൂവലറികളിൽ കയറി ആഭരണങ്ങൾ മോഷണം നടത്തുന്ന പർദ്ദക്കാരിക്കെതിരെ കൂടുതൽ തെളിവുകളുമായി പൊലീസ് രംഗത്തുവന്നിരുന്നു. വളാഞ്ചേരി പൊലിസ് പിടികൂടിയ കൊണ്ടോട്ടി സ്വദേശിനി മണ്ണാരിൽ വീട്ടിൽ സഫിയ (50) മോഷണം നടത്തുന്ന സി.സി.ടി.വി ദൃശ്യം അടക്കം പൊലീസിനു ലഭിച്ചിരുന്നു.

ആദ്യം ലഭിച്ചിരുന്ന സി.സി.ടി.വി ദൃശ്യത്തിൽ ഇവർ മോഷണം നടത്തുന്ന ദൃശ്യങ്ങളുണ്ടായിരുന്നില്ല. എന്നാൽ പിന്നീടു നടത്തിയ പരിശോധനയിലാണു ഇതുസംബന്ധിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചതെന്നും പൊലീസ് പറഞ്ഞു. വളാഞ്ചേരി പെരിന്തൽമണ്ണ റോഡിലെ പാലാറ ഗോൾഡിൽ നിന്നും സ്വർണാഭരണം മോഷണം നടത്താനുള്ള ശ്രമത്തിനിടയിലാണ് പൊലിസ് ഇവരെ പിടികൂടിയത്.മാസങ്ങൾക്ക് മുമ്പ് ഇതേ സ്ഥാപനത്തിൽ നിന്ന് സ്ത്രീ സ്വർണാഭരണം മോഷണം നടത്തിയിരുന്നു.കഴിഞ്ഞ ദിവസം ജൂവലറിയിൽ എത്തിയ സ്ത്രീയിൽ സംശയം തോന്നിയ ജൂവലറി ഉടമ പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് ഇവരെ പിടികൂടിയത്. രണ്ടുപവൻവരുന്ന സ്വർണമാലയാണ് ഇവർ ആദ്യം കടയിൽനിന്നും മോഷ്ടിച്ചതെന്നും ഇതിന് ഏകദേശം ഒരുഒരു ലക്ഷം രൂപ വിലവരുമെന്നും കടയുടമ പറയുന്നു.

പിന്നീട് സമാനമായി ഇവർ തന്നെ കടയിൽവന്നു വീണ്ടും മോഷണം നടത്താൻ ശ്രമിച്ചപ്പോഴാണ് പൊലീസിനെ വിവരമറിയിച്ചതെന്നും കടയുടമ പറയുന്നു. രണ്ടാമത് എ്ത്തിയപ്പോൾ തന്നെ കയ്യിൽ 68,000 രൂപയുണ്ടെന്നും അതിനുള്ള കൈചൈൻ വേണമെന്ന് പറഞ്ഞു വിവിധ ആഭരണങ്ങൾ എടുപ്പിച്ചുകാണിച്ചുവെന്നും ഇതിനിടയിലാണു സംശയം തോന്നിയപ്പോൾ മുമ്പു മോഷണം നടത്തിയ സ്ത്രീയുടെ സി.സി.ടി.വി പരിശോധിച്ചതെന്നും അപ്പോഴാണു രണ്ടുപേരും ഒന്നാണെന്ന് വ്യക്തമായതെന്നും ഇവർ കടയുടമ വ്യക്തമാക്കി.

തുടർന്നു പൊലീസെത്തി ഇവരുടെ ബാഗ് പരിശാധിച്ചപ്പോൾ ഇവർ പറഞ്ഞപ്രകാരമുള്ള ഒരു പണവും ഇവരുടെ പക്കൽ ഇല്ലായിരുന്നുവെന്നും കടയുടമ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് മറ്റൊരു സ്ത്രീയും അകത്താകുന്നത്.