തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് സുഹൃത്ത് തീ കൊളുത്തിയ സ്ത്രീ മരിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയവേയാണ് ജി. സരിത (46) മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇവർ മരണത്തിന് കീഴടങ്ങുകയായിരുന്നു. കേസിലെ പ്രതി ബിനു (50)വും ആശുപത്രിയിലാണ്. പൊള്ളലേറ്റതിനെ തുടർന്നാണ് ഇയാളെയും ആശുപത്രിയിൽപ്രവേശിപ്പിച്ചത്. സരിതയുടെ ശരീരത്തിൽ എൺപത് ശതമാനം പൊള്ളലേറ്റിരുന്നു. ബിനുവിന് 50 ശതമാനം പൊള്ളലേറ്റു. സരിതയുടെ മരണമൊഴി എടുക്കാൻ പൊലീസിന് ആയിട്ടില്ല.

രാത്രി മേലെ കുണ്ടയത്തുള്ള വീട്ടിലെത്തി സരിതയെ ബിനു വിളിച്ചിറക്കി കൊണ്ടുപോവുകയായിരുന്നു.ശേഷം ഇരുവരും തമ്മിൽ സംസാരവും വാക്കേറ്റവും ആയി. ഇതിനൊടുവിൽ കയ്യിൽ കരുതിയിരുന്ന പെട്രോളെടുത്ത് സരിതയുടെ ദേഹത്തൊഴിച്ച് തീ കൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ എത്തിയത്. തീ കത്തിച്ചപ്പോൾ ഇയാളുടെ ദേഹത്തും തീ പടർന്നിരുന്നു. തുടർന്ന് ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടുകയും ചെയ്തിരുന്നു. ഇവിടെ നിന്ന് അഗ്‌നിശമനസേന എത്തിയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കന്നാസിൽ നിറച്ച പെട്രോളിനു പുറമേ, വെട്ടുകത്തിയും മുളകുപൊടിയുമെല്ലാം സ്‌കൂട്ടറിലുണ്ടായിരുന്നു. പെട്രോൾ ഒഴിച്ചു തീ കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടാൽ വെട്ടുകത്തി പ്രയോഗിക്കാമെന്നും ആരെങ്കിലും തടയാൻ ശ്രമിച്ചാൽ മുളകുപൊടി എറിയാമെന്നും കരുതി. കിണറ്റിൽനിന്നു കയറ്റുന്നതിനിടെ ചിട്ടിപ്പൈസയുടെ കാര്യം ബിനു പറയുന്നുണ്ടായിരുന്നു. സാമ്പത്തിക തർക്കമാണോ, മറ്റെന്തെങ്കിലുമാണോ എന്ന് ഉറപ്പിച്ചിട്ടില്ല.

സ്‌കൂട്ടർ നിർത്തി കയ്യിൽ കന്നാസുമായി എത്തിയ ബിനു വാക്കുതർക്കത്തിനുശേഷം പെട്രോൾ സരിതയുടെ ദേഹത്തൊഴിക്കുകയും തീ കൊളുത്തുകയുമായിരുന്നു. സരിത തടയുന്നതിനിടയിലാണു ബിനുവിന്റെ ദേഹത്തും പെട്രോൾ വീണു തീപിടിച്ചത്. തീയണയ്ക്കാൻ ഇയാൾ തറയിൽ കിടന്നുരുണ്ടു. വെള്ളമുള്ള കിണറ്റിലേക്ക് എടുത്തുചാടിയത് തീയണയ്ക്കാനാണെന്നും സംശയമുണ്ട്. സരിതയുടെ ബിരുദ വിദ്യാർത്ഥിയായ മകൾ വീട്ടിലുണ്ടായിരുന്നു. മകളുടെ നിലവിളി കേട്ടാണ് അയൽക്കാരെത്തി സരിതയെ ആശുപത്രിയിലാക്കിയത്. ബിനുവിന്റെ മക്കൾ പഠിക്കുന്ന സ്‌കൂളിലെ ആയയാണ് സരിത. കാലങ്ങളായി പരിചയമുണ്ട്.

സംഭവത്തിൽ പോത്തൻകോട് പൊലീസ് കേസെടുത്തു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് ദേഹമാസകലം പൊള്ളലേറ്റ നിലയിൽ സരിതയെ കണ്ടെത്തിയത്. ഉടൻ ചാക്കും തുണികളും പുതപ്പിച്ച് തീ കെടുത്തി. തുടർന്ന് ആംബുലൻസിൽ സരിതയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഈ സമയം വീടിന്റെ പിറകിൽ ദേഹമാസകലം തീപിടിച്ച നിലയിൽ നിൽക്കുന്ന ബിനുവിനെ നാട്ടുകാർ കണ്ടെത്തി. അതിനിടെ ഇയാൾ വീട്ടിലെ കിണറ്റിലേക്ക് ചാടി. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ ബിനു എ.സി മെക്കാനിക്കാണ്. സ്വകാര്യ സ്‌കൂൾ ബസിലെ ആയയായി ജോലി ചെയ്യുകയാണ് സരിത.

ഇവർക്ക് ഡിഗ്രിക്ക് പഠിക്കുന്ന മകളുണ്ട്. പ്രതിയുടെ രണ്ടു മക്കളും സരിത ജോലി ചെയ്യുന്ന സ്‌കൂളിലാണ് പഠിക്കുന്നത്. ഇവർ തമ്മിൽ ദീർഘനാളത്തെ പരിചയമുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് പറഞ്ഞു. സരിതയുടെ ഭർത്താവ് 10 വർഷം മുമ്പാണ് മരിച്ചത്. അതേസമയം സരിതയുടെ ടൂ വീലറിൽ പെട്രോൾ തീർന്നതിനാൽ തന്നോട് അഞ്ചു ലിറ്റർ പെട്രോൾ വാങ്ങി വരാൻ ആവശ്യപ്പെടുകയായിരുന്നെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ബിനു പൊലീസിനോട് പറഞ്ഞു. പെട്രോളുമായി എത്തിയപ്പോൾ സരിത അതുവാങ്ങി സ്വന്തം ശരീരത്തിലും തന്റെ ശരീരത്തിലും ഒഴിച്ച് തീകത്തിക്കുകയായിരുന്നെന്നും ബിനുവിന്റെ മൊഴി.

എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുക്കുന്നില്ല. പൊലീസ് നടത്തിയ പരിശോധനയിൽ ബിനുവിന്റെ സ്‌കൂട്ടറിൽ നിന്ന് വെട്ടുകത്തി, മണൽ കലർത്തിയ മുളുകുപൊടി എന്നിവ കണ്ടെടുത്തതാണ് ഇതിന് കാരണം.