- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി
കേരളത്തിൽ ഇസ്ലാമിക സംഘടനകളും ഇടതുപക്ഷവും അയോദ്ധ്യയിൽ ഉയർന്ന രാമക്ഷേത്രത്തിനെതിരെ നിലപാട് എടുക്കുമ്പോൾ, ഇന്ത്യയിലെ 3 ലക്ഷം മസ്ജിദുകളിലായി അരലക്ഷം ഇമാമുമാരെ പ്രതിനിധീകരിക്കുന്ന സംഘടനയുടെ തലവനായ ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസി ക്ഷേത്രത്തിന് നൽകിയത് അളവറ്റ പിന്തുണ. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്താണ് അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചത്."നോക്കൂ..ഇതാണ് ഭാരതത്തിന്റെ മുഖം. ഇന്നത്തെ ഭാരതം പുതിയ ഒരു ഭാരതമാണ്. ഇന്നത്തെ ഭാരതം ഉത്തമമായ ഒരു ഭാരതമാണ്. എന്റെയൊപ്പം സ്വാമിജിയുമുണ്ട്. ഞങ്ങളുടെ ആരാധനാ രീതികൾ തീർച്ചയായും വ്യത്യസ്തമാണ്. പക്ഷെ, നമ്മുടെ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം രാഷ്ട്രമാണ് ഒന്നാമത്"- ചടങ്ങിനുശേഷം ഡോ ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞു.
ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ (എഐഐഒ) എന്ന സംഘടനയുടെ ചീഫ് ഇമാംമാണ് ഇദ്ദേഹം. ഉത്തരേന്തയിലെ ഇസ്ലാമിക സമൂഹത്തിൽ പരക്കെ ആദരിക്കപ്പെടുന്ന വ്യക്തിയാണ് ഡോ ഉമർ അഹമ്മദ്്. പക്ഷേ രാമക്ഷേത്ര ചടങ്ങിൽ പങ്കെടുത്തതുകൊണ്ട് കേരളത്തിലടക്കം അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം മറുകുകയാണ്. ആർഎസ്എസ് ഇമാമെന്ന് വിളിച്ചാണ് അവർ ഇദ്ദേഹത്തെ അധിക്ഷേപിക്കുന്നത്.
ആരാണ് ഡോ ഉമർ അഹമ്മദ് ഇല്യാസി?
ഇന്ത്യയിലെ അരലക്ഷം ഇമാമുമാരുടെ നിയമാനുസൃതമായ ശബ്ദമാണ് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ. അത് ദേശീയ അന്തർദേശീയ തലത്തിൽ അംഗീകരിക്കപ്പെട്ട കാര്യമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ ഇമാം ഓർഗനൈസേഷനാണ്. എന്നും മതേതരത്വത്തിനുവേണ്ടി നിലകൊണ്ട ഒരു കറകളഞ്ഞ മനുഷ്യസ്നേഹിയാണ് ഡോ ഉമർ അഹമ്മദ് ഇല്യാസി എന്നാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ പറയുന്നത്.
സമാധാനം, ഐക്യം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരിശ്രമത്തിന്റെ പേരിലാണ് അദ്ദേഹം വ്യാപകമായി അംഗീകരിക്കപ്പെട്ടത്്. മതസൗഹാർദ്ദത്തിനും സമാധാനം സ്ഥാപിക്കുന്നതിനുമായി വിവിധ അന്താരാഷ്ട്ര വേദികളിലെ പങ്കാളിത്തത്തിനും അദ്ദേഹം പ്രശസ്തനാണ്.
ഇന്ത്യക്കകത്തും പുറത്തും അദ്ദേഹം വിപുലമായി സഞ്ചരിച്ച് പ്രഭാഷണം നടത്താറുണ്ട്. . ഇസ്ലാമും മുസ്ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മാർഗനിർദ്ദേശത്തിനായി ലോകത്തിലെ മിക്ക പ്രമുഖ സംഘടനകളും അദ്ദേഹത്തെ സമീപിക്കുന്നു. ഇസ്ലാമിക കർമ്മശാസ്ത്രത്തിൽ അദ്ദേഹം നല്ല വൈദഗ്ദ്ധ്യമുള്ളയാളാണ്. തീവ്രവാദവും ഭീകരവാദവും അത് ഏത് രൂപത്തിലായാലും അതിനെതിരെ നിലപാട് വഹിക്കുന്ന ചുരുക്കം ചില ഇസ്ലാമിക പണ്ഡിതന്മാരിൽ ഒരാളാണ് അദ്ദേഹം. പ്രഭാഷണങ്ങൾ കേട്ടാൽ അദ്ദേഹം ഒരു യുക്തിവാദിയാണെന്നുപോലും പലരും പറയുന്നുണ്ട്. ഏറ്റവും പ്രകോപനപരമായ സാഹചര്യങ്ങളിൽപ്പോലും യുക്തിയും വിവേകവും വഴിയാണ് ഡോ ഇല്യാസിയുടെ നേതൃത്വം.
1963 ഏപ്രിൽ 24 തീയതിയിൽ വിയന്നയിലെ വിദ്യാഭ്യാസ വികസനത്തിനും സാമ്പത്തിക സഹകരണത്തിനും വേണ്ടിയുള്ള ഐഒഇഡി മിഷൻ എക്‌സിക്യൂട്ടീവ് കൗൺസിലിന്റെ ശുപാർശകൾ പ്രകാരം നയതന്ത്ര, കോൺസുലർ ബന്ധങ്ങളുമായി ബന്ധപ്പെട്ട് ഡോ. ഇമാം ഉമർ അഹമ്മദ് ഇല്യാസിയെ ഗവർണറായി നിയമിച്ചിരുന്നു. ഇത് ഇന്ത്യയിലെയും ലോകത്തെയും ഇമാമുമാരുടെ സമൂഹത്തിന് അഭിമാനകരമായ നിമിഷമായി വിശേഷിപ്പിക്കുന്നു. ഫലസ്തീൻ-ഇസ്രയേൽ, അറബ്-ഇസ്രയേൽ തുടങ്ങിയ സംഘർഷങ്ങളിലും അദ്ദേഹം പ്രതിനിധിയായി ചർച്ചകൾ നടത്തിയിട്ടുണ്ട്. സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ള സംഭാവനകൾക്കുള്ള നിരാവി് ദേശീയ അന്തർദേശീയ അവാർഡുകൾ ഡോ. ഇമാം ഇല്യാസിക്ക് ലഭിച്ചിട്ടുണ്ട്.
ഏറ്റവും സമീപകാലത്ത്, സ്വകാര്യ ഇന്ത്യൻ സർവ്വകലാശാലകളിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലകളിലൊന്നായ പഞ്ചാബിലെ ദേശ് ഭാഗ്ത് യൂണിവേഴ്സിറ്റി ഇമാം ഉമർ അഹമ്മദ് ഇല്യാസിക്ക് ഡോക്ടറേറ്റ് സമ്മാനിച്ചു. . രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും ആഗോള സമൂഹത്തിന്റെയും നന്മയ്ക്കായി ചീഫ് ഇമാം ചെയ്യുന്ന ബഹുമുഖ സേവനങ്ങൾക്കുള്ള അംഗീകാരമാണിത്.
ആർഎസ്എസ് ഇമാം എന്ന് ഇസ്ലാമിസ്റ്റുകൾ
എന്നാൽ ഈ ട്രാക്ക് റെക്കോർഡ് ഒന്നും നോക്കാതെ വെറും ആർഎസ്എസ് ഇമാം എന്നാണ് അദ്ദേഹത്തെ കേരളത്തിലെ ഇസ്ലാമിസ്റ്റുകൾ വിശേഷിപ്പിക്കാറുള്ളത്. 2019ൽ അദ്ദേഹം കേരളത്തിലെത്തിലെത്തിയപ്പോൾ, ആർഎസ്എസ്സുമായി അടുത്ത ബന്ധം പുലർത്തുന്ന ഇമാം കേരളത്തിലെത്തി എന്ന തലക്കെട്ടോടെയാണ് പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രമായ തേജസ് പത്രം വാർത്ത കൊടുത്തത്. ന്യൂനപക്ഷങ്ങളെ പാട്ടിലാക്കാൻ മോദി വിളിച്ചു ചേർത്ത സൂഫി സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്ന ഇല്ല്യാസിയുടെ കേരളത്തിലെ ദൗത്യം ദുരൂഹമാണെന്നും തേജസ് തട്ടിവിട്ടു. പിന്നാലെ ഇത് മാധ്യമവും മീഡിയാവണ്ണും ഏറ്റുപടിച്ചു.
എന്നാൽ കൊച്ചിയിലെത്തിയ ഇമാം കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിലുമായി ബിഷപ്പ് ഹൗസിൽ കൂടിക്കാഴ്‌ച്ച നടത്തി. മതസൗഹാർദത്തിന്റെയും ആശയ വിനിമയത്തിന്റെയും ഭാഗമായി താൻ നിരന്തരം നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ചർച്ചകൾ എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇല്യാസിക്കെതിരെ തേജസ് പത്രം ഉന്നയിക്കുന്ന ആരോപണങ്ങൾ ഇങ്ങനെയാണ്. -" 2018ലും ഉമർ അഹമ്മദ് ഇല്ല്യാസി കേരളം സന്ദർശിച്ചിരുന്നു.കാസർകോട് എത്തിയ അദ്ദേഹം കേരള-കർണാടക അതിർത്തിയിലെ വിവിധ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തിയിരുന്നുവെന്നും ഇസ്ലാമിസ്റ്റുകൾ പറയുന്നു. ആർഎസ്എസ്സിന്റെ കർണാടകയിലെ പ്രമുഖ നേതാവിനോടൊപ്പമാണ് അന്ന് ഇല്ല്യാസി കേരളത്തിലെത്തിയത്.ഡൽഹിയിലെ ഒരു പള്ളിയിലെ ഇമാമായ ഇല്ല്യാസിയെ ഡൽഹി ഇമാം എന്നാണ് സംഘാടകർ മാധ്യമ പ്രവർത്തകർക്ക് പരിചയപ്പെടുത്തിയത്. ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ എന്ന കടലാസ് സംഘടനയുടെ ചെയർമാനായ ഇല്ല്യാസിയെ രാജ്യത്തെ ഇമാമുമാരുടെ പ്രതിനിധിയായാണ് ചില മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്.
എന്നാൽ, രാജ്യത്തെ പ്രമുഖ മുസ്ലിം സംഘടനകളോ വിഭാഗങ്ങളോ അദ്ദേഹത്തെ അംഗീകരിക്കുന്നില്ല. കേരളത്തിൽ പ്രബലമായ ഇരു സുന്നി വിഭാഗങ്ങളും മുജാഹിദ്, ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളും ഇമാം ഓർഗനൈസേഷൻ എന്ന സംഘടനയുടെ ഭാഗമല്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചു ചേർത്ത സൂഫി സമ്മേളനത്തിന്റെ പ്രധാന സംഘാടകനായിരുന്നു ഉമർ അഹമ്മദ് ഇല്ല്യാസ്. സൂഫി സമ്മേളനത്തിലേക്ക് രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പണ്ഡിതന്മാരെ എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. മാത്രമല്ല, 2015 ജൂണിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച പ്രതിനിധി സംഘത്തിന് ഉമർ അഹമ്മദ് ഇല്ല്യാസിയാണ് നേതൃത്വം നൽകിയത്. 30 മുസ് ലിം പണ്ഡിതന്മാരാണ് ഇദ്ദേഹത്തിന്റെ കൂടെ പ്രധാനമന്ത്രിയെ സന്ദർശിച്ച പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്.
ആർഎസ്എസ്സിന് കീഴിലുള്ള മുസ്ലിം രാഷ്ട്രീയ മഞ്ച് സ്ഥാപക നേതാവും അജ്മീർ സ്‌ഫോടന കേസിൽ ആരോപണ വിധേയനുമായ ഇന്ദ്രേഷ് കുമാറുമായും അടുത്ത ബന്ധമാണ് ഉമർ അഹമ്മദ് ഇല്ല്യാസിക്കുള്ളത്. മംഗലാപുരത്ത് റൈറ്റ്‌സ്, അവേർനസ് ആൻഡ് നോളജ് സൊസൈറ്റി(റാങ്ക്‌സ്) വിളിച്ചു ചേർത്ത സമ്മേളനത്തിലും ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാറിനൊപ്പം അഹമ്മദ് ഇല്ല്യാസിയും പങ്കെടുത്തിരുന്നു. ഇസ്രയേലുമായും അഹമ്മദ് ഇല്ല്യാസ് ബന്ധം പുലർത്തിയിരുന്നു. ഇസ്രയേൽ മുൻ പ്രസിഡന്റ് ഷിമോൻ പെരസുമായി കൂടിക്കാഴ്‌ച്ച നടത്തിയതിന്റെ ചിത്രങ്ങൾ ഇല്ല്യാസി തന്നെ തന്റെ ഔദ്യോഗിക പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്." - തേജസ് 2019ലെ റിപ്പോർട്ടിൽ പറയുന്നു.
ഒരു പാർട്ടിയിലും അംഗമല്ല
എന്നാൽ താൻ ഒരു പാർട്ടിയിലും അംഗമല്ലെന്നും, ആഗോള സമാധാനത്തിന്റെ വക്താവ് ആണെന്നുമാണ് ഡോ ഇല്യാസി പറയുന്നത്. വിവിധ ചർച്ചകൾക്കും സൗഹാർദയോഗങ്ങൾക്കുമായി താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്തിട്ടുണ്ടെന്നും അന്ന് എടുത്ത ഫോട്ടോയാണ് ഇസ്രയേൽ മുൻ പ്രസിഡറിന്റെത് എന്നും അദ്ദേഹം പറയുന്നു. മാത്രമല്ല മത തീവ്രവാദത്തിനെതിരെ താൻ എക്കാലവും ഉറച്ച നിലപാട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. നേരത്തെ മോദി സർക്കാർ കൊണ്ടുവന്ന മുത്തലാഖ് ബില്ലിനെ അദ്ദേഹം പിന്തുണച്ചിരുന്നു.
സ്ത്രീകളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്നും 21 ആക്കി ഉയർത്താനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ പിന്തുണച്ചതോടെയും അദ്ദേഹത്തിനെതിരെ സൈബർ ആക്രമണം ഉണ്ടായി. പെൺകുട്ടികളെ നേരത്തെ വിവാഹം കഴിപ്പിച്ച് അയക്കരുതെന്നും, എല്ലാത്തിലും രാഷ്ട്രീയം കൊണ്ടുവരരുതെന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞ്. രാഷ്ട്രീയ സ്വയംസേവക് സംഘം സർസംഘചാലക് മോഹൻ ഭാഗവതിനെ ഒരു ചടങ്ങിൽ 'രാഷ്ട്രപിതാവ്' എന്നു വിളിച്ചത് മുതൽ തനിക്ക് ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് ഉമർ അഹമ്മദ് ഇല്യാസി. നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2022 സെപ്റ്റംബർ 22ന്, ഡൽഹിയിലെ മുസ്ലിം പള്ളി സന്ദർശിച്ച ഭാഗവത് മദ്രസ വിദ്യാർത്ഥികളുമായി സംവദിച്ചിരുന്നു. ഇത് സംബന്ധിച്ച് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെയാണ് ഇല്യാസി ഭാഗവതിനെ രാഷ്ട്രപിതാവ് എന്ന് വിളിച്ചത്.
അന്താരാഷ്ട്ര ഫോൺ നമ്പരുകളിൽ നിന്ന് തനിക്ക് ആവർത്തിച്ച് വധഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇന്ന് എന്റെ ക്ഷണപ്രകാരം മോഹൻ ഭാഗവത് ജി സന്ദർശിച്ചു. അദ്ദേഹം 'രാഷ്ട്രപിതാ'വും 'രാഷ്ട്ര ഋഷി'യുമാണ്. അദ്ദേഹത്തിന്റെ സന്ദർശനത്തിൽ നിന്ന് ഒരു നല്ല സന്ദേശം പുറത്തുവരും. നമ്മുടെ ദൈവത്തെ ആരാധിക്കുന്ന രീതികൾ വ്യത്യസ്തമാണ്. എന്നാൽ ഏറ്റവും വലിയ മതം മനുഷ്യത്വമാണ്. രാജ്യം ഒന്നാമതെത്തുന്നുണ്ടെന്ന് ഞങ്ങൾ വിശ്വസിക്കുന്നു' -ഉമർ അഹമ്മദ് ഇല്യാസി പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മോഹൻഭാഗവത് നല്ലതുചെയ്യുന്നതുകൊണ്ടാണ് നല്ലതുപറഞ്ഞത് എന്നായിരുന്നു ഡോ ഇല്യാസിയുടെ പ്രതികരണം.