ലക്‌നൗ:  മഥുര റെയിൽവേ സ്റ്റേഷനിൽനിന്നു കാണാതായ ഏഴുമാസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത് ബിജെപി നേതാവിന്റെ വീട്ടിൽനിന്ന്. കഴിഞ്ഞയാഴ്ച, റെയിൽവേ സ്റ്റേഷനിൽ ഉറങ്ങിക്കിടന്ന മാതാപിതാക്കളുടെ അടുത്തുനിന്നും മോഷ്ടിച്ച കുഞ്ഞിനെയാണ് നൂറു കിലോമീറ്ററോളം അകലെ ഫിറോസാബാദിലെ ബിജെപി കൗൺസിലറായ വിനീത അഗർവാളുടെ വീട്ടിൽനിന്നു കണ്ടെത്തിയത്. കുട്ടികളെ മോഷ്ടിച്ച് വിൽക്കുന്ന റാക്കറ്റിനെ പിന്തുടർന്ന പൊലീസാണ് ഒടുവിൽ ബിജെപി നേതാവിന്റെ വീട്ടിൽ എത്തിയത്.

വിനീതയും ഭർത്താവും ചേർന്ന് റാക്കറ്റിൽ ഉൾപ്പെട്ട രണ്ടു ഡോക്ടർമാരിൽനിന്ന് 1.8 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വാങ്ങിയതാണെന്നു പൊലീസ് പറഞ്ഞു.കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടു പോയി വിൽപന നടത്തുന്ന വൻ സംഘത്തിന്റെ ഭാഗമാണ് ഈ ഡോക്ടർമാരെന്നും പൊലീസ് പറയുന്നു.

ഒരു ആൺകുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിലാണ് ഇവർ കുഞ്ഞിനെ വാങ്ങിയതെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവർക്കും ഒരു മകളുണ്ട്. സംഭവത്തിൽ ദമ്പതിമാരെ അടക്കം എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ദമ്പതികൾ നൽകിയ പണം ഡോക്ടർമാരിൽനിന്നു കണ്ടെടുത്തു. കുഞ്ഞിനെ മാതാപിതാക്കൾക്കു കൈമാറിയതായി പൊലീസ് വ്യക്തമാക്കി. മാതാപിതാക്കൾ ഉറങ്ങിക്കിടക്കുമ്പോൾ കുഞ്ഞിനെ മഥുര റെയിൽവേ സ്റ്റേഷനിൽനിന്നു തട്ടിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയാണ് മഥുര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്ന് കുഞ്ഞിനെ ഒരാൾ തട്ടിക്കൊണ്ടു പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. കുഞ്ഞിനെ സ്റ്റേഷനിൽ നിന്ന് എടുത്തുകൊണ്ടു പോയ ആൾ അടക്കം സംഘത്തിലെ എട്ടു പേർ അറസ്റ്റിലായിട്ടുണ്ട്. കുഞ്ഞിനെ അതിന്റെ അമ്മയ്ക്ക് കൈമാറിയതായി യുപി പൊലീസ് അറിയിച്ചു. പിടിയിലായ ഡോക്ടർമാരിൽ നിന്ന് പൊലീസ് പണവും കണ്ടെടുത്തിട്ടുണ്ട്.

'ദീപ് കുമാർ എന്നയാളാണ് കുട്ടിയെ പ്ലാറ്റ് ഫോമിൽ നിന്ന് എടുത്തുകൊണ്ടുപോയത്. ഹത്രാസ് ജില്ലിയിലുള്ള ഒരു ആശുപത്രി കേന്ദ്രീകരിച്ചാണ് കുഞ്ഞുങ്ങളെ വിൽപന നടത്തുന്ന റാക്കറ്റ് പ്രവർത്തിക്കുന്നത്. സംഘത്തിന്റെ ഭാഗമായ രണ്ട് ഡോക്ടർമാരുടേതാണ് ആശുപത്രി. ദീപ് കുമാറും കുറച്ച് ആരോഗ്യ പ്രവർത്തകരും തട്ടിക്കൊണ്ടുപോകൽ സംഘത്തിലുള്ള ആളുകളാണ്. ബിജെപി. നേതാവിന്റെ വീട്ടിൽ കുഞ്ഞിനെ കണ്ടെത്തുകയും തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലുമാണ് റാക്കറ്റിലേക്ക് അന്വേഷണം നീണ്ടത്' മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഷ്താഖ് പറഞ്ഞു.