- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെ വസ്ത്രശാലയിൽ വെച്ച് പ്രണയത്തിലായി ഒപ്പം കൂടി; വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തിയപ്പോൾ മുഴു കുടിയനായ പങ്കാളിയുടെ പീഡനം സഹിക്കാൻ വയ്യാതെയായി; ശബരിമലയ്ക്ക് പോകാൻ മാല പണയം വെയ്ക്കാൻ ചോദിച്ചതിനെ ചൊല്ലി തർക്കം; ശാസ്താംകോട്ടയിലെ ചിത്ര ജീവനൊടുക്കിയത് 15 വർഷത്തെ ലിവിങ് ടുഗദർ ജീവിതം മടുത്തിട്ട്
കൊല്ലം: കൂടെ താമസിച്ചിരുന്ന പങ്കാളിയുടെ പീഡനം അതിരു കടന്നപ്പോൾ സഹിക്കാൻ വയ്യാതെ തന്നെയാണ് ശാസ്താംകോട്ടയിൽ, പത്തനംതിട്ട കോന്നി സ്വദേശി (ചന്ദ്രിക )ചിത്ര (44) തൂങ്ങി മരിച്ചത്. കഴിഞ്ഞ ദിവസമാണ് യുവതിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒപ്പം താമസിച്ചിരുന്നയാളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തുറിമാന്റിലാക്കി.
സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തൂർ ഐവർകാല കീച്ചപ്പള്ളിൽ അജയസദനത്തിൽ വിജയൻപിള്ളയെ (42) ശാസ്താംകോട്ട പൊലീസാണ് പിടികൂടിയത്. റിമാന്റിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വാങ്ങിയേക്കും. 27ന് ആണ് യുവതിയെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
വർഷങ്ങളായി വിജയൻപിള്ളയ്ക്കൊപ്പം താമസിച്ച് വരികയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലും അന്വേഷണത്തിലുമാണ് ചിത്രയുടെ മരണത്തിൽ വിജയൻ പിള്ളയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമായത്. ചിത്ര ആത്മഹത്യ ചെയ്ത ദിവസം വിജയൻപിള്ളയും ചിത്രയും തമ്മിൽ തർക്കത്തിൽ ഏർപ്പെട്ടിരുന്നു. മുഴു കുടിയനായ വിജയൻപിള്ള മഞ്ഞപിത്തത്തിന് ചികിത്സയിലുമായിരുന്നു. ജോലിക്ക് പോകില്ല. ചിത്ര ലോട്ടറി വിറ്റാണ് കുടംബം പുലർത്തിയിരുന്നത്.
വിജയൻ പിള്ളയുടെ അമ്മയെ നോക്കിയിരുന്നതും ചിത്ര തന്നെയായിരുന്നു. ചിത്ര ആത്മഹത്യ ചെയ്ത ദിവസം, ശബരിമലയ്ക്ക് പോകാൻ പണം വേണമെന്ന് പറഞ്ഞ് വിജയൻ പിള്ള ബഹളം വെച്ചിരുന്നു. സാധാരണ ഗതിയിൽ മദ്യപിച്ച് എത്തി ബഹളം വെയ്ക്കുന്നത് പതിവായതിനാൽ ചിത്ര അത്ര ശ്രദ്ധ കൊടുക്കാറില്ല. എന്നാൽ അന്ന് പതിവിന് വിപരീതമായി ചന്ദ്രികയുടെ കഴുത്തിൽ കിടന്ന മാല പണയം വെയ്ക്കാൻ ചോദിച്ചു. അതുകൊടുക്കില്ലന്ന് മനസിലായതോടെ ആദ്യം ചെകിടത്ത് അടിച്ചു. പിന്നീട് മർദ്ദിച്ചു. ഇതാണ് ചിത്രയെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്.
അയൽവാസികളും ഇക്കാര്യം പൊലീസിനോടു പറഞ്ഞു. വിജയൻപിള്ളയുടെ മാനസിക പീഡനം സഹിച്ചാണ് ചിത്ര കഴിഞ്ഞിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. ലോട്ടറി വിൽപ്പനയ്ക്ക് പുറമെ ചിത്ര തന്നെ വീട്ടിൽ പശു വളർത്തലും തുടങ്ങിയിരുന്നു. കഠിനാദ്ധ്വാനിയായാണ് നാട്ടുകാർ ചന്ദ്രികയെ കണ്ടിരുന്നത്.
ന്യൂഡൽഹിയിൽ വസ്ത്രശാലയിൽ ജോലി നോക്കുന്നതിനിടെ 11 വർഷം മുൻപാണ് ഇരുവരും പ്രണയ ബദ്ധരാവുന്നത്. ഒരേ കമ്പനിയിൽ അടുത്തടുത്ത സെക്ഷനുകളിൽ ജോലിയാണ് ഇരുവരെയും അടുപ്പിച്ചത്. ചിത്രയുമായി അടുപ്പത്തിലായ വിജയൻപിള്ള അവർക്കൊപ്പം അവിടെ താമസവും തുടങ്ങി.
ഡൽഹിയിൽ 10 വർഷമായി ഒരുമിച്ചു താമസിച്ച് വരുന്നതിനിടെ 5 വർഷം മുൻപാണ് നാട്ടിലെത്തിയത്. നാട്ടിൽ വന്ന ശേഷം വിജയൻപിള്ള ജോലിക്ക് പോകാത്തതും മുഴു മദ്യപാനി ആയതും ചിത്രയെ തളർത്തി. എന്നിട്ടും വിജയൻ പിള്ളയുടെ അമ്മയെ അടക്കം പൊന്നു പോലെയാണ് അവർ നോക്കി വന്നത്. നിയമപരമായി ഇവർ വിവാഹം കഴിച്ചിട്ടില്ലെന്നും സ്ഥിരമായി മദ്യപിച്ചെത്തുന്ന ഇയാൾ ചിത്രയെ മർദിക്കുമായിരുന്നുവെന്നും പൊലീസും പറഞ്ഞു. പൊലീസ് ഇൻസ്പെക്ടർ എ.അനൂപ്, എസ്ഐ എം.എസ്.അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്