മൂവാറ്റുപുഴ: വാഴക്കുളം പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. രാജേഷ് കെ. മേനോനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുമ്പോൾ ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിലേക്ക് പൊലീസ്. വ്യാഴാഴ്ച രാവിലെ പൊലീസ് ക്വാർട്ടേഴ്സിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. വരിക്കോലി താഴത്തും തറയിൽ രാജേഷ് കെ മേനോൻ (48) ആണ് മരിച്ചത്.

മറ്റക്കുഴി സ്വദേശിയായ രാജേഷ്, ഓഗസ്റ്റ് എട്ടാം തീയതിയാണ് വാഴക്കുളം സ്റ്റേഷനിൽ എസ്.എച്ച്.ഒ. ആയി ചുമതലയേറ്റത്. വ്യാഴാഴ്ച ഇദ്ദേഹത്തിന് കോടതി ഡ്യൂട്ടിയായിരുന്നു. എന്നാൽ രാവിലെ പത്തുമണിയായിട്ടും എസ്.എച്ച്.ഒ. സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇതോടെ പൊലീസുകാർ ക്വാർട്ടേഴ്സിൽ അന്വേഷിച്ചെത്തിയപ്പോളാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം വീട്ടിന് അടുത്ത കടയിൽ നിന്നും കയർ വാങ്ങിയിരുന്നു. തുണി ഉണക്കാനുള്ള അയൽ കെട്ടനാണെന്ന് പറഞ്ഞാണ് കയർ വാങ്ങിയത്.

കുടുംബ പ്രശ്‌നങ്ങളിലെ നിരാശയാണ് മരണ കാരണമെന്നാണ് പൊലീസും വിലയിരുത്തുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലൂടെ മാത്രമേ മരണ കാരണത്തിൽ പൊലീസ് വ്യക്തമായ സ്ഥിരീകരണം നൽകൂ. നിലവിൽ ആത്മഹത്യ തന്നെ എന്നാണ് പൊലീസ് നിഗമനവും. രാജേഷിന്റെ കുടുംബാഗങ്ങളുടെ മൊഴിയും എടുക്കും. ക്വാർട്ടേഴ്‌സിൽ വിശദ പരിശോധനയും നടത്തും. കോട്ടയം മണിമല, വൈക്കം എന്നീ സ്‌റ്റേഷനുകളിൽ എസ് ഐയായി പ്രവർത്തിച്ചിട്ടുണ്ട്. തൊട്ടു മുമ്പ അയ്യമ്പുഴ സ്റ്റേഷനിലായിരുന്നു ജോലി.

രാജേഷ് മേനോന് കുടുംബ പ്രശ്‌നങ്ങളുള്ളതായി പൊലീസുകാർക്കും അറിയാം. ഭാര്യയുമായി പിണക്കമുണ്ടായിരുന്നു. ഇവർ മാറിയാണ് താമസിച്ചിരുന്നത്. ഇതാകും മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. എല്ലാവരോടും സൗമ്യതയോടെ പെരുമാറുന്ന ഉദ്യോഗസ്ഥനായിരുന്നു രാജേഷ്.