- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് പീഡനക്കേസുകളിൽ പ്രതിയായ മലയിൻകീഴ് മുൻ സിഐ സൈജുവിനെതിരേ വീണ്ടും കേസ്; പീഡനക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടാൻ വ്യാജരേഖ ഉണ്ടാക്കിയെന്ന ആരോപണത്തിൽ കേസെടുത്തത് ഡിജിപിയുടെ നിർദ്ദേശ പ്രകാരം; കൂട്ടുപ്രതി മലയിൻകീഴ് സ്റ്റേഷനിലെ റൈറ്റർ പ്രദീപ്; സൈജുവിനെ പിരിച്ചു വിട്ടേക്കും
തിരുവനന്തപുരം : രണ്ട് പീഡനക്കേസുകളിൽ പ്രതിയായ മലയിൻകീഴ് മുൻ സിഐ എ.വി സൈജുവിനെതിരേ വീണ്ടും കേസ്. പീഡനക്കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാനായി പൊലീസ് സ്റ്റേഷനിലെ റൈറ്ററുമായി ചേർന്ന് വ്യാജരേഖയുണ്ടാക്കിയതിനാണ് കേസ്. ഐ.പി.സി 468, 471 വകുപ്പുകൾ ചുമത്തി മലയൻകീഴ് പൊലീസാണ് കേസെടുത്തത്. ഇതോടെ സൈജുവിനെ സർവ്വീസിൽ നിന്നും പിരിച്ചു വിടേണ്ട സാഹചര്യമുണ്ടാകും. സർവ്വീസിൽ നിന്നും പുറത്താക്കേണ്ട ഉദ്യോഗസ്ഥരുടെ പട്ടികയിൽ സൈജുവും ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
സിഐ മാസങ്ങളായി ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ രണ്ടാം കേസിൽ ഹൈക്കോടതിയിൽ നിന്നും താൽകാലിക ജാമ്യം കിട്ടി. ആ ആശ്വസാത്തിൽ ഇരിക്കുമ്പോഴാണ് പുതിയ കേസ്. ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിക്കാൻ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മലയൻകീഴ് സ്റ്റേഷനിലെ റൈറ്റർ ആയിരുന്ന പ്രദീപിൽ നിന്ന് കളവായി റിപ്പോർട്ട് എഴുതി വാങ്ങി അത് ജാമ്യം കിട്ടാൻ ഹൈക്കോടതിയിൽ രേഖയായി ഉപയോഗിച്ചെന്ന് മലയൻകീഴ് പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ പറയുന്നു.
പരാതിക്കാരിയുടെ ആവശ്യ പ്രകാരമാണ് കേസ് എടുത്തത്. മലയിൻകീഴ് പൊലീസ് ആദ്യം കേസെടുക്കാൻ മടിച്ചിരുന്നു. ഇതോടെ യുവതി ഡിജിപിയെ പരാതിയുമായി സമീപിച്ചു. രേഖകൾ പരിശോധിച്ച ശേഷം കേസെടുക്കണമെന്ന് ഡിജിപി, റൂറൽ പൊലീസ് മേധാവിയോട് നിർദ്ദേശിച്ചു. എന്നിട്ടും കേസെടുക്കാതെ അട്ടിമറിക്ക് നീക്കം നടന്നു. ഇന്നലെ വീണ്ടും എസ് പി ഉറച്ച നിലപാട് എടുത്തു. ഇതോടെയാണ് സൈജുവിനെതിരെ കേസെടുത്തത്. ഇതോടെ വീണ്ടും സൈജു ജാമ്യമില്ലാ കേസിലെ പ്രതിയാകും.
മലയൻകീഴിലും കൊച്ചി കൺട്രോൾ റൂമിലും ഇൻസ്പെക്ടറായിരുന്ന എ.വി.സൈജുവിനെതിരെ രണ്ട് പീഡനക്കേസുകളാണുള്ളത്. മലയിൻകീഴിലെ വനിതാ ഡോക്ടറുടെയും നെടുമങ്ങാട്ടെ അദ്ധ്യാപികയുടെയും പരാതിയിലാണ് കേസുകൾ. മലയൻകീഴിലെ കേസിൽ മുൻകൂർ ജാമ്യം നേടാൻ വ്യാജരേഖകളുണ്ടാക്കി ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും കണ്ടെത്തിയിരുന്നു. ഇതിന് സൈജുവിനെ സഹായിച്ച റൈറ്ററെയും സസ്പെൻഡ് ചെയ്തിരുന്നു. പീഡന പരാതി നൽകിയതിനു പിന്നാലെ പരാതിക്കാരിയും ഭർത്താവും സൈജുവിന്റെ ഭാര്യയെയും മകളെയും ഉപദ്രവിച്ചെന്ന് കാട്ടി പൊലീസിൽ പരാതി കിട്ടിയിരുന്നു. ഈ കേസുകളെല്ലാം ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
മലയൻകീഴിലെ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിൽ സൈജു ഹൈക്കോടതിയിൽ നിന്ന് ജാമ്യം നേടിയത് വ്യാജരേഖയുണ്ടാക്കിയാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് സൈജുവിനൊപ്പം മലയിൻകീഴ് സ്റ്റേഷനിലെ മുൻ റൈറ്ററും കല്ലിയൂർ സ്വദേശിയുമായ പ്രദീപിനെ സംസ്ഥാന പൊലീസ് മേധാവി സസ്പെന്റ് ചെയ്തിരുന്നു. സി ഐ സൈജുവിനെതിരെ വനിതാ ഡോക്ടർ പരാതി നൽകിയ ശേഷമാണ് ഇരയ്ക്ക് എതിരെ ഗൂഢാലോചന നടന്നത്. പരാതിക്കാരിയുടെ അഭിഭാഷകൻ വഴി പീഡന പരാതി പിൻവലിക്കാൻ 25 ലക്ഷം ആവശ്യപ്പെട്ടുവെന്നാണ് കള്ള പരാതി ഉണ്ടാക്കിയത്. പൊലീസുകാരനായ പ്രദീപിനെ ഇടനിലക്കാർ വീട്ടിൽ വന്നു കണ്ടുവെന്നായിരുന്നു മൊഴി. കേസ് പിൻവലിക്കാൻ ആദ്യം ആവിശ്യപ്പെട്ട 25 ലക്ഷം കിട്ടില്ലന്ന് ഉറപ്പായപ്പോൾ അത് പിന്നീട് 10 ലക്ഷമാക്കി കുറച്ചുവെന്നും സി ഐ യുടെ വിശ്വസ്തനും സ്റ്റേഷനിലെ റൈറ്ററുമായിരുന്ന പ്രദീപ് മൊഴി നൽകി.
ഈ മൊഴി പൊലീസ് സ്റ്റേഷനിൽ നിന്നും സംഘടിപ്പിച്ച് പരാതിക്കാരി പണത്തിന് വേണ്ടിയാണ് പീഡന പരാതി നൽകിയതെന്ന് സൈജുവിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. സൈജു ജാമ്യത്തിനായി ഉപയോഗിച്ചതും ഹൈക്കോടതിയിൽ നിന്നടക്കം വേഗത്തിൽ അനുകൂല ഉത്തരവ് നേടി എടുത്തതും പൊലീസുകാരനായ പ്രദീപിന്റെ മൊഴി പകർപ്പ് ഹാജരാക്കിയായിരുന്നു. ഈ മൊഴിയാണ് വ്യാജമായുണ്ടാക്കിയതാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയത്. പ്രദീപ് പറഞ്ഞ തിയതി , സ്ഥലം , സമയം ഇതിലൊക്കെ പൊരുത്തക്കേട് ഉണ്ടെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ സാഹചര്യത്തിൽ ഈ കേസിലെ മുൻകൂർ ജാമ്യവും റദ്ദാക്കാൻ സാധ്യത ഏറെയാണ്.
വിശ്വസ്തനെ വെച്ച് വ്യാജ മൊഴി ഉണ്ടാക്കി ഇരയുടെ വിശ്വാസ്യത തകർക്കുകയായിരുന്നു സൈജുവിന്റെ ലക്ഷ്യം.ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിൽ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സൈജുവിനെതിരേ ആദ്യം കേസുണ്ടായത്. പാരലൽ കോളേജിൽ പഠിപ്പിക്കവെ സൈജുവിന്റെ പ്രിയപ്പെട്ട ശിക്ഷ്യ ആയിരുന്ന യുവതിയെ പീഡിപ്പിച്ചതിനായിരുന്നു രണ്ടാമത്തെ കേസ്. സി ഐ സൈജു മുൻകൈയെടുത്ത് യുവതിയുമായി ഭർത്താവുമായി ചങ്ങാത്തത്തിലാവുകയും ഭർത്താവില്ലാത്ത സമയങ്ങളിൽ യുവതിയുടെ വീട്ടിലെത്തിയും അല്ലാത്ത ദിവസങ്ങളിൽ അരുവിക്കരക്കടുത്തുള്ള പുരവൂർകോണത്തെ സൈജുവിന്റെ വീട്ടിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി.
2 ലക്ഷം രൂപ കടം കൊടുത്തത് തിരികെ ചോദിച്ചപ്പോൾ സൈജുവിന്റെ വീട് കയറി ആക്രമിച്ചു എന്ന പേരിൽ യുവതിക്കും ഭർത്താവിനുമെതിരെയും പൊലീസ് കേസെടുത്തു. മകളെ മർദ്ദിച്ചുവെന്ന് കാട്ടി പരാതിക്കാരിക്കും ഭർത്താവിനുമെതിരെ സി ഐ സൈജുവിന്റെ ഭാര്യ നൽകിയ പരാതിയിൽ പൊലീസ് കൗണ്ടർ കേസെടുത്തതും വിവാദമായിരുന്നു. പരാതിക്കാരിയെയും അവരുടെ ഭർത്താവിനെയും പ്രതിയാക്കിയായിരുന്നു സൈജുവിന്റെ പ്രതികാരം.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്