- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിയ്യൂർ ജയിലിൽ സംഘർഷം; കൊടി സുനിയുടെ നേതൃത്വത്തിൽ തടവുകാരുടെ സംഘം ജയിൽ ജീവനക്കാരെ ആക്രമിച്ചു; വാക്കു തർക്കത്തിന് പിന്നാലെ കമ്പി വടി അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചു ആക്രമണം; മൂന്ന് ജയിൽ ഉദ്യോഗസ്ഥർക്ക് പരിക്ക്
തൃശൂർ: വിയ്യൂർ അതിസുരക്ഷാ ജയിലിൽ കൊടി സുനിയുടെയും സംഘത്തിന്റെയും വിളയാട്ടം. ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതിയായ കൊടി സുനിയുടെ നേതൃത്വത്തിൽ ജയിൽ ജീവനക്കാരെ ആക്രമിച്ചു. മൂന്ന് ജയിൽ ജീവനക്കാർക്ക് പരിക്കേറ്റ് ആശുപത്രിയിൽ. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജയിലിൽ സംഘർഷം ഉണ്ടായത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് ജയിൽ അധികൃതർ അറിയിച്ചു.
വാക്കു തർക്കത്തെ തുടർന്നാണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുപുള്ളികളുടെ സംഘം ജയിൽ ജീവനക്കാരെ മർദ്ദിക്കുകയായിരുന്നു. കൊടി സുനിയുടെ നേതൃത്വത്തിലുള്ള തടവുകാരുടെ സംഘം ജയിൽ ഓഫീസിലെത്തി ആക്രമണം അഴിച്ചു വിടുകയായിരുന്നു. കമ്പിയടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു അപ്രതീക്ഷിത ആക്രമണം.
ആക്രമണം തടയാൻ എത്തിയപ്പോഴാണ് ജയിൽ ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓഫിസിലെ ഫർണീച്ചറുകളും സംഘം തല്ലിത്തകർത്തു. ജില്ലാ ജയിലിലെ ഉദ്യോഗസ്ഥർ കൂടി എത്തിയാണ് തടവുകാരെ കീഴ്പെടുത്തി രംഗം ശാന്തമാക്കിയത്. ഇപ്പോൾ ജയിലിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഈ ജയിൽ ഭരിക്കുന്നതുകൊടി സുനിയാണെന്ന ആരോപണം നേരത്തെ പ്രതിപക്ഷം ഉയർത്തിയിരുന്നു.
ജയിലിൽ കിടന്നു തന്നെ കൊടി സുനി ക്വട്ടേഷൻ എടുക്കുകയും സ്വർണക്കടത്ത് അടക്കമുള്ള കാര്യങ്ങൾ നിയമന്ത്രിക്കുകയും ചെയ്യാറുണ്ട്. കൊടി സുനിയുടെ സംഘത്തിൽ പെട്ടവർക്ക് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. കോടാലി ശ്രീധരന്റെ കൂട്ടാളിയായ റഷീദിന്റെ ഹവാല ബന്ധങ്ങൾ ഉപയോഗിച്ചു ടിപി കേസ് കുറ്റവാളികൾ ക്വട്ടേഷൻ, സ്വർണക്കടത്ത് സംഭവങ്ങൾ ആസൂത്രണം ചെയ്യുന്നതായി റിപ്പോർട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.
ടിപി കേസ് കുറ്റവാളികൾ ഭരിക്കുന്ന ബ്ലോക്കുകളിൽ കാര്യമായ പരിശോധന നടത്താൻ ജയിൽ ജീവനക്കാർക്കും ധൈര്യമില്ല. കഞ്ചാവ്, മദ്യം, മൊബൈൽ ഫോൺ എന്നിവയുടെ ഉപയോഗം നിർബാധം നടക്കുന്നു എന്നും ആരോപണം ഉയർന്നിരുന്നു. കഞ്ചാവ് ഉപയോഗത്തെക്കുറിച്ചുള്ള തർക്കത്തിന്റെ പേരിലും മദ്യം ഉപയോഗത്തിന്റെ പേരിലും വിയ്യൂരിൽ ഇടയ്ക്കിടെ ജയിൽപുള്ളികൾ തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടുണ്ട്.
പലതരം നിയമലംഘനങ്ങൾ കണ്ടാലും പിടികൂടാൻ അധികൃതർ മെനക്കെടാറില്ല. പ്രതികളുടെ ഉന്നത സ്വാധീനമാണ് കാരണം. ജയിലിലെ മറ്റു തടവുകാരെ പലതരം ജോലികൾക്കു നിയോഗിക്കാറുണ്ടെങ്കിലും ഇവർക്കു ബാധകമല്ല. ഓഫിസ് ജോലിയോ മറ്റുള്ള തടവുകാരെ ജോലിക്കിറക്കുന്ന ജോലിയോ മാത്രമേ ഇവർ ചെയ്യാറുള്ളൂ.
അടുത്തിടെ കൊടി സുനിക്ക് ട്രെയിനിൽ സുഖയാത്ര ഒരുക്കിയതും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. വിയ്യൂരിൽ നിന്ന് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കയ്യാമം പോലും വെക്കാതെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അന്ന് പുറത്തുവന്നത്. കയ്യാമം വെക്കാതെയായിരുന്നു കൊടി സുനിയുടെ യാത്ര. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളൊന്നും തന്നെ ഇല്ലാതെയായിരുന്നു യാത്ര. കൊടും കുറ്റവാളികളെ പരോളിലിറങ്ങി വീണ്ടും കുറ്റക്യത്യങ്ങൾ ചെയ്യാൻ കയറൂരി വിടുകയാണ് ഭരണകൂടമെന്ന് കെകെ രമയും ഈ വിഷയം ചൂണ്ടിക്കാട്ടി ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ