- Home
- /
- News
- /
- INVESTIGATION
മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്യാനുള്ള ഇഡി നീക്കം കേരളത്തിലെ വോട്ടെടുപ്പിന് തൊട്ടുമുമ്പോ?
- Share
- Tweet
- Telegram
- LinkedIniiiii
കൊച്ചി: മാസപ്പടി കേസിൽ സി.എം.ആർ.എൽ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അഞ്ച് ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്തു. ചീഫ് ഫിനാൻസ് ഓഫീസർ സുരേഷ് കുമാർ, ഐടി മാനേജർ എൻ.സി.ചന്ദ്രശേഖരൻ, കമ്പനി സെക്രട്ടറി പി.സുരേഷ് കുമാർ, സീനിയർ ഓഫീസർ അഞ്ജു, മുൻ കാഷ്യർ വാസുദേവൻ എന്നിവരെയാണ് അന്വേഷണസംഘം ചോദ്യം ചെയ്തത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ ലക്ഷ്യമിട്ടാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. വീണയിലേക്ക് അന്വേഷണം എത്തിക്കുക എന്നതാണ് ഇതിൽ പ്രധാനപ്പെട്ട കാര്യം. തെരഞ്ഞെടുപ്പു വേളയിൽ വീണയെ വിളിച്ചു വരുത്താനുള്ള നീക്കമാണ് നടക്കുന്നതെന്ന സംശയം സിപിഎമ്മിനുണ്ട്. രാഷ്ട്രീയമായി ഇത് സിപിഎമ്മിന് തിരിച്ചടിയായേക്കും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണയുടെ കമ്പനിയായ എക്സാലോജിക്കിന് സി.എം.ആർ.എൽ പണം നൽകിയിട്ടുണ്ടെന്നും എന്നാൽ അത് എന്ത് സേവനത്തിന്റെ പേരിലാണെന്ന് അറിയില്ലെന്നും ഉദ്യോഗസ്ഥർ മൊഴി നൽകി.എക്സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ വ്യക്തത വരുത്താൻ സി.എം.ആർ.എൽ എം.ഡി ശശിധരൻ കർത്തയെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ ചോദ്യം ചെയ്യലിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചു
സി.എം.ആർ.എൽ പ്രതിനിധികളിൽ നിന്ന് പരമാവധി വിവരശേഖരണം നടത്തി ഉടൻ മുഖ്യമന്ത്രിയുടെ മകൾ ടി വീണയ്ക്ക് നോട്ടീസ് നൽകാനാണ് ഇ.ഡിയുടെ നീക്കം. മൊഴിയെടുപ്പിന്റെ പേരിൽ ഒരു വനിതയുൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് കൊച്ചി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) ഓഫീസിൽ കഴിയേണ്ടിവന്നത് 24 മണിക്കൂറോളം സമയാണ്. ഒരു പകലും രാത്രിയും നീണ്ട മൊഴിയെടുപ്പിനൊടുവിൽ ഇവരെ വിട്ടയച്ചത് ചൊവ്വാഴ്ച രാവിലെ 11.30-ഓടെ.
തിങ്കളാഴ്ച ഹാജരാകാതിരുന്ന സി.എം.ആർ.എൽ. മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയോട് ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഒഴിവായി. സി.എം.ആർ.എലിലെ ചീഫ് ജനറൽ മാനേജർ പി. സുരേഷ് കുമാർ, മുൻ കാഷ്യർ വാസുദേവൻ എന്നിവരിൽനിന്നും ഉച്ചയ്ക്കുശേഷം മൊഴിയെടുത്തു. സി.എം.ആർ.എലിന്റെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച വിവരങ്ങൾ മൊഴിയായി ശേഖരിക്കുകയാണ് ഇ.ഡി.യുടെ ലക്ഷ്യം. മൊഴിയെടുപ്പ് ഒറ്റഘട്ടമായി പൂർത്തീകരിച്ചാൽ ബാഹ്യഇടപെടലുകൾക്കുള്ള സാധ്യത കുറയും എന്ന കണക്കുകൂട്ടലുകളിലാണ് അന്വേഷണസംഘം. കമ്പനിയെ സംബന്ധിച്ച് പുറത്തുവരാത്ത രഹസ്യവിവരങ്ങളോ അക്കൗണ്ടുകളോ ഉണ്ടെങ്കിൽ അത് അറിയുകകൂടി ലക്ഷ്യമിടുന്നുണ്ട്.
അതേസമയം ഇ.ഡി.യുടെ നടപടികൾ ചോദ്യംചെയ്തുകൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ.) മാനേജിങ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്തയുൾപ്പെടെ നൽകിയ ഉപഹർജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി. എക്സാലോജിക് സൊലൂഷൻസും സി.എം.ആർ.എലും തമ്മിലുള്ള ഇടപാട് അന്വേഷിക്കുന്നതിന്റെ ഭാഗമായുള്ള നടപടികൾക്കെതിരേയാണ് ഹർജി.
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും പ്രായാധിക്യവും മൂലം ഹാജരാവാനാവില്ല. ചോദ്യം ചെയ്യൽ ഒഴിവാക്കണമെന്നാണ് ശശിധരൻ കർത്തയുടെ ആവശ്യം. അതേസമയം തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായെങ്കിലും 24 മണിക്കൂറിലേറെ തടങ്കലിൽവെച്ച് നിയമലംഘനം നടത്തിയെന്നും മാനസികമായി പീഡിപ്പിച്ചെന്നുമാണ് ഉദ്യോഗസ്ഥർ ഹർജിയിൽ പറയുന്നത്. സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഓഫീസർ അഞ്ജു റേച്ചൽ കുരുവിള, ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ്കുമാർ എന്നിവർ ഹർജി നൽകിയവരിൽ ഉൾപ്പെടുന്നു.
വനിതാ ഉദ്യോഗസ്ഥയടക്കമുള്ളവരെ 24 മണിക്കൂർ നിയമവിരുദ്ധമായി തടങ്കലിൽവെച്ചു. ഒരു രാത്രി മുഴുവൻ ഇ.ഡി. ഓഫീസിൽ തങ്ങേണ്ടിവന്നു. കമ്പനിയുടെ ഇ-മെയിൽ പാസ്വേഡുകൾ ഉൾപ്പെടെ ആവശ്യപ്പെട്ടു. കടുത്ത നടപടികൾ ഉണ്ടാകില്ലെന്ന ഹൈക്കോടതിയുടെ നിർദ്ദേശവും ഇ.ഡി. ലംഘിച്ചതായി ഹർജിക്കാർ പറയുന്നു.
അറസ്റ്റുണ്ടാവില്ലെന്നുമാത്രമാണ് ഉറപ്പുനൽകിയത്. ചോദ്യംചെയ്യൽ തുടരുമെന്നും സമയപരിധി നിശ്ചയിക്കാനാവില്ലെന്നും ഇ.ഡി. കോടതിയെ അറിയിച്ചു. വനിതാ ഉദ്യോഗസ്ഥയെ ചോദ്യംചെയ്തത് ഇ.ഡി. ഡയറക്ടറേറ്റിലെ വനിതാ ഉദ്യോഗസ്ഥയാണ്. അന്വേഷണത്തോട് സഹകരിക്കാതിരുന്നത് കോടതി ഉത്തരവിന്റെ ലംഘനമാണ്. ഇത് സംബന്ധിച്ച പ്രധാന കേസ് വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്. അതിനാൽ ഈ ഹർജിക്ക് അടിയന്തര പ്രാധാന്യമില്ലെന്നും ഇ.ഡി. വാദിച്ചു. കേസ് ഉടൻ പരിഗണിക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. അല്ലെങ്കിൽ കടുത്ത നടപടികൾ ഇ.ഡി.യുടെ ഭാഗത്തുനിന്നുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി. ഇ.ഡി.യോട് വിശദീകരണംതേടിയ കോടതി ഹർജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.