തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ അഴിമതി വിവാദങ്ങൾ കൂടുതൽ വ്യക്തമായി വരുന്നു. സി.എം.ആർ.എല്ലിനുള്ള കരിമണൽ ഖനനാനുമതി റദ്ദാക്കിയത് മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട വിവാദത്തിന് ശേഷമാണെന്ന നിർണായക വിവരമാണ് പുറത്തുവന്നത്. ഖനനാനുമതി റദ്ദാക്കിയത് 2023 ഡിസംബർ 18-ന് തെളിയിക്കുന്ന രേഖകൾ പുറത്തുവന്നു. കേന്ദ്രനിയമപ്രകാരം 2019-ൽ തന്നെ കരാർ റദ്ദാക്കാമായിരുന്നു. അതിനുശേഷവും അഞ്ചുവർഷത്തോളം കരാർ നിലനിന്നു. ഇക്കാലയളവിലാ എക്‌സാലോജിക്കിലേക്ക് പണം എത്തിയതും. ഇതോടെ അഴിമതിയുടെ സൈക്കിൾ പൂർത്തിയാകുകയാണ്.

2019 ഫെബ്രുവരി 20-ന് അറ്റോമിക് മിനറൽസിന്റെ ഖനനം സ്വകാര്യമേഖലയിൽ പാടില്ലെന്ന് കേന്ദ്രസർക്കാർ തീരുമാനിച്ചു. സ്വകാര്യ ഖനനത്തിനുള്ള എല്ലാ കരാറുകളും റദ്ദാക്കണമെന്ന് 2019 മാർച്ച് 19-നാണ് കേന്ദ്രം ഉത്തരവിറക്കിയത്. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടന്റെ വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയാണ് ഖനനാനുമതി റദ്ദാക്കിയത്.

പിണറായി വിജയൻ മുഖ്യമന്ത്രിയായ 2016 മുതൽ മകൾക്ക് മാസപ്പടി ലഭിച്ചിട്ടുണ്ടെന്ന ഗുരുതരമായ ആരോപണം കഴിഞ്ഞദിവസം കുഴൽനാടൻ ഉന്നയിച്ചിരുന്നു. പ്രത്യുപകാരമായി സ്വകാര്യ കരിമണൽക്കമ്പനിയായ സി.എം.ആർ.എലിനെ സഹായിക്കാൻ മുഖ്യമന്ത്രി ഇടപെട്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. സിഎംആർഎലിനെ സഹായിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടതായും അതിനു പ്രതിഫലമായാണു മകൾ വീണയ്ക്കു പ്രതിമാസം 8 ലക്ഷം രൂപ മാസപ്പടി ലഭിച്ചതെന്നായിരുന്നു കുഴൽനാടന്റ ആരോപണം. കമ്പനിക്കു കാര്യങ്ങൾ അനുകൂലമാകാനാണ് ഉത്തരവിറക്കാൻ വൈകിയതെന്നും കുഴൽനാടൻ അഭിപ്രായപ്പെട്ടു.

മാത്യു കുഴൽനാടൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത്: "എല്ലാ സ്വകാര്യ ഖനന അനുമതികളും റദ്ദാക്കാൻ 2019ൽ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 2004ൽ സിഎംആർഎലിനു കൊടുത്ത കരാർ റദ്ദാക്കാൻ മൈനിങ് വിഭാഗം നടപടികളുമായി സർക്കാർ മുന്നോട്ടുപോയി. ഭൂമി സർക്കാർ തിരിച്ചെടുക്കാനുള്ള നടപടി നടക്കുമ്പോഴാണു സിഎംആർഎൽ മുഖ്യമന്ത്രിക്കു നിവേദനം നൽകുന്നത്. മുഖ്യമന്ത്രിയുടെ ഓഫിസ് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയോട് ഫയൽ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ വകുപ്പിലല്ലാത്ത ഫയൽ വിളിച്ചുവരുത്തി പരിശോധിക്കണമെങ്കിൽ എന്തെങ്കിലും പ്രത്യേകത വേണം. പിന്നീട് മുഖ്യമന്ത്രി യോഗവും വിളിച്ചു. ഖനന കരാർ റദ്ദാക്കാനാണ് നിയമവകുപ്പ് നിർദ്ദേശിച്ചത്. മുഖ്യമന്ത്രി ഇടപെട്ടതോടെ അന്തിമതീരുമാനം എടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. കേന്ദ്ര സർക്കാർ തീരുമാനം ഉണ്ടായിരുന്നില്ലെങ്കിൽ സിഎംആർഎലിനു അനുകൂലമായി തീരുമാനം ഉണ്ടാകുമായിരുന്നു".

ഇതിനു മറുപടിയായി ധനമന്ത്രി പി.രാജീവ് പറഞ്ഞത്: "മുഖ്യമന്ത്രിയെക്കുറിച്ചുള്ള മാത്യു കുഴൽനാടന്റെ ആരോപണം യുഡിഎഫിന് എതിരാണ്. തോട്ടപ്പള്ളിയിലെ ഖനനം സ്വകാര്യ കമ്പനിക്ക് കൊടുക്കാമെന്ന് ഉത്തരവിറങ്ങിയത് 2002ലാണ്. 2004ൽ സർവേ നമ്പർ സഹിതം പാട്ടത്തിനു നൽകി. കമ്പനിക്ക് അനുമതി നിഷേധിക്കുകയാണ് എൽഡിഎഫ് ചെയ്തത്. ഹൈക്കോടതിയും സുപ്രീംകോടതിയും അംഗീകരിച്ച ശേഷമാണു ലൈസൻസ് അനുവദിച്ചത്. ഖനനം പൊതുമേഖലയിൽ പരിമിതപ്പെടുത്തുകയാണു പിണറായി സർക്കാർ ചെയ്തത്."