കൊച്ചി: ഇന്ത്യയുടെ രഹസ്യങ്ങൾ ചോർത്തുന്നതിന് വേണ്ടി പാക്കിസ്ഥാൻ ഹണിട്രാപ്പ് പ്രയോഗിക്കുന്നു എന്ന വാർത്തകൾ കുറച്ചു കാലമായി തന്നെ പുറത്തുവരുന്നതാണ്. സൈനികർക്ക് അടക്കം ഇക്കാര്യത്തിൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനിടെ കൊച്ചി കപ്പൽശാലയിലെ നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രങ്ങൾ കരാർ ജീവനക്കാരൻ സൈബറിടത്തിലൂടെ അയച്ചു നൽകിയ സംഭവവും അതീവ ഗൗരവത്തോടെയാണ് അന്വേഷണം ഏജൻസകൽ കാണുന്നത്.

നിർമ്മാണത്തിലിരിക്കുന്ന കപ്പലിന്റെ ചിത്രങ്ങൾ കരാർ ജീവനക്കാരൻ സാമൂഹിക മാധ്യമങ്ങളിലൂടെ അയച്ചുനൽകിയ സംഭവം ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഇന്റലിജൻസാണ് അന്വേഷിക്കുന്നത്. രജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ നേവി ഇന്റലിജൻസും സമാന്തര അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ നടന്നത് സൈബർ ഹണി ട്രാപ്പാണെന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. ജീവനക്കാരൻ എതരത്തോളം വിവരങ്ങൽ കൈമാറിയിട്ടുണ്ടെന്ന കാര്യം അടക്കം അന്വേഷിക്കുന്നു.

സേനയുടെ ഇന്റലിജൻസ് വിഭാഗമാണ് ഡയറക്ടറേറ്റ് ഓഫ് മിലിട്ടറി ഇന്റലിജൻസ് (എം.ഐ.). അതീവ സുരക്ഷാ മേഖലയിൽനിന്ന് ഫോണിൽ ചിത്രങ്ങൾ പകർത്തിയത് അധികൃതർ ഗൗരവത്തോടെയാണ് കാണുന്നത്. കപ്പൽശാലയിലെ ഇലക്ട്രോണിക് മെക്കാനിക് വിഭാഗത്തിലെ കരാർ ജീവനക്കാരൻ, മലപ്പുറം സ്വദേശി ശ്രീനിഷ് പൂക്കോടന്റെ (30) ഫോൺ വിശദ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിൽനിന്ന് ലഭിക്കുന്ന ചിത്രങ്ങളും ചാറ്റുകളും അന്വേഷണത്തിൽ നിർണായകമാകും.

ശ്രീനിഷ് ചിത്രങ്ങൾ അയച്ചുനൽകിയത് എയ്ഞ്ചൽ പായൽ എന്ന സ്ത്രീക്കാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവർ പാക് സ്വദേശിനിയാണെന്നതാണ് പൊലീസിന് ലഭിക്കുന്ന വിവരം. എയ്ഞ്ചൽ പായലുമായി പ്രതി പലവട്ടം മെസഞ്ചറിലൂടെ ചാറ്റ് നടത്തിയതായി വ്യക്തമായിട്ടുണ്ട്. ഈ സാഹച്യത്തിൽ എത്രത്തോളം വിവരങ്ങൾ ആ സ്ത്രീയുമായി പങ്കുവെച്ചെന്ന കാര്യത്തിലാണ് അന്വേഷണം.

ഫോണിലെ വിവരങ്ങളുടെ മിറർ ഇമേജ് പൊലീസ് ശേഖരിക്കുന്നുണ്ട്. രണ്ട് ദിവസത്തിനകം ഇത് ലഭിക്കും. ഇതോടൊപ്പം ഡിലീറ്റ് ചെയ്ത സന്ദേശങ്ങളും അയച്ചുകൊടുത്ത ചിത്രങ്ങളും കണ്ടെത്താൻ സൈബർ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. അതിനിടെ, പ്രതി സാമൂഹിക മാധ്യമത്തിൽ കപ്പൽശാലയ്ക്കുള്ളിലെ ചില ചിത്രങ്ങൾ പ്രചരിപ്പിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഈ ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനേത്തുടർന്നാണോ എയ്ഞ്ചൽ പായൽ എന്ന പേരുള്ള സാമൂഹിക മാധ്യമ അക്കൗണ്ടിൽ നിന്ന് സൗഹൃദ അപേക്ഷ എത്തിയതെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്.

കപ്പൽശാലയ്ക്കുള്ളിലെ 10 ചിത്രങ്ങളാണ് ശ്രീനിഷ് ഫോണിൽ നിന്ന് എയ്ഞ്ചൽ പായൽ എന്ന സാമൂഹിക മാധ്യമ അക്കൗണ്ടിലേക്ക് അയച്ചത്. രാജ്യസുരക്ഷയ്ക്ക് ഭംഗം വരുത്തുന്ന തരത്തിൽ ഔദ്യോഗിക രഹസ്യവിവരങ്ങൾ കൈമാറിയെന്ന് കാട്ടി കപ്പൽശാലയിലെ സെക്യൂരിറ്റി ഓഫീസർ പൊലീസിൽ പരാതി നൽകിയിരുന്നു. കപ്പൽശാലയിൽനിന്നും അന്വേഷണ സംഘങ്ങൾ കസ്റ്റഡിയിലെടുത്ത ശ്രീനിഷിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ റിമാൻഡിലാണ്.