- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണമുണ്ടേൽ എച്ച് ഉം, എട്ടും വേണ്ട, ലൈസൻസ് റെഡി; കൈക്കൂലി കേസിൽ പെട്ട മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വീണ്ടും എത്തിയതോടെ മൾട്ടിയെന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ടെസ്റ്റ് ചാടിക്കൽ വീണ്ടും സജീവമായി; മുഖ്യമന്ത്രിക്കും വിജിലൻസ് ഡയറക്ടർക്കും പരാതി
മലപ്പുറം: പണമുണ്ടെങ്കിൽ തിരൂർ ആർ.ടി. ഓഫീസിന് കീഴിൽ എച്ചും, എട്ടും എടുത്തില്ലെങ്കിലും, ലൈസൻസ് റെഡി. കൈക്കൂലി കേസിൽ വിജിലൻസ് കേസിൽ പെട്ട് സസ്പെൻഷനിലായി തിരികെ ജോലിയിൽ കയറിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എത്തിയതോടെയാണ് മൾട്ടിയെന്ന ഓമനപ്പേരിൽ അറിയപ്പെടുത്ത ടെസ്റ്റ് ചാടിക്കൽ വീണ്ടും സജീവമായതെന്നാണ് പരാതി.
ഗ്രൗണ്ട് ടെസ്റ്റ് നടത്തേണ്ട അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ കുറവ് കൂടെയായപ്പോൾ എം വിഐ തന്നെയാണ് ഗ്രൗണ്ട്ടെസ്റ്റും റോഡ് ടെസ്റ്റും നടത്തുന്നത്. ഇങ്ങനെ ടെസ്റ്റ് നടത്താനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് എം വിഐ ടെസ്റ്റ് നടത്തുന്നത്. ഇതോടെ ഗ്രൗണ്ടിൽ എച്ച്, എട്ട് പരാജയപ്പെട്ടാലും പണമുണ്ടേൽ ലൈസൻസ് ലഭിക്കുന്ന അവസ്ഥയുണ്ടെന്നു ചൂണ്ടിക്കാട്ടി കുറ്റിപ്പുറം സ്വദേശി മുസ്തഫ മുഖ്യമന്ത്രി, വിജിയലൻസ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകി.
ഇന്നു എച്ച് ട്രാക്കിൽ എച്ച് പൂർത്തിയാക്കാതെയും ശരിയായ ദിശ തെറ്റി മുന്നോട്ടെടുത്തവരുമായ നിരവിധി പേരെയാണ് ഈ എം വിഐ വിജയിപ്പിച്ചതെന്നും ഇതിന്റെ വീഡിയോ താൻ പകർത്തിയിട്ടുണ്ടെന്നും മുസ്തഫ പരാതിയിൽ പറയുന്നു. ഗ്രൗണ്ടിൽ വെക്കേണ്ട കാമറയും കൊണ്ട് വരാതെയാണ് അനധികൃതമായി ടെസ്റ്റ് പാസാക്കുന്നത്. ഗ്രൗണ്ട് ടെസ്റ്റിൽ തിരിമറി നടക്കുന്നത് ശ്രദ്ധയിൽപെട്ട ടെസ്റ്റിനെത്തിയ മുസ്തഫ വീഡിയോ പകർത്തിയതോടെയാണ് വേലി തന്നെ വിളതിന്നുന്നത് പുറം ലോകമറിഞ്ഞത്. ഇതേ എം വിഐ ടിപ്പർ ലോറിക്കാരിൽ നിന്ന് 5000 വെച്ച് പിരിവ് വേണമെന്ന് നിർബന്ധം പിടിക്കുന്ന വോയ്സ് പ്രചരിച്ചതോടെ ഏറെ കാലം സസ്പെൻഷനിലായിരുന്നു. നിലവിൽ ഇദ്ദേഹത്തിനെതിരെ വിജിലൻസ് കേസ് നടക്കുന്നുണ്ട്.
തിരൂരിലെത്തിയതോടെ വിജയിക്കുന്ന കുട്ടികൾക്കുള്ള തുക കൂട്ടി നൽകാൻ സമ്മർദ്ദം ചൊലുത്തിയെങ്കിലും മറ്റ് ഉദ്യോഗസ്ഥർ നിരുൽസാഹപ്പെടുത്തിയതോടെ പിൻവാങ്ങേണ്ടിവന്നതായും ആക്ഷേപമുണ്ട്. ഇതോടെയാണ് സ്പെഷൽ മൾട്ടിയെന്ന രീതിയിലേക്ക് ഇദ്ദേഹം തിരിഞ്ഞതെന്നുമാണ് പരാതി. ഇദ്ദേഹത്തിന് പ്രത്യേകമായി കൈമടക്ക് നൽകാത്ത സ്കൂളുകാരെ തിരഞ്ഞ് പിടിച്ച് തോൽപ്പിക്കുന്നതും പതിവാണെന്നും ആക്ഷേപമുണ്ട്.
എട്ടാം തിയ്യതി നടന്ന ടെസ്റ്റിൽ ഗ്രൗണ്ടിൽ എട്ട് പൂർത്തിയാക്കാതെ കാലുകുത്തിയ നിരവധി പേരെ ഇയാൾ പ്രത്യേക പിരിവിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിച്ചത് വിവാദമായിരുന്നു. വെള്ളിയാഴ്ച എച്ച് ടെസ്റ്റ് നടത്തികൊണ്ടിരുന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥനെ ഇയാൾ നിർബന്ധിച്ച് എട്ടിലേക്ക് മാറ്റിയിരുത്തിയാണ് എച്ച് ഇട്ട് പരാജപ്പെട്ടവരെ വിജയിപ്പിച്ചെടുത്തതെന്നുമാണ് പരാതി.
റോളിങ് നിലക്കാതെ എച്ച് ഇടണമെന്ന വ്യവസ്ഥയും ഇദ്ദേഹം ലംഘിച്ചതായി കണ്ടെത്തി. ഇത്തരത്തിൽ എച്ച് പൂർത്തിയാക്കാതെ വിജയിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ ചിലർ ഇത് മൊബൈൽ വീഡിയോയിൽ പകർത്തുകയായിരുന്നു. വിജിലൻസ് കേസുള്ളവരെ ടെസ്റ്റ് നടത്താനുള്ള ആർ.ടി.ഒ സബ് ആർ.ടി.ഒ ഓഫീസുകളിലേക്ക് പോസ്റ്റ് ചെയ്യാറില്ല. അപകടരഹിത കേരളമെന്ന ആശയത്തിൽ മോട്ടോർ വാഹന വകുപ്പ് വിവിധ
പരിപാടികളോടെ മുന്നേറുമ്പോൾ റോഡ് ചോരക്കളമാക്കാൻ അനർഹർക്ക് ലൈസൻസ് നൽകുന്ന ഇത്തരം ഇദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന ആവശ്യം ഉയരുകയാണ്. ഇവിടെ നടന്ന എല്ലാ ടെസ്റ്റുകളും പുറമെ നിന്നുള്ള ഏജൻസി പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകി
മറുനാടൻ മലയാളി ന്യൂസ് കോൺട്രിബ്യൂട്ടർ