- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിറ്റത് രണ്ടര ലക്ഷം രൂപക്ക്; അഞ്ച് മക്കളിൽ മൂന്ന് പേരെ പണം വാങ്ങി കൈമാറി; മഹാരാഷ്ട്രയിൽ ദമ്പതിമാർ അറസ്റ്റിൽ; കുട്ടിയെ കണ്ടെത്താൻ അന്വേഷണം
മുംബൈ: മഹാരാഷ്ട്രയിൽ സ്വന്തം കുട്ടികളെയടക്കം പണം വാങ്ങി കൈമാറിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. അഞ്ച് മക്കളിൽ മൂന്ന് പേരെ പണത്തിനായി ഇവർ വിറ്റതായാണ് കണ്ടെത്തിയത്. 2018 മാർച്ചിനും 2022 ജൂലായ്ക്കും ഇടയിൽ തങ്ങൾക്ക് ജനിച്ച അഞ്ച് കുട്ടികളിൽ മൂന്ന് പേരെയാണ് റീത്ത പ്രജാപതിയും ഭർത്താവ് യോഗേന്ദ്രയും പണം വാങ്ങി കൈമാറിയത്.
എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിയെടുത്ത് രണ്ടര ലക്ഷം രൂപയ്ക്ക് ഇന്ദോറയിലെ കുട്ടികളില്ലാത്ത ദമ്പതിമാർക്ക് വിറ്റ കേസിൽ മറ്റു നാല് പേർക്കൊപ്പമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്ന് മാസം പ്രായമുള്ള പെൺകുഞ്ഞിനെ 50,000 രൂപയ്ക്ക് നാഗ്പുരിലും രണ്ട് ആൺകുട്ടികളെ 25,000 രൂപയ്ക്ക് വീതം ഭണ്ഡാരയിലുമാണ് ഇവർ കൈമാറിയത്. ഇതിൽ ഒരു ആൺകുട്ടിയെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഭണ്ഡാരയിൽ താമസിച്ചിരുന്ന സമയത്താണ് ദമ്പതിമാർ ആൺകുട്ടികളെ വിറ്റത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 18 ഓളം ഇടങ്ങളിൽ ദമ്പതിമാർ കഴിഞ്ഞ രണ്ട് കൊല്ലത്തിനിടെ സഞ്ചരിച്ചതായി സിറ്റി പൊലീസ് മേധാവി അമിതേഷ് കുമാർ പറഞ്ഞു. ഈ ഭാഗങ്ങളിൽ ഏതെങ്കിലും കുട്ടികളെ കാണാതാവുകയോ കുട്ടികളുടെ വിൽപന നടന്നിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചുവരികയാണ്.
രണ്ടര ലക്ഷം രൂപയ്ക്ക് കുട്ടിയെ വിറ്റ കേസിലെ മുഖ്യപ്രതി ശ്വേത ഖാൻ കുഞ്ഞിനെ വാങ്ങിയ ദമ്പതിമാരിൽ നിന്ന് ഭീഷണിപ്പെടുത്തി 1.30 ലക്ഷം രൂപ കൂടി തട്ടിയെടുത്തതായി പൊലീസ് അറിയിച്ചു. ഇപ്പോൾ അറസ്റ്റിലായ റാക്കറ്റിന്റെ പേരിൽ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കേസിൽ വിൽപന നടത്തിയ കുട്ടിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
മറുനാടന് മലയാളി ബ്യൂറോ